ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 7 വിക്കറ്റിന് 180 റണ്‍സില്‍ നില്‍ക്കവെ മഴ വില്ലനായെത്തി. ഇതോടെ 15 ഓവറില്‍ 152 റണ്‍സ് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം പുനര്‍ നിശ്ചയിച്ചു. യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യക്കായി റിങ്കു സിങ് (68*) ടോപ് സ്‌കോററായി. 39 പന്ത് നേരിട്ട് 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് റിങ്കുവിന്റെ തകര്‍പ്പന്‍ പ്രകടനം.
ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടുകയെന്നത് നിസാര കാര്യമല്ല. അതും 170ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍. ഇന്നത്തെ പ്രകടനത്തോടെ ചില നേട്ടങ്ങള്‍ റിങ്കു സ്വന്തമാക്കിയിട്ടുണ്ട്. അതിലൊന്ന് സൂര്യകുമാര്‍ യാദവിന്റെയും ശ്രേയസ് അയ്യരുടേയും റെക്കോഡ് റിങ്കു മറികടന്നുവെന്നതാണ്. ടി20യില്‍ അഞ്ചാം നമ്പറില്‍ അതില്‍ താഴെയോ ബാറ്റു ചെയ്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ റിങ്കുവിന് സാധിച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരേ 67 റണ്‍സ് നേടിയ ശ്രേയസിനെ മറികടക്കാന്‍ റിങ്കുവിനായി. വെസ്റ്റ് ഇന്‍ഡീസിനെതിരേ സൂര്യകുമാര്‍ യാദവ് 65 റണ്‍സും നേടിയതിനേയും റിങ്കു മറികടന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ 79 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള യുവരാജ് സിങ് 77 റണ്‍സും മൂന്നാം സ്ഥാനത്തുള്ള ഹാര്‍ദിക് പാണ്ഡ്യ 71 റണ്‍സുമാണ് നേടിയത്. ടി20 ലോകകപ്പ് വരാനിരിക്കെ റിങ്കുവിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

ഫിനിഷര്‍ റോളില്‍ ഒതുക്കാതെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഒക്കെ കളിപ്പിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ റിങ്കുവിന് സാധിച്ചേക്കും. ദക്ഷിണാഫ്രിക്കയില്‍ ഒരു മത്സരം പോലും കളിച്ച് അനുഭവസമ്പത്തില്ലാത്ത റിങ്കു സിങ് ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് ഒന്നാം ടി20യില്‍ കാഴ്ചവെച്ചത്. ഇതേ പ്രകടനം ടി20 ലോകകപ്പിലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നത് കണ്ടറിയണം.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: മാത്യു ബ്രീറ്റ്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി ഫെലുക്ക്വായോ, ജെറാള്‍ഡോ കോയിറ്റ്‌സി, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി