IND vs SA: രജത് പാട്ടീധാര്‍ അടുത്ത സെവാഗ്! അതേ ഷോട്ട് സെലക്ഷന്‍- വീഡിയോ വൈറല്‍
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ റുതുരാജ് ഗെയ്ക് വാദിനെ പുറത്തിരുത്തിയപ്പോള്‍ തല്‍സ്ഥാനത്തേക്ക് രജത് പാട്ടീധാറിനെയാണ് പരിഗണിച്ചത്. അരങ്ങേറ്റ ഏകദിനത്തില്‍ 16 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 22 റണ്‍സാണ് രജത് നേടിയത്. ബുര്‍ഗറിനെ കടന്നാക്രമിക്കാനുള്ള പാട്ടീധാറിന്റെ ശ്രമം ക്ലീന്‍ബൗള്‍ഡായി അവസാനിക്കുകയായിരുന്നു.
വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും പാട്ടീധാറിന്റെ പ്രകടനം എല്ലാവരുടേയും ശ്രദ്ധ നേടി. സെവാഗിന്റെ ശൈലിയില്‍ ഷോട്ട് കളിച്ചാണ് രജത് ഞെട്ടിച്ചത്. ക്രീസില്‍ നിന്ന് കാല് ചലിപ്പിക്കാതെ ഓഫ് സൈഡിലേക്ക് ബുള്ളറ്റ് ബൗണ്ടറി പായിക്കാന്‍ രജത്തിനായി. ഇത് കാണുമ്പോള്‍ സെവാഗിനെ ഓര്‍മവരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ബൗളറുടെ വേഗത്തെ ഉപയോഗിച്ച് അധികം ഫുട് വര്‍ക്ക് ചെയ്യാതെ കളിക്കുന്നതായിരുന്നു സെവാഗിന്റെ രീതി.

ഇതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് രജത് ഷോട്ട് കളിച്ചിരിക്കുന്നത്. തന്റെ കൈയുടെ ബലത്തെയും ബൗളറുടെ വേഗത്തെയും നന്നായി ഉപയോഗിക്കുന്ന താരമാണ് രജത്. താരം നേടിയ സിക്‌സറിലൂടെ അദ്ദേഹത്തിന്റെ ടൈമിങ്ങും വ്യക്തം. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ സെഞ്ച്വറിയടക്കം നേടി തിളങ്ങിയിട്ടുള്ള താരമാണ് രജത്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം താരം നടത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യക്കായി രജത് അരങ്ങേറേണ്ടതായിരുന്നു.
എന്നാല്‍ പരിക്കേറ്റതോടെ ഏറെ നാള്‍ പുറത്തിരിക്കേണ്ടി വന്നു. മടങ്ങിവരവില്‍ രജത് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മക്ക് ശേഷം ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണര്‍ സ്ഥാനം അര്‍ഹിക്കുന്ന പ്രകടനമാണ് രജത് കാഴ്ചവെച്ചിരിക്കുന്നത്. ഭയമില്ലാതെ അതിവേഗം റണ്‍സുയര്‍ത്താന്‍ രജത്തിന് കഴിവുണ്ട്. സെവാഗിനെപ്പോലെ രജത് കളിച്ച ഷോട്ടിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഇന്ത്യക്കായി സായ് സുദര്‍ശനും കാര്യമായ പ്രകടനം നടത്തിയിട്ടില്ല. ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശന് മൂന്നാം മത്സരത്തില്‍ അതേ മികവ് ആവര്‍ത്തിക്കാനായില്ല. 16 പന്ത് നേരിട്ട് 1 ബൗണ്ടറിയുള്‍പ്പെടെ 10 റണ്‍സാണ് സുദര്‍ശന്‍ നേടിയത്. ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് സുദര്‍ശനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റങ്ങളോടെയാണ് നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിനിറങ്ങിയത്.
യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് മത്സരത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ടി20 ഫോര്‍മാറ്റില്‍ നിന്ന് നേരത്തെ തഴയപ്പെട്ട ചഹാലിനെ ഇപ്പോള്‍ ഏകദിനത്തിലും തഴയുന്നതോടെ അദദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇനി ചഹാലിനെ ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിക്കേണ്ടെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്.
ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര സമനിലയാക്കിയിരുന്നു. ഏകദിന പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. കെ എല്‍ രാഹുലിന് കീഴില്‍ ഇന്ത്യ പരമ്പര നേടിയാല്‍ അത് ചരിത്രമാകുമെന്നുറപ്പാണ്.
പ്ലേയിങ് 11: ഇന്ത്യ- സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, രജത് പാട്ടീധാര്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (c), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
ദക്ഷിണാഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നന്ദ്രേ ബുര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications