സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു ടി20കളുടെ പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനു കീഴിലാണ് ഇന്ത്യ അങ്കത്തിനിറങ്ങുക. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കുന്നതിനാല്‍ ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമായവരെയൊന്നും സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ എട്ടിനാണ് ടി20 പരമ്പരയിലെ ആദ്യത്തെ പോരാട്ടം.
ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലെ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും സൗത്താഫ്രിക്കയിലും ടീമിന്‍റെ ഭാഗമാണ്. പരിക്കു കാരണം ശിവം ദുബെ, റിയാന്‍ പരാഗ്, മായങ്ക് യാദവ് എന്നിവരെ പരിഗണിച്ചില്ല. ഇന്ത്യന്‍ എ ടീമിലുള്‍പ്പെട്ട ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും സൗത്താഫ്രിക്കയില്‍ കളിക്കില്ല.
രമണ്‍ദീപ് സിങ്, വൈശാഖ് വിജയ് കുമാര്‍, യഷ് ദയാല്‍ എന്നിവരാണ് പുതുതായി ടീമിലേക്കു വന്ന കളിക്കാര്‍. എന്നാല്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാന്‍മാരായ ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

രജത് പാട്ടിധാര്‍
യുവ മധ്യനിര ബാറ്റര്‍ രജത് പാട്ടിധാറാണ് ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ ഒരു താരം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി തകര്‍പ്പന്‍ പ്രകടനാണ് അദ്ദേഹം നടത്തിയത്. തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ നിറം മങ്ങിയെങ്കിലും പിന്നീട് അഗ്രസീവ് ഇന്നിങ്‌സുകളിലുടെ പാട്ടിധാര്‍ കൈയടി നേടി. ടീമിനെ പ്ലേഓഫില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.
സ്പിന്നര്‍മാര്‍ക്കെതിരേ പാട്ടിധാര്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. പ്രത്യേകിച്ചും ലെഗ് സ്പിന്നര്‍മാരാണ് താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതു ഓവറുകളാണ് ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം നേരിട്ടത്. ഇവയില്‍ നിന്നും 120 റണ്‍സും വാരിക്കൂട്ടി.
സൗത്താഫ്രിക്കന്‍ പര്യടനത്തിനായി തിലക് വര്‍മ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാട്ടിധാര്‍ തഴയപ്പെടുകയായിരുന്നു. നേരത്തേ സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. സമീപകാലത്തു ടി20 ഫോര്‍മാറ്റിലെ പ്രകടനം പരിഗണിക്കുമ്പോള്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ പാട്ടിധാര്‍ സ്ഥാനവും അര്‍ഹിച്ചിരുന്നു.
റാസിഖ് സലാം
യുവ ഫാസ്റ്റ് ബൗളര്‍ റാസിഖ് സലാമാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ രണ്ടാമത്തെ താരം. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് വിഭാഗം വളരെ ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നത്. ആവേശ് ഖാന്‍, യഷ് ദയാല്‍ എന്നിവരെല്ലാം സൗത്താഫ്രിക്കയില്‍ ടീമിന്റെ ഭാഗമാണ്. പക്ഷെ ഇവര്‍ക്കൊപ്പം റാസിഖിനെയും ഇന്ത്യക്കു പരിഗണിക്കാമായിരുന്നു. ഐപിഎല്ലിലുള്‍പ്പെടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ടി20യില്‍ മിന്നുന്ന ഫോമിലാണ് താരം.

സമാപിച്ച എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി റാസിഖ് തിളങ്ങിയിരുന്നു. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിലെ ബൗളിങ് എടുത്തു പറയേണ്ടതാണ്. യോര്‍ക്കറുകളും സ്ലോ ബോളുകളുമെറിയാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഐപിഎല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി റാസിഖ് കസറിയിരുന്നു. ഭാവിയില്‍ ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന മികച്ച ഫാസ്റ്റ് ബൗളറാണ് അദ്ദേഹം.
പ്രഭ്‌സിമ്രന്‍ സിങ്
യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പ്രഭ്‌സിമ്രന്‍ സിങാണ് ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിക്കപ്പെട്ട മൂന്നാമത്തെ താരം. വളരെ അപകടകാരിയായ ബാറ്ററും മികച്ച വിക്കറ്റ് കീപ്പറുമാണ് അദ്ദേഹം. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കു നിലവില്‍ വിക്കറ്റ് കീപ്പിങില്‍ ഓപ്ഷനുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ജിതേഷ് ശര്‍മയ്ക്കു പകരം പ്രഭ്‌സിമ്രനെ ഇന്ത്യക്കു പരിഗണിക്കാമായിരുന്നു.
ജിതേഷ് സമീപകാലത്തു അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും താരം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. അതിനാല്‍ പ്രഭ്‌സിമ്രനു ഇന്ത്യക്കു അവസരം നല്‍കാമായിരുന്നു.