സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമില്ലാത്ത പരമ്പരയില്‍ ടീമിനെനയിക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. ഒരിടവേളയ്ക്കു ശേഷം ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു രാഹുല്‍ തിരിച്ചെത്തുന്നത്.
അദ്ദേഹത്തെ നായകനായി തിരഞ്ഞെടുത്തെങ്കിലും വൈസ് ക്യാപ്റ്റനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ടീമിന്റെ നായകന്‍ മാത്രമല്ല, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെയാണ്. റിഷഭ് പന്താണ് രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചത്.

റുതു റിട്ടേണ്‍സ്, സഞ്ജുവില്ല
ഇന്ത്യന്‍ ഏകദിന ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്്വാദിനെ തിരികെ വിളിച്ചുവെന്നതാണ്, ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എയിലും റണ്‍മഴ പെയ്യിച്ച് മുന്നേറുകയാണ് അദ്ദേഹം.
ഏറ്റവും അവസാനമായി സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള ഏകദിന പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു റുതുരാജ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 200 റണ്‍സും അദ്ദേഹം വാരിക്കൂട്ടി.
ദേശീയ ടീമില്‍ റുതുരാജിന്റെ സമയം തെളിഞ്ഞപ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഏകദിനത്തില്‍ ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെട്ടു. നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവമുണ്ടായിട്ടും അദ്ദേഹത്തെ പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല.
ഏകദിനത്തില്‍ 55നു മുകളില്‍ ശരാശരിയും അവസാനം കളിച്ച മല്‍സരത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറിയും നേടിയ താരാണ് അദ്ദേഹം. പക്ഷെ സെലക്ടര്‍മാര്‍ സഞ്ജുവിനെ ഈ ഫോര്മാറ്റില്‍ തീര്‍ത്തും അവഗണിക്കുകയാണ്. യുവതാരം ധ്രുവ് ജുറേലിനെ പോലും സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഉള്‍പ്പെടുത്തിയിട്ടും മലയാളി താരത്തെ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല.

സഞ്ജുവിനെ കൂടാതെ ഇടംകൈന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ഏകദിന സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചില്ല. രണ്ടു പേരും അവസാനമായി ഓസ്‌ട്രേലിയക്കെതിരേയുള്ള പരമ്പരയില്‍ ടീമിലുണ്ടായിരുന്നു. ഓസീസ് പര്യടനത്തില്‍ തഴയപ്പെട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ തിരികെ വിളിക്കുകയും ചെയ്തിരുക്കുകയാണ്.
അതേസമയം, ടി20 സ്‌പെഷ്യലിസ്റ്റായ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയെ സൗത്താഫ്രിക്കയ്‌ക്കെതിരേ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ സീം ബൗൡങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയ്ക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കി.
ഈ മാസം 30നു പകലും രാത്രിയുമായി റാഞ്ചിയിലാണ് ആദ്യ ഏകദിനം. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുക. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ അടുത്ത മാസം മൂന്നിനു റായ്പൂരിലും ആറിനുു വിശാഖപട്ടണത്തും നടക്കും. എല്ല മല്‍സരവും പകലും രാത്രിയുമായിട്ടാണ്.
ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍.), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍,