സെഞ്ചൂറിയന്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പോരാട്ടം ആവേശകരമായ അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. നാലു ടി20കളുടെ പരമ്പരയിലെ രണ്ടാമങ്കം നാളെ (ബുധന്‍) സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മല്‍സരം തുടങ്ങുക. പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്.
ആദ്യ ടി20യില്‍ ഇന്ത്യ 61 റണ്‍സിന്റെ ഗംഭീര ജയം നേടിയപ്പോള്‍ രണ്ടാമങ്കത്തില്‍ മൂന്നു വിക്കറ്റ് ജയത്തോടെ സൗത്താഫ്രിക്ക തിരിച്ചടിക്കുകയും ചെയ്തു. കഴിഞ്ഞ കളിയിലേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും സൂര്യകുമാര്‍ യാദവും സംഘവും മൂന്നാം ടി20ക്കിറങ്ങുക. സെഞ്ചൂറിയനിലെ സൂപ്പര്‍ ്‌സ്‌പോര്‍ട്ട് പാര്‍ക്കിലെ പിച്ചിനെക്കുറിച്ചും ഇവിടെയുള്ള ടി20 റെക്കോര്‍ഡിനെക്കുറിച്ചും നമുക്കു പരിശോധിക്കാം.

പിച്ച് എങ്ങനെ?
സൗത്താഫ്രിക്കയിലെ മറ്റിടങ്ങളിലുള്ള പിച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വ്യത്യസ്തമായ പിച്ചാണ് സെഞ്ചൂറിയനിലേതെന്നു കാണാം. സാധാരണയായി അല്‍പ്പം ബൗണ്‍സുള്ള, സാധാരണ ട്രാക്കുകളെ അപേക്ഷിച്ച് ബോള്‍ കുറേക്കൂടി വേഗത്തില്‍ ബാറ്റിലേക്കു വരുന്ന പിച്ചാണ് സെഞ്ചൂറിയനില്‍ കാണപ്പെടാറുള്ളത്. പിച്ചിന്റെ ഈ സ്വഭാവത്തില്‍ ഇത്തവണയും മാറ്റങ്ങളൊന്നും വരാന്‍ സാധ്യതയില്ല.
ബാറ്റര്‍മാരെ ഭയപ്പെടുത്തുന്ന വേഗതയും ബൗണ്‍സും കാരണം സെഞ്ചൂറിയനിലെ പിച്ച് നേരത്തേ തന്നെ ഏറെ പ്രശസ്തമാണ്. ഇതു പേസര്‍മാരെ ഇവിടെ കൂടുതല്‍ അപകടകാരിയുമാക്കി തീര്‍ക്കുന്നു. ഇവിടെ നടക്കുന്ന മല്‍സരങ്ങളില്‍ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്ത ശേഷം എതിരാളിയെ കുറഞ്ഞ ടോട്ടലില്‍ ഒതുക്കിയ ശേഷം ചേസ് നടത്താനായിരിക്കും ആഗ്രഹിക്കുക.
ഇന്ത്യന്‍ ബാറ്റിങ് കുഴപ്പത്തിലാവുമോ?
രണ്ടാം ടി20യില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണക്കാര്‍ ബാറ്റിങ് നിരയായിരുന്നു. ടോപ്പ് ത്രീയിലെ മൂന്നു പേരും രണ്ടക്കം കടക്കാതിരുന്നപ്പോള്‍ ടീം ടോട്ടല്‍ 124 വരെയെത്തിച്ചത് ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്നായിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ടി20ിയില്‍ സെഞ്ചൂറിയനിലെ അതിവേഗ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പതറുമോയെന്ന ആശങ്ക തീര്‍ച്ചയായും ആരാധകര്‍ക്കുണ്ടാവും.
എന്നാല്‍ ഇവിടെ ഇന്ത്യ ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തന്നെയാണ് സാധ്യത. കാരണം ഓപ്പണര്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമെല്ലാം പേസും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ കളിക്കാന്‍ മിടുക്കരാണ്. ഇത്തരം വിക്കറ്റുകളില്‍ തിളങ്ങാനുള്ള ബാറ്റിങ് ടെക്‌നിക്ക് രണ്ടു പേര്‍ക്കുമുണ്ട്.
ആദ്യ കളിയിലെ തകര്‍പ്പന്‍ സെഞ്ച്വറിക്കു ശേഷം രണ്ടാമങ്കത്തില്‍ സഞ്ജു ഡെക്കായിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ തകര്‍പ്പനൊരു ഇന്നിങ്‌സുമായി അദ്ദേഹം ശക്തമായ തിരിച്ചുവരവ് തന്നെ നടത്തിയേക്കും. എന്നാല്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായ യുവതാരം അഭിഷേക് ശര്‍മ ഈ കളിയിലും ഫ്‌ളോപ്പാവാന്‍ തന്നെയാണ് സാധ്യത.

കഴിഞ്ഞ രണ്ടു മല്‍സരത്തിലും നിരാശപ്പെടുത്തിയ താരം ഈ കളിയിലും രണ്ടക്കം കടക്കുന്ന കാര്യം സംശയമാണ്. കാരണം സെഞ്ചൂറിയനിലേതു പോലെയുള്ള പേസും ബൗണ്‍സുമുള്ള ട്രാക്കുകളില്‍ കളിക്കാന്‍ മിടുക്കനല്ല അഭിഷേക്. ഷോര്‍ട്ട് ബോളുകളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച് താരം പുറത്താവുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. അടുത്ത കളിയിലും ഇതു തന്നെ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വിജയസാധ്യത എത്ര?
മൂന്നാം ടി20യില്‍ ഇന്ത്യയെ സംബന്ധിച്ച് മികച്ച വിജയസാധ്യത തന്നെയാണുള്ളത്. കാരണം ഈ ഗ്രൗണ്ടില്‍ സൗത്താഫ്രിക്കയുടെ ടി20 റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇവിടെ ഇതിനകം കളിച്ച 14 ടി20 മല്‍സരങ്ങളില്‍ ആറെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്. ശേഷിച്ച എട്ടിലും തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.
അതിനാല്‍ തന്നെ ഇതു മുതലാക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. ടോസ് ലഭിക്കുകയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുന്നതായിരിക്കും ഇന്ത്യക്കു നല്ലത്. കാരണം സൗത്താഫ്രിക്കയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷം 12 ടി20കൡ ജയിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. എന്നാല്‍ റണ്‍ചേസില്‍ മൂന്നു തവണ മാത്രമേ അവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുള്ളൂ.