പോര്‍ട്ട് എലിസബത്ത്: ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ മൂന്നാം സെഞ്ച്വറി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. രണ്ടാം ടി20യില്‍ അക്കൗണ്ട് തുറക്കും മുമ്പാണ് സഞ്ജു കൂടാരം കയറിയത്. മൂന്ന് പന്ത് നേരിട്ട സഞ്ജുവിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതിന് മുമ്പ് അമിത ആവേശം കാട്ടിയ സഞ്ജു ഡെക്കിന് മടങ്ങുകയായിരുന്നു. മറ്റാര്‍ക്കുമില്ലാത്ത വമ്പന്‍ റെക്കോഡ് നേടാനുള്ള അവസരമാണ് സഞ്ജു പാഴാക്കിയത്.
ടി20യില്‍ ഹാട്രിക്ക് സെഞ്ച്വറി നേടിയ മറ്റൊരു താരവുമില്ല. മിന്നല്‍ ഫോമിലായിരുന്ന സഞ്ജു ഇന്നും സെഞ്ച്വറി നേടി ചരിത്ര നേട്ടം സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും നിരാശപ്പെടുത്തുന്ന ഷോട്ട് കളിച്ചാണ് പുറത്തായത്. സഞ്ജുവിന്റെ ദൗര്‍ബല്യം വിളിച്ചോതുന്ന പുറത്താകലായിരുന്നു ഇതെന്ന് പറയാം. വിമര്‍ശിക്കാന്‍ കാത്ത് നിന്നവര്‍ക്ക് സഞ്ജു അവസരമൊരുക്കിയിരിക്കുകയാണ്. ക്ഷമ കാട്ടാന്‍ സഞ്ജു തയ്യാറാവാത്തതാണ് തിരിച്ചടിയായത്.
അമിത ആത്മവിശ്വാസം തിരിച്ചടി
സഞ്ജു സാംസണിന്റെ ഇന്നത്തെ മോശം പ്രകടനത്തിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് പറയാം. കഴിഞ്ഞ രണ്ട് മത്സരത്തിലും മികച്ച ടൈമിങ് ലഭിച്ച സഞ്ജുവിന് മനോഹരമായ ഷോട്ടുകളും കളിക്കാന്‍ സാധിച്ചിരുന്നു. സഞ്ജുവിന്റെ സാഹസിക ഷോട്ടുകളെല്ലാം കണക്ടായ സാഹചര്യത്തില്‍ സഞ്ജു വലിയ ആത്മവിശ്വാസത്തിലായിരുന്നു. അതുകൊണ്ടാണ് മാര്‍ക്കോ യാന്‍സന്റെ പന്തിനെ കവര്‍ ചെയ്ത് കളിക്കാന്‍ സഞ്ജു തയ്യാറായത്.
സഞ്ജുവിന്റെ നീക്കം കൃത്യമായി മനസിലാക്കി കൃത്യമായി പന്തെറിഞ്ഞ യാന്‍സന്‍ വിക്കറ്റ് കീപ്പര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. അതിവേഗം റണ്‍സുയര്‍ത്തുകയെന്ന ഉത്തരവാദിത്തമായിരുന്നു സഞ്ജുവിനുള്ളത്. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതിനെ തെറ്റ് പറയാന്‍ സാധിക്കില്ല. എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു പുറത്തായത് മോശം ഷോട്ടിന് ശ്രമിച്ചാണെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.
വിവാദം സഞ്ജുവിനെ തളര്‍ത്തിയോ?
രണ്ടാം ടി20ക്ക് പിന്നാലെ സഞ്ജു സാംസണിന്റെ പിതാവ് നടത്തിയ ചില പ്രതികരണങ്ങള്‍ വിവാദമായിരുന്നു. ഇത് സഞ്ജുവിനെ മാനസികമായി തളര്‍ത്തിയോയെന്നതാണ് ആരാധകരുടെ ചോദ്യം. സഞ്ജു രണ്ട് സെഞ്ച്വറികള്‍ തുടര്‍ച്ചയായി നേടിയെങ്കിലും ഇപ്പോഴും ടീമിന്റെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സ്ഥിരതക്കും സഞ്ജു പ്രാധാന്യം നല്‍കേണ്ടതായുണ്ട്. എന്നാല്‍ അതിന് അദ്ദേഹത്തിന് സാധിക്കാതെ പോയി.

വരുന്ന മത്സരങ്ങള്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും. നിലവില്‍ സഞ്ജുവിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇത് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി അദ്ദേഹത്തിന് നേരിടേണ്ടതായി വന്നേക്കും. ഓപ്പണര്‍ റോളില്‍ മിന്നി നില്‍ക്കുന്ന സഞ്ജു വരുന്ന മത്സരങ്ങളില്‍ ഫോം വീണ്ടെടുത്ത് ശക്തമായി തിരിച്ചുവരവ് നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
പിച്ചിനെ മനസിലാക്കി ക്ഷമയോടെ സഞ്ജു കളിക്കാത്തത് തിരിച്ചടിയായെന്ന് തന്നെ പറയാം. എന്തായാലും സഞ്ജുവിന്റെ ഡെക്ക് എതിരാളികള്‍ക്ക് ട്രോളാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്. ശക്തമായി മടങ്ങിയെത്താന്‍ വിക്കറ്റ് കീപ്പര്‍ക്ക് സാധിക്കുമെന്ന് തന്നെ കരുതാം.
പ്ലേയിങ് 11
ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി
ദക്ഷിണാഫ്രിക്ക- റിയാന്‍ റിക്കല്‍ട്ടന്‍, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡിലി സിമിലാനി, ജെറാള്‍ഡ് കോയിറ്റ്‌സെ, കേശവ് മഹാരാജ്, എന്‍ക്വാബ പീറ്റര്‍