കേപ്ടൗണ്‍: ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ സംബന്ധിച്ച് സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര ഒട്ടും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. നാലു ഇന്നിങ്‌സുകളിലും ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിക്കാതെ പോയ അദ്ദേഹം പതിവു വീക്ക്‌നെസായ ഷോര്‍ട്ട് ബോളിനെതിരേ പതറുന്ന പതിവും തെറ്റിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ഒരൊറ്റ ഷോട്ട് കൊണ്ട് ശ്രേയസ് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇതു എങ്ങനെയെന്നു പരിശോധിക്കാം.
വെറും രണ്ടു ദിവസം കൊണ്ടു അവസാനിച്ച രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത് ശ്രേയസായിരുന്നു. 79 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 12ാം ഓവറിലെ അവസാന ബോളിലായിരുന്നു വിജയറണ്‍സ് നേടിയത്. ഇതേ ഓവറിലാണ് ശ്രേയസ് അഞ്ചാമനായി ക്രീസിലെത്തിയത്. 12 റണ്‍സെടുത്ത വിരാട് കോലിയുടെ പുറത്താവലിനെ തുടര്‍ന്നായിരുന്നു ഇത്.

ഇന്ത്യക്കു ജയിക്കാന്‍ നാലു റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് മാര്‍ക്കോ യാന്‍സണ്‍ എറിഞ്ഞ 12ാം ഓവറിലെ ആദ്യത്തെ ബോളില്‍ കോലി ക്രീസ് വിട്ടത്. ലെഗ്‌സൈഡിലേക്കു പോയ ഷോര്‍ട്ട് ബോളിനെതിരേ അദ്ദേഹം പുള്‍ ഷോട്ടിനു ശ്രമിച്ചു. പക്ഷെ ഗ്ലൗസില്‍ ഉരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറയ്ന്‍ പിടികൂടുകയായിരുന്നു. അംപയര്‍ ഔട്ട് നല്‍കിയില്ലെങ്കിലും റിവ്യു എടുത്ത സൗത്താഫ്രിക്ക തീരുമാനം തങ്ങള്‍ക്കു അനുകൂലമാക്കുകയായിരുന്നു.
തുടര്‍ന്നാണ് ശ്രേയസിന്റെ വരവ്. ആദ്യത്തെ മൂന്നു ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അഞ്ചാമത്തേത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. അതു ഒഴിവാക്കാന്‍ ശ്രേയസിനായില്ല. ഗ്ലൗസില്‍ ഉരസി ബോള്‍ വായുവില്‍ ഉയര്‍ന്നിയെങ്കിലും ഫീല്‍ഡര്‍ അവിടെയില്ലാത്തതിനാല്‍ രക്ഷപ്പെട്ടു.
അടുത്തത് നോ ബോളായിരുന്നു. അവസാനത്തേത് ഫുള്ളര്‍ ലെങ്ത് ബോളായിരുന്നു. ശ്രേയസ് അതു മിഡ് ഓണിനു മുകളിലൂടെ പറപ്പിച്ചു. നേരിയ വ്യത്യാസത്തില്‍ സിക്‌സര്‍ മിസ്സായെങ്കിലും അതു ഫോറാവുകയും ഇന്ത്യ ടെസ്റ്റ് ജയിക്കുകയും ചെയ്തു. ആറു ബോളില്‍ പുറത്താവാതെ നാലു റണ്‍സാണ് താരം നേടിയത്.
ഇതാണ് ശ്രേയസിനെ അപൂര്‍വ്വനേട്ടത്തിനു ഉടമയാക്കിയത്. കേപ്ടൗണില്‍ ഒരു ഏഷ്യന്‍ ടീമിന്റെ വിജയ റണ്‍സ് നേടിയ ആദ്യ താരമായാണ് ശ്രേയസ് മാറിയത്. ഇവിടെ നേരത്തേ ഏഷ്യയില്‍ നിന്നുള്ള മറ്റൊരു ടീമും ടെസ്റ്റില്‍ ജയിച്ചിരുന്നില്ല. ഈ ചരിത്രമാണ് രോഹിത്തും സംഘവം ഇത്തവണ തിരുത്തിയത്. പരമ്പരയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടും കേപ്ടൗണില്‍ ടീമിന്റെ വിജയ റണ്‍സ് നേടിയതു കൊണ്ടു മാത്രം ശ്രേയസ് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

ഈ പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സിക്‌സിന്റെ ബാറ്റിങ് പ്രകടനമെടുത്താല്‍ ഏറ്റവും കുറച്ചു റണ്ണെടുത്തത് ശ്രേയസാണ്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 13.66 എന്ന ദയനീയ ശരാശരിയില്‍ വെറും 41 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 31 റണ്‍സാണ്. ഒരു കളിയില്‍ ഡെക്കാവുകയും ചെയ്തു. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നങ്‌സിലാണ് ശ്രേയസിന്റെ മികച്ച പ്രകടനം കണ്ടത്. 50 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം അദ്ദേഹം 31 റണ്‍സെടുക്കുകയായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ശ്രേയസിനു പക്ഷെ ആറു റണ്‍സ് മാത്രമേ നേടാനായുള്ളൂ. രണ്ടിന്നിങ്‌സുകളിലും താരം ബൗള്‍ഡാവുകയായിരുന്നു. കാഗിസോ റബാഡ, മാര്‍ക്കോ യാന്‍സണ്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ശ്രേയസ് ബാറ്റിങില്‍ ഫ്‌ളോപ്പായി. ഇത്തവണ അദ്ദേഹം ഡെക്കാവുകയായിരുന്നു. രണ്ടു ബോളുകള്‍ നേരിട്ട ശ്രേയസിനെ നാന്ദ്രെ ബര്‍ഗറുടെ ബൗളില്‍ കെയ്ല്‍ വെറയ്ന്‍ പിടികൂടുകയായിരുന്നു.