മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്നത്. വിരാട് കോലിക്ക് ശേഷം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടിക്കൊടുക്കുന്ന നായകനായി മാറാന്‍ കെ എല്‍ രാഹുലിനായി. മൂന്നാം ഏകദിനത്തില്‍ 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യ യുവതാരനിരയുമായി ഇറങ്ങിയാണ് ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടിയതെന്ന് പറയാം. ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി കാര്യങ്ങള്‍ പരമ്പരയില്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ്. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.
എല്ലാവരും സഞ്ജുവിന്റെ സെഞ്ച്വറിയെ വാഴ്ത്തുമ്പോഴും ഏറ്റവും സന്തോഷം നല്‍കുന്നത് സഞ്ജുവിന്റെ സെഞ്ച്വറിയല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 'സഞ്ജുവിന്റെ സെഞ്ച്വറിയെക്കാള്‍ ഇന്ത്യക്ക് ഏറ്റവും പ്രധാനപ്പെട്ടത് അര്‍ഷ്ദീപ് സിങ്ങിന്റെ തിരിച്ചുവരവാണ്. ഈ പരമ്പരയില്‍ത്തന്നെ നേരത്തെ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു.
മൂന്നാം ഏകദിനത്തില്‍ നിലയുറപ്പിച്ച ബാറ്റ്‌സ്മാന്‍മാരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. ടോണി ഡി സോര്‍സിയെ പുറത്താക്കിയ സ്വിങ് ബോള്‍ വളരെ മനോഹരമായിരുന്നു. ബാറ്റ്‌സ്മാന് കളിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ബൗളിങ്ങാണ് അവന്‍ കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തിയാലും ടീമിന്റെ ഭാഗമായി അര്‍ഷ്ദീപ് വേണം'- ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ സഞ്ജയ് പറഞ്ഞു. അര്‍ഷ്ദീപാണ് പരമ്പരയിലെ താരമായത്.

10 വിക്കറ്റും 25 റണ്‍സുമാണ് മൂന്ന് മത്സരത്തില്‍ നിന്ന് അര്‍ഷ്ദീപ് നേടിയത്. അതിവേഗത്തില്‍ പന്തെറിയുന്ന താരമല്ലെങ്കിലും മികച്ച ലൈനും ലെങ്തും അര്‍ഷ്ദീപിനുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള അര്‍ഷ്ദീപാണ് നിലവിലെ ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസര്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറായതിനാല്‍ ടി20യില്‍ അദ്ദേഹത്തെ വിശ്വസ്തനെന്ന് പറയാനാവില്ല. എന്നാല്‍ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്.
യോര്‍ക്കറുകളിലൂടെ ഡെത്തോവറില്‍ മികവ് കാട്ടാനും അര്‍ഷ്ദീപിന് സാധിക്കും. എന്നാല്‍ ഇന്ത്യക്ക് ആറാം ബൗളറുടെ കുറവുള്ളതിനെക്കുറിച്ചും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. 'നെറ്റ് സെക്ഷനില്‍ തിലക് വര്‍മയും സായ് സുദര്‍ശനും പന്തെറിയുന്നത് കാണാനായി. ഇന്ത്യ ആറാം ബൗളറെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിക്കുന്നുണ്ട്. ഇന്ത്യ തിലകിനും സുദര്‍ശനുമെല്ലാം ബൗളിങ് നല്‍കണം. ഏകദിന ലോകകപ്പ് ഫൈനലില്‍ ആറാം ബൗളറില്ലാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചത് കണ്ടതാണ്.
ഇന്ത്യ എത്രയും വേഗം ഇതിന് പരിഹാരം കാണണം. മികച്ചൊരു താരത്തെ കണ്ടെത്തുന്നതുവരെ നിലവിലെ താരങ്ങളെ ഉപയോഗിക്കാവുന്നതാണ്' സഞ്ജയ് കൂട്ടിച്ചേര്‍ത്തു. നിലവിലെ ഇന്ത്യന്‍ ടീമില്‍ പന്തെറിയാന്‍ സാധിക്കുന്ന ചില യുവ ബാറ്റ്‌സ്മാന്‍മാരുണ്ടെന്നത് വലിയ ആശ്വാസം നല്‍കുന്നു. തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവരെല്ലാം സ്പിന്നെറിയുന്നവരാണ്. എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.
നേരത്തെ ഇന്ത്യന്‍ ടീമില്‍ പന്തെറിയാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ നിരവധിയായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാരും പന്തെറിയുന്നവരാണെങ്കിലും അവര്‍ അതിന് തയ്യാറാവുന്നില്ല. വരുന്ന യുവതലമുറയുടെ ബൗളിങ് വളര്‍ത്തിക്കൊണ്ടുവന്നാല്‍ ഭാവിയില്‍ ഇന്ത്യക്കത് വലിയ ഗുണം ചെയ്യും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കും. ആറാം ബൗളറുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്.