IND vs SA: സഞ്ജുവിന്റെയല്ല, അവന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാവും! ചൂണ്ടിക്കാട്ടി ഗംഭീര്‍
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ സഞ്ജു സാംസണിന്റെ സെഞ്ച്വറി പ്രകടനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ടീം മാനേജ്‌മെന്റ് സഞ്ജുവിനെ ഒതുക്കുകയാണെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിലെ ദുഷ്‌കരമായ പിച്ചില്‍ സഞ്ജു സെഞ്ച്വറി നേടിയിരിക്കുന്നത്. സഞ്ജുവിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുന്ന പ്രകടനമായാണ് കൂടുതല്‍ പേരും ഈ പ്രകടനത്തെ വിശേഷിപ്പിക്കുന്നത്.
എന്നാല്‍ ഒരു സെഞ്ച്വറികൊണ്ട് സഞ്ജുവിന് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സീറ്റ് നേടുക പ്രയാസമാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ സെഞ്ച്വറി കൂടുതല്‍ അവസരങ്ങള്‍ താരത്തിന് നേടിക്കൊടുക്കുന്നതാണ്. എന്നാല്‍ ഏകദിന പരമ്പരയിലൂടെ ഏറ്റവും ഗുണം നേടിയത് സഞ്ജുവല്ലെന്നാണ് ഗംഭീര്‍ പറയുന്നത്.
'സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം അന്താരാഷ്ട്ര കരിയറില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണ്. പല തവണ തഴയപ്പെടുകയും ഒഴിവാക്കപ്പെടുകയും നിര്‍ഭാഗ്യം വേട്ടയാടുകയും ചെയ്യപ്പെട്ട താരമാണ് സഞ്ജു. എന്നാല്‍ ഈ സെഞ്ച്വറി പ്രകടനത്തോടെ സെലക്ടര്‍മാരുടേയും ടീം മാനേജ്‌മെന്റിന്റേയും ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിന് സാധിക്കും. അനുഭവസമ്പന്നനായ താരമാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നിരവധി മത്സരങ്ങള്‍ അവന്‍ കളിച്ചിട്ടുണ്ട്.
കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണവന്‍. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ച് ശീലമുണ്ട്. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം സ്വാഭാവിക ശൈലിയിലേക്ക് അവനെത്തി. സഞ്ജു എത്രത്തോളം പ്രഹര ശേഷിയുള്ള ബാറ്റ്‌സ്മാനാണെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്'- ഗംഭീര്‍ പറഞ്ഞു. എന്നാല്‍ ഈ ഒരു സെഞ്ച്വറി പ്രകടനം സഞ്ജുവിന്റെ കരിയര്‍ മാറ്റിമറിക്കുമെന്ന് ചിന്തിക്കാനാവില്ല. ടി20 ലോകകപ്പാണ് അടുത്ത വര്‍ഷം വരാന്‍ പോകുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യ ടി20കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാവും മുന്നോട്ട് പോവുക. സഞ്ജുവിന് ടി20 ടീമില്‍ ഇടം ലഭിക്കുക പ്രയാസമാണ്. ഇന്ത്യക്കായി ടി20 കളിച്ചപ്പോഴൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡും സഞ്ജുവിനുണ്ട്. സ്ഥിരതയില്ലാത്തവനെന്ന വിശേഷണവും നിലവില്‍ സഞ്ജുവിനുണ്ട്. അതുകൊണ്ടുതന്നെ ടി20 ടീമിലേക്ക് തിരിച്ചുവരവ് സഞ്ജുവിന് പ്രയാസമാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെക്കാള്‍ കൂടുതല്‍ മികവ് കാട്ടിയത് അര്‍ഷ്ദീപ് സിങ്ങാണെന്നും ഗംഭീര്‍ പറഞ്ഞു. 'ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബൗളര്‍മാരെ ആവശ്യമാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്ക് പ്രത്യേക കരുത്തുണ്ട്. അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം ഇന്ത്യക്കും അവനും ആത്മവിശ്വാസം നല്‍കുന്നു.വിക്കറ്റിന് ആക്രമിക്കുകയും നന്നായി യോര്‍ക്കര്‍ എറിയുകയും ചെയ്യുന്ന താരമാണ് അര്‍ഷ്ദീപ്.
അവന്റെ പ്രകടനം വലിയ പ്രതീക്ഷകള്‍ നല്‍കുന്നു'-ഗംഭീര്‍ പറഞ്ഞു. 10 വിക്കറ്റുകളുമായി പരമ്പരയിലെ താരമായത് അര്‍ഷ്ദീപ് സിങ്ങാണ്. ടി20യില്‍ താരം തല്ലുകൊള്ളി ബൗളറാണ്. എന്നാല്‍ ഏകദിനത്തില്‍ ഗംഭീര പ്രകടനം നടത്താന്‍ അര്‍ഷ്ദീപ് സിങ്ങിന് കരുത്തുണ്ട്. ഇന്ത്യ അടുത്ത ഏകദിന ലോകകപ്പിലേക്കായി വളര്‍ത്തിക്കൊണ്ടുവരേണ്ട ബൗളറാണ് അര്‍ഷ്ദീപ് സിങ്ങെന്ന് പറയാം. മികച്ച ലൈനും ലെങ്തും താരത്തിന് അവകാശപ്പെടാം.
അടുത്ത ഏകദിന ലോകകപ്പാണ് സഞ്ജുവിന്റെയും ലക്ഷ്യം. അതിന് മുമ്പ് ചാമ്പ്യന്‍സ് ട്രോഫിയും നടക്കാനുണ്ട്. എന്നാല്‍ ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെയെല്ലാം മറികടന്ന് സഞ്ജുവിന് ഏകദിന ടീമില്‍ ഇടം ലഭിക്കുകയും പ്ലേയിങ് 11ല്‍ അവസരം ലഭിക്കുകയെന്നതും എളുപ്പമല്ല. ഇനിയുള്ള പരമ്പരകളിലെല്ലാം സഞ്ജുവിന് സ്ഥിരതയോടെ മികവ് കാട്ടാനായാല്‍ മാത്രമെ അടുത്ത ലോകകപ്പ് സീറ്റ് നേടാനാവൂ. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications