സെഞ്ച്വൂറിയന്‍: ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്ലാസന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. മധ്യനിരയില്‍ അടിച്ചുതകര്‍ത്ത് കളിക്കുന്ന ക്ലാസന്‍ നിലവില്‍ ഇന്ത്യന്‍ പരമ്പര കളിക്കുകയാണ്. ഭേദപ്പെട്ട ഫോമിലാണ് ക്ലാസന്‍ കളിക്കുന്നതെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. വരുന്ന രണ്ട് മത്സരങ്ങളിലും ക്ലാസനില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിക്കാം.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് ക്ലാസന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വരുന്ന സീസണിലും ക്ലാസനെ നിലനിര്‍ത്തിയിട്ടുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ ആക്രമിക്കുന്ന ക്ലാസന്‍ നിലവില്‍ എല്ലാ ബൗളര്‍മാരും പേടിക്കുന്ന ബാറ്റ്‌സ്മാനാണെന്ന് പറയാം. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളില്‍ ഭയക്കുന്ന താരം ആരാണെന്ന് ക്ലാസന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അത് രോഹിത് ശര്‍മയും വിരാട് കോലിയും റിഷഭ് പന്തുമൊന്നുമല്ല.
ഏറ്റവും ഭയം സൂര്യകുമാര്‍ യാദവിനെയാണ്
നിലവിലെ ടി20യിലെ ഇതിഹാസം സൂര്യകുമാര്‍ യാദവാണെന്നും ഏറ്റവും ഭയപ്പെടുന്ന താരമാണ് അവനെന്നുമാണ് ജിയോ സിനിമയില്‍ സംസാരിക്കവെ ഹെന്റിച്ച് ക്ലാസന്‍ പറഞ്ഞത്. എബി ഡിവില്ലിയേഴ്‌സിനെക്കാളും മികച്ച സ്‌കൂപ്പ് ഷോട്ട് സൂര്യയുടേതാണെന്നും സൂര്യയുടെ പ്രകടനത്തെ ഭയക്കുന്നുണ്ടെന്നുമാണ് ക്ലാസന്‍ പറഞ്ഞത്. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനാണ് സൂര്യ.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യ ഡിവില്ലിയേഴ്‌സിനെപ്പോലെ 360 ഡിഗ്രി ഷോട്ട് പായിക്കാന്‍ ശേഷിയുള്ളവനാണ്. ഏത് ബൗളറേയും ഭയമില്ലാതെ ആക്രമിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്കെത്തിയ ശേഷവും സൂര്യ തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. വ്യക്തിഗത നേട്ടങ്ങള്‍ നോക്കാതെ കടന്നാക്രമിച്ച് കളിക്കാന്‍ സൂര്യകുമാര്‍ യാദവിന് കഴിവുണ്ട്.

സൂര്യകുമാറിന്റെ കണക്കുകള്‍ ഗംഭീരം
ടി20 ഫോര്‍മാറ്റില്‍ കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങള്‍ക്ക് വലിയ സ്ഥിരതയോടെ കളിക്കുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ആക്രമണത്തോടൊപ്പം സ്ഥിരതയോടെ കളിക്കാനും കഴിവുള്ളവനാണ് സൂര്യകുമാര്‍. ഐപിഎല്ലില്‍ ഏറെ നാളുകളായി സജീവമായിരുന്നെങ്കിലും 2021ലാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 76 മത്സരത്തില്‍ നിന്ന് 2569 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 168ന് മുകളിലാണ് സൂര്യയുടെ സ്‌ട്രൈക്ക് റേറ്റ്. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത് സൂര്യയുടെ മികവാണ്.
ബൗണ്ടറി ലൈനരികില്‍ സൂര്യകുമാര്‍ യാദവ് നടത്തിയ തകര്‍പ്പന്‍ ക്യാച്ചായിരുന്നു അന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിച്ചതോടെയാണ് ഇന്ത്യയുടെ ടി20 നായകസ്ഥാനം സൂര്യകുമാര്‍ യാദവിന് ലഭിച്ചത്. സൂര്യക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. ശ്രീലങ്കയില്‍ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ദക്ഷിണാഫ്രിക്കയിലും മികവ് ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ പരമ്പര നിര്‍ണ്ണായകം
ഇന്ത്യ നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുകയാണ്. ആദ്യ മത്സരത്തില്‍ 61 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 3 വിക്കറ്റിന് തോറ്റു. ഇതോടെ നാല് മത്സര പരമ്പരയില്‍ നിലവില്‍ 1-1 എന്ന നിലയിലാണ്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയിച്ച് പരമ്പര നേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ സൂര്യകുമാറിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. മൂന്നും നാലും മത്സത്തില്‍ ജയിച്ച് പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കേണ്ടത് സൂര്യകുമാര്‍ യാദവിന്റെ അഭിമാന പ്രശ്‌നമാണെന്ന് പറയാം. ക്ലാസനെ പൂട്ടാന്‍ സൂര്യകുമാര്‍ യാദവ് എന്ത് തന്ത്രമാവും മെനയുകയെന്നതാണ് കണ്ടറിയേണ്ടത്. ആദ്യ രണ്ട് മത്സരത്തിലും വരുണ്‍ ചക്രവര്‍ത്തിയാണ് ക്ലാസനെ പുറത്താക്കിയത്.