സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ കളിക്കുമോയെന്നതു സംശയത്തില്‍ നില്‍ക്കവെ പകരം സഞ്ജു സാംസണിനു വീണ്ടും ഓപ്പണിങ് ലഭിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ മലയാളി സൂപ്പര്‍ താരത്തിനു അതു കിട്ടാനിടയില്ലെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. പകരം പുതിയൊരു പ്ലാനാണ് കോച്ച് ഗംഭീറിനുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അടുത്ത മാസമാദ്യമാണ് അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുന്നത്. അതിനു മുമ്പ് മൂന്നു ഏകദിനങ്ങളും ഇരുടീമും കളിക്കുന്നുണ്ട്. അതിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ടി20ക്കുള്ള ടീമിനെ ഇനിയും തിരഞ്ഞെടുത്തിട്ടില്ല.

ഗില്ലിന് പകരമാര്
വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനു പകരം യുവ ഇടംകൈയന്‍ അഗ്രസീവ് ബാറ്ററായ യശസ്വി ജയ്‌സ്വാളിനെയാവും ടി20 പരമ്പരയില്‍ ഓപ്പണറായി ഇന്ത്യ പരീക്ഷിച്ചേക്കുകയെന്നാണ് സൂചനകള്‍. ഇതോടെ സഞ്ജു സാംസണിനു വീണ്ടും തനിക്കു ചേരാത്ത മധ്യനിരയില്‍ തന്നെ ബാറ്റ് ചെയ്യേണ്ടിയും വന്നേക്കും.
ഓപ്പണിങില്‍ ഗില്ലിനേക്കാള്‍ മികച്ച ഓപ്ഷന്‍ തന്നെയാണ് ജയ്‌സ്വാളെന്നതില്‍ സംശയമില്ല. കാരണം അദ്ദേഹത്തേക്കാള്‍ അഗ്രസീവായി ബാറ്റ് ചെയ്യാനും വേഗത്തില്‍ റണ്ണെടുക്കാനും ജയ്‌സ്വാളിനു സാധിക്കം. അദ്ദേഹം ഇതു നേരത്തേ തെളിയിക്കുകയും ചെയ്തിട്ടള്ളതാണ്.
പക്ഷെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ജയ്‌സ്വാളിനേക്കാള്‍ ഓപ്പണിങില്‍ കളിക്കാന്‍ അര്‍ഹത സഞ്ജുവിനാണ്. അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങളും ഇതു അടിവരയിടുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ ദിവസം നടന്ന കളിയില്‍ കേരളത്തിനു വേണ്ടി ഓപ്പണിങില്‍ ഇറങ്ങി അപരാജിത സെഞ്ച്വറിയും സഞ്ജു കുറിച്ചിരുന്നു.
മാത്രമല്ല, കഴിഞ്ഞ വര്‍ഷമവസാനത്തോടെ ടി20യില്‍ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി മൂന്നു ടി20 പരമ്പരകളിലാണ് അദ്ദേഹം ഓപ്പണ്‍ ചെയ്തത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. ഇവയില്‍ ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറി കുറിച്ച സഞ്ജു സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു സെഞ്ച്വറികളും വാരിക്കൂട്ടിയിരുന്നു.
ഇതോടെ ഓപ്പണറായി അദ്ദേഹം സ്ഥാനം ഭദ്രമാക്കിയെന്നാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ സഞ്ജുവിനെ മാറ്റി ഗില്ലിനെ വീണ്ടും ഓപ്പണറാക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷം ടി20 ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഇത്.
ഓപ്പണിങ് റോള്‍ ഗില്‍ തിരിച്ചെടുത്തതോടെ സഞ്ജുവിനു മധ്യനിരയിലേക്കു മാറേണ്ടിയും വന്നു. പക്ഷെ ഓപ്പണിങിലെ ബാറ്റിങ് മാജിക് മധ്യനിരയില്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഗില്ലാവട്ടെ ഓപ്പണിങില്‍ പ്രതീക്ഷിച്ചതു പോലെ ക്ലിക്കായതുമില്ല. ടി20യില്‍ വീണ്ടും ഓപ്പണറായ ശേഷം ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായില്ല.

ലോകകപ്പ് റിഹേഴ്‌സല്‍
ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കവെ ഇനിയുള്ള ഓരോ ടി20യിലും ഇന്ത്യക്കു അതിനുള്ള റിഹേഴ്‌സല്‍ കൂടിയാണ്. ലോകകപ്പില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായുമുണ്ടാവുമെന്നുറപ്പാണ്. ഓപ്പണറായി തന്നെ അദ്ദേഹം കളിക്കുകയും ചെയ്യും.
അതിനാല്‍ മധ്യനിരയില്‍ തന്നെയാവും സഞ്ജു സാംസണിനു ബാറ്റ് ചെയ്യേണ്ടിയും വരിക. ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിര അദ്ദേഹത്തെ ഓപ്പണറാക്കിയാലും അതുകൊണ്ടു ടീമിനു പ്രത്യേകിച്ചും ഗുണമൊന്നും ലഭിക്കാനിടയില്ല. കാരണം ഗില്ലിന്റെ അഭാവത്തില്‍ ഈ റോള്‍ താല്‍ക്കാലികം മാത്രമാണ്.
പകരം ലോകകപ്പിനു മുമ്പ് മധ്യനിരയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ സഞ്ജുവിനെ മിനുക്കിയെടുക്കാനാണ് ഗൗതം ഗംഭീറിന്റെ പ്ലാനെന്നാണ് വ്യക്തമാവുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് സഞ്ജുവു പകരം യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങില്‍ കൊണ്ടു വരുന്നതെന്നു വ്യക്തം.