സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുട പുതിയ നാലാം നമ്പര്‍ താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്. പരിക്കു കാരണം സ്ഥിരം നാലാമനും വൈസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍ക്കു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് പുതിയൊരാളെ ഈ റോളിലേക്കു കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.
റിഷഭ് പന്ത്. റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, ധ്രുവ് ജുറേല്‍ തുടങ്ങിയവരെല്ലാം ശ്രേയസിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ അവസരം കാത്തിരിക്കുന്നവരാണ്. ഇവരില്‍ നിന്നാണ് ഏറ്റവും മികച്ചയാള്‍ ആരാണെന്നു കൈഫ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.

അവനാണ് ബെസ്റ്റ്
റിഷഭ് പന്തോ, തിലക് വര്‍മയോ അല്ല മറിച്ച് യുവ താരം ധ്രുവ് ജുറേലിനെയാണ് ഏകദിന പരമ്പരയില്‍ നാലാമനായി ഇന്ത്യ കളിപ്പിക്കേണ്ടതെന്നാണ് മുഹമ്മദ് കൈഫിന്റെ അഭിപ്രായം. ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപനത്തിനു ശേഷം സ്വന്തം യൂട്യുബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധ്രുവ് ജുറേലാണ് ഇന്ത്യക്കു വേണ്ടി നാലാമനാി ബാറ്റ് ചെയ്യേണ്ടത്. കാരണം വളരെ സംഘടിതമായ ഒരു സാങ്കേതി മികവ് ബാറ്ററെന്ന നിലയില്‍ അവനുണ്ട്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമാവുകയാണെങ്കില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കാനും ജുറേലിനു കഴിയും. സാഹചര്യത്തിനു അനുസരിച്ച് തന്റെ ഗെയിമിനെ രൂപപ്പെടുത്താന്‍ കഴിയുന്നയാളാണ് അവന്‍. കൂടാതെ മികച്ച രീതിയില്‍ കളി ഫിനിഷ് ചെയ്യാനുള്ള കഴിവും ജുറേലിനുണ്ട്.
ശ്രേയസ് അയ്യരെ പോലെയൊരു ബാറ്ററെയാണ് നാലാം നമ്പറില്‍ നമുക്കു ആവശ്യം. അദ്ദേഹത്തിന്റെ സാഹായം വിരാട് കോലിക്കും ബാറ്റിങില്‍ അല്‍പ്പം ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും 2023ലെ ഏകദിന ലോകകപ്പില്‍ ഇടയ്ക്കുള്ള ബൗണ്ടറിക്കൊപ്പം സിംഗിളും ഡബിളുമെടുത്ത് തന്റെ സ്വാഭാവികമായ കളിയായിരുന്നു പുറത്തെടുത്തത്.
ശ്രേയസാവട്ടെ മധ്യ ഓവറുകളില്‍ ആധിപത്യം പുലര്‍ത്തി ബാറ്റും ചെയ്തു. ഈ കാരണത്തില്‍ ഭൂരിഭാഗം സമയങ്ങളിലും ഇന്ത്യക്കു അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. അന്നു ശ്രേയസ് എടുത്തതു പോലെയൊരു സമീപനമാണ് സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന പരമ്പരയില്‍ ജുറേലും സ്വീകരിക്കേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നും കൈഫ് അഭിപ്രായപ്പെട്ടു.

സീം ബൗളിങ് ദുര്‍ബലം
സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ സീം ബൗളിങ് വിഭാഗം തീര്‍ത്തു ദുര്‍ബലമാണെന്നും മുഹമ്മദ് കൈഫ് പറയുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. മുഹമ്മദ് സിറാജിനെ പരിഗണിച്ചതുമില്ല. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിന്റെ ഭാഗമല്ല.
ആദ്യ മല്‍സരത്തില്‍ തിലക് വര്‍മയ്ക്കും റുതുരാജ് ഗെയ്ക്വാദിനും അവസരം കിട്ടുമെന്നു എനിക്കു തോന്നുന്നില്ല. അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുല്‍ കളിക്കും. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമുണ്ട്. എട്ടാം നമ്പറില്‍ വരെ നമുക്കു ബാറ്റിങുണ്ടെന്നു പറയം.
വാഷിങ്ടണ്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ചേരുന്നതോടെ സ്പിന്‍ വിഭാഗം പൂര്‍ണമാവും. പക്ഷെ അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയും ഇലവനിലേക്കു വന്നാല്‍ ആരാവും മൂന്നാമത്തെ സീമര്‍? നിതീഷിനെ ഞാന്‍ മൂന്നാം സീമറായി പരിഗണിക്കുന്നില്ല.
അവനു നാലാം സീമറാവാം. 3-5 ഓവറുകള്‍ നിതീഷിനു ബൗള്‍ ചെയ്യാം. പക്ഷെ ഫസ്റ്റ് ചേഞ്ച് ബൗളര്‍ വളരെ പ്രധാനപ്പെട്ടയാളാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലെ മിസിങ് ലിങ്കെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.