സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 208 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. കെ എല്‍ രാഹുലിന്റെ (70*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെ ക്രീസില്‍ തുടരുന്ന രാഹുലിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.
രാഹുല്‍ ഇല്ലായിരുന്നെങ്കില്‍ 150നുള്ളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഒതുങ്ങാനും സാധ്യതയുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യ ബാറ്റിങ്ങില്‍ ഒരു താരത്തെ മിസ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. അത് ചേതേശ്വര്‍ പുജാരയോ അജിന്‍ക്യ രഹാനെയോ അല്ല, മറിച്ച് രവീന്ദ്ര ജഡേജയാണെന്നാണ് സഞ്ജയ് പറയുന്നത്. പൊതുവേ ജഡേജയെ വിമര്‍ശിക്കുന്നയാളാണ് സഞ്ജയെങ്കിലും സെഞ്ച്വൂറിയനില്‍ ജഡേജയെ ഇന്ത്യ മിസ് ചെയ്‌തെന്നാണ് സഞ്ജയ് പറയുന്നത്.
'രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ്ങിനെ ബാധിച്ചു. കാരണം വിദേശത്തെ അവന്റെ ബാറ്റിങ് പ്രകടനം വളരെ മികച്ചതാണ്. പന്തിന് വലിയ ടേണ്‍ സെഞ്ച്വൂറിയനിലില്ലായിരുന്നു. എന്നാല്‍ പന്തിന് ടേണ്‍ ലഭിക്കാത്തത് വലിയ തിരിച്ചടിയാണെന്ന് പറയാനാവില്ല. ജഡേജയുടെ അഭാവത്തില്‍ ആര്‍ അശ്വിനെ കളിപ്പിക്കുകയാണ് ഏറ്റവും മികച്ച തീരുമാനം. പക്ഷെ നിര്‍ണ്ണായക സമയത്ത് വേഗത്തില്‍ കുറച്ച് റണ്‍സ് നേടണമെങ്കില്‍ ജഡേജയെത്തന്നെ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്'- സഞ്ജയ് പറഞ്ഞു.
പരിക്കിനെത്തുടര്‍ന്നാണ് ജഡേജയെ ഇന്ത്യ പുറത്തിരുത്തിയത്. ജഡേജ ഉണ്ടായിരുന്നെങ്കില്‍ മധ്യനിരയില്‍ ഇന്ത്യക്ക് അല്‍പ്പം കൂടി ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ സാധിക്കുമായിരുന്നു. അശ്വിന്‍ എട്ട് റണ്‍സ് നേടിയാണ് പുറത്തായത്. ജഡേജ കളിച്ചിരുന്നെങ്കില്‍ രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുമായിരുന്നു എന്ന പ്രതീക്ഷയാണ് സഞ്ജയ് പങ്കുവെക്കുന്നത്. ജഡേജ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയരാന്‍ മിടുക്കുള്ള താരമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിക്ക് ജഡേജയെ ബാധിക്കുകയായിരുന്നു.

രണ്ടാം ദിനം 300ന് മുകളിലേക്ക് സ്‌കോര്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇറങ്ങുക. കെ എല്‍ രാഹുലിന്റെ ബാറ്റിങ്ങിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. 70 റണ്‍സോടെ രാഹുല്‍ ക്രീസില്‍ തുടരുകയാണ്. രണ്ടാം ദിനം രാഹുലിന് എത്ര റണ്‍സ് നേടാനാവുമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. 300ന് മുകളിലേക്ക് ടീം സ്‌കോര്‍ എത്തിക്കാനായാല്‍ ഇന്ത്യക്ക് ശക്തമായ പോരാട്ടം കാഴ്ചവെക്കാനായേക്കും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ല.
ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളാണ് ഇറങ്ങിയത്. രോഹിത് 14 പന്തില്‍ 5 റണ്‍സ് നേടിയാണ് മടങ്ങിയത്. കഗിസോ റബാഡയെ പുള്‍ ഷോട്ടിലൂടെ സിക്‌സറിന് ശ്രമിച്ചാണ് രോഹിത് പുറത്തായത്. ചേതേശ്വര്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ ശുബ്മാന്‍ ഗില്ലും നിരാശപ്പെടുത്തി. 2 റണ്‍സാണ് ഗില്ലിന് നേടാനായത്. ലെഗ് സൈഡിലെത്തിയ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ചാണ് ഗില്‍ പുറത്തായത്.
വിരാട് കോലിയും (38) ശ്രേയസ് അയ്യരും (31) പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. കോലി 64 പന്തില്‍ 5 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 38 റണ്‍സ് നേടിയത്. റബാഡയ്ക്ക് വിക്കറ്റ് നല്‍കിയാണ് കോലി പുറത്തായത്. ശ്രേയസ് അയ്യര്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 3 ഫോറും 1 സിക്‌സും ശ്രേയസ് നേടി. കഗിസോ റബാഡ ശ്രേയസിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. വാലറ്റത്ത് ആര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. രണ്ടാം ദിനത്തിലെ ഇന്ത്യയുടെ പ്രകടനം കണ്ടറിയാം.