For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയ ഏഷ്യന്‍ ടീമേത്? ഇന്ത്യയും പാക്കുമല്ല! അറിയാം

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യ ഇത്തവണ കരുത്തുറ്റ താരനിരയോടെയാണ് ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇതിലും തകര്‍പ്പന്‍ നിരയുമായി ഇറങ്ങിയിട്ടും ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ഇത്തവണ ഈ ചീത്തപ്പേര് മാറ്റേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല. സ്പിന്നില്‍ കളിച്ചുശീലിച്ച ഏഷ്യന്‍ ടീമുകള്‍ക്ക് ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ കളിച്ച് മികവ് കാട്ടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പതറുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഏതെങ്കിലും ഏഷ്യന്‍ ടീം ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ടോ?.

ഇല്ലെന്ന് പറയാന്‍ വരട്ടെ. ഇന്ത്യക്കും പാകിസ്താനും സാധ്യമാകാത്ത കാര്യം ഒരു ഏഷ്യന്‍ ടീം നേടിയെടുത്തിട്ടുണ്ട്. അത് ശ്രീലങ്കയാണ്. 2019 ഫെബ്രുവരിയില്‍ നടന്ന പരമ്പരയിലാണ് ദക്ഷിണാഫ്രിക്കയില്‍ ശ്രീലങ്ക ചരിത്ര ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഇതിഹാസ താരങ്ങള്‍ കളിച്ചപ്പോള്‍ പോലും സാധ്യമാകാതിരുന്ന നേട്ടമാണ് ദിമുത് കരുണരത്‌നക്ക് കീഴില്‍ ശ്രീലങ്ക നേടിയെടുത്തത്. ശ്രീലങ്കയുടെ അവിശ്വസനീയ പ്രകടനമാണ് അന്ന് കണ്ടത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ആദ്യ ടെസ്റ്റിലെ ജയം ശ്രീലങ്കയുടെ ആത്മവിശ്വാസമുയര്‍ത്തി. രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കുശാല്‍ പെരേരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് കരുത്തായത്. 224 റണ്‍സാണ് ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടിയത്. വിശ്വ ഫെര്‍ണാണ്ടോ 12 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനുമായി. കസുന്‍ രജിത 9 വിക്കറ്റുകളും നേടിയെടുത്തു.

sri lanka

ശ്രീലങ്കയുടെ ഈ പ്രകടനം ഇന്ത്യക്കും പ്രചോദനം നല്‍കുന്നതാണ്. ഇന്ത്യ ഇതുവരെ എട്ട് തവണയാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. ഇതില്‍ ഏഴ് തവണയും പരമ്പര തോറ്റാണ് മടങ്ങിയത്. 2010-2011ലെ പരമ്പരയില്‍ 1-1 സമനില സ്വന്തമാക്കാന്‍ ഇന്ത്യക്കായി. പാകിസ്താന്‍ ആറ് തവണയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയത്. ഇതില്‍ അഞ്ച് തവണയും ടെസ്റ്റ് പരമ്പര പാകിസ്താന്‍ തോറ്റു. ഒരു തവണ പിടിക്കാന്‍ പാകിസ്താനും സാധിച്ചിട്ടുണ്ട്.

ഇത്തവണ ഇന്ത്യക്ക് മുന്നില്‍ സുവര്‍ണ്ണാവസരമാണ്. ദക്ഷിണാഫ്രിക്ക പഴയതുപോലെ വലിയ മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന ടീമല്ല. ബാറ്റിങ് കരുത്ത് അത്ര പോരെന്ന് തന്നെ പറയാം. എന്നാല്‍ പേസ് നിര ആരെയും വിറപ്പിക്കുന്നതാണ്. കഗിസോ റബാഡയെ ഇന്ത്യ ഭയക്കണം. മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയിറ്റ്‌സി എന്നിവരുടെ ബൗളിങ്ങിനെയും ഇന്ത്യ കരുതലോടെ ഇറങ്ങണം. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമില്ല.

അതുകൊണ്ടുതന്നെ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. രണ്ട് പേര്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യ പ്രയാസപ്പെടും. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നീ യുവ താരങ്ങളുടെ മികവും നിര്‍ണ്ണായകം. ഇന്ത്യ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് നടത്തിയേക്കും. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം യശ്വസി ജയ്‌സ്വാളെത്തുമ്പോള്‍ ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും.

അജിന്‍ക്യ രഹാനെ കളിക്കുന്ന അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാവും അവസരം ലഭിക്കുക. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയില്‍ വലിയ ബാറ്റിങ് പ്രകടനം നടത്തുക പ്രയാസമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്ന പദ്ധതി നടക്കില്ല. ക്ഷമയോടെ പിടിച്ചുനിന്ന് പിച്ചിന്റെ സാഹചര്യം മുതലാക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് വിജയത്തിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Monday, December 25, 2023, 10:26 [IST]
Other articles published on Dec 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+