ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അവസാനിച്ചതിനു പിന്നാലെ വ്യത്യസ്ത പിച്ചുകളിലെ വെല്ലുവിളിയെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ആദ്യ ടെസ്റ്റ് മൂന്നു ദിവസം കൊണ്ടു അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് വെറും രണ്ടു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. സൗത്താഫ്രിക്കയിലെ പേസും ബൗണ്‍സുള്ള പച്ചപ്പ് നിറഞ്ഞ പിച്ച് ഇരുടീമിലെയും ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു.
ഇത്തരം അതിവേഗ പിച്ചുകളില്‍ കളിക്കുകയെന്നതു ഏതൊരു ബാറ്റര്‍ക്കു വലിയ വെല്ലുവിളിയാണെന്നു പലരും ചൂണ്ടിക്കാണിക്കവെ തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ഗവാസ്‌കര്‍ക്കുള്ളത്. സെന രാജ്യങ്ങളിലെ ബൗണ്‍സുള്ള പിച്ചുകളിലല്ല, ഒരു ബാറ്ററുടെ യഥാര്‍ഥ പരീക്ഷയെന്നതു സ്പിന്നിങ് ട്രാക്കുകളിലാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ഇങ്ങനെയാണ്. നിങ്ങള്‍ ശരിക്കും പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. ബാറ്ററിലേക്കു ബോള്‍ ടേണ്‍ ചെയ്യുന്ന പിച്ചുകളില്‍ നിങ്ങള്‍ക്കു കളിക്കാന്‍ സാധിക്കില്ലെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. സെന രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്കു ഒരു പ്രവണതയുണ്ട്. വേഗവും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാന്‍ കളിയില്ലെങ്കില്‍ നിങ്ങളൊരു ബാറ്ററല്ലെന്നാണ് അവരുടെ വിലയിരുത്തലെന്നും സ്റ്റാര്‍ സ്‌പോര്‍സിനോടു സംസാരിക്കവെ ഗവാസ്‌കര്‍ വ്യക്തമാക്കി.
ഈ വാദത്തോടു ഞാന്‍ യോജിക്കുന്നില്ല. ടേണിങ് പിച്ചുകളില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളൊരു ബാറ്ററല്ല. കാരണം ബൗണ്‍സുള്ള പിച്ചുകളില്‍ രണ്ടു തരത്തിലുള്ള മൂവ്‌മെന്റാണ് സംഭവിക്കുന്നത്. പക്ഷെ ബോള്‍ ടേണ്‍ ചെയ്യുന്ന പിച്ചുകളില്‍ നാലു വ്യത്യസ്ത മൂവ്‌മെന്റുകളുണ്ടാവും.
ഇത്തരം പിച്ചില്‍ നിങ്ങള്‍ക്കു ചിലപ്പോള്‍ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കേണ്ടി വരും, നിങ്ങള്‍ക്കു ക്രീസ് നന്നായി പ്രയോജനപ്പെടുത്തേണ്ടതായും വരും. എല്ലാ തരത്തിലുള്ള ഷോട്ടുകളും ഇവിടെ പ്രദര്‍ശിപ്പിക്കാമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.
നമ്മുടെ മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ ഇതേക്കുറിച്ചെല്ലാം എഴുതേണ്ടതുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ ഈ യാഥാര്‍ഥ്യത്തെക്കുറിച്ച് സംസാരിക്കുകയും വേണം. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ പലപ്പോഴും ആശ്രിതരായി നില്‍ക്കുകയാണ്. അവര്‍ക്കു ആരെയും അസ്വസ്ഥരാക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ടു തന്നെ ചില വിദേശ കളിക്കാരുടെ ബാറ്റിങ് ക്ഷമതയെക്കുറിച്ച് അവര്‍ ചോദ്യം ചെയ്യുകയുമില്ലെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു.

അതേസമയം, കേപ്ടൗണില്‍ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റില്‍ ഇരുടീമുകളെയുമെടുത്താല്‍ ബാറ്റിങിന്റെ കാര്യത്തില്‍ വേറിട്ടുനിന്നത് സൗത്താഫ്രിക്കന്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമായിരുന്നു. രണ്ടു ടീമുകളിലെയും മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചപ്പോള്‍ അദ്ദേഹം വളരെ അഗ്രസീവ് സെഞ്ച്വറിയാണ് കുറിച്ചത്. 106 ബോളില്‍ 103 റണ്‍സ് അടിച്ചെടുത്താണ് മാര്‍ക്രം പുറത്തായത്. ഏതു നിമിഷവും പുറത്താവുമെന്നു ഈ ഇന്നിങ്‌സിനിടെ തനിക്കു തോന്നിയിരുന്നുവെന്നാണ് മല്‍സരശേഷം അദ്ദേഹം തുറന്നു പറഞ്ഞത്.
ഈ ട്രാക്കില്‍ ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്നു തോന്നുന്നു. ചില കേസുകളില്‍ തീര്‍ച്ചയായും ഇതാണ് നല്ല ഓപ്ഷനായി ഞാന്‍ കാണുന്നത്. ഔട്ടാവും മുമ്പ് പരമാവധി സ്‌കോര്‍ ഉയര്‍ത്താനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. കടുപ്പമേറയ സാഹചര്യങ്ങളില്‍ ഫിഫ്റ്റി നേടിയാല്‍ അതു ഒരുപാട് ദൂരം മുന്നോട്ടു പോവാന്‍ സഹായിച്ചേക്കും.
റോളുകളും കൂട്ടുകെട്ടുകളുമാണ് ഇവിടെ പ്രധാനം. ഒരാള്‍ ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുകയും അടുത്തയാള്‍ സ്‌കോര്‍ ചെയ്യുകയും വേണമെന്നും മാര്‍ക്രം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആദ്യ ഇന്നിങ്‌സില്‍ തങ്ങള്‍ 55 റണ്‍സിനു ഓള്‍ഔട്ടായത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.