ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഈ മാസം 30ന് തുടങ്ങാനിരിക്കെ ഏറ്റവും വലിയ ആശങ്ക സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ അഭാവമായിരിക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയേറ്റ പരിക്കു കാരണം വിശ്രമിക്കുന്ന അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ കളിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്.
ധൃതി പിടിച്ച് ശ്രേയസിനെ കളിക്കളത്തിലേക്കു തിരികെ വിളിക്കേണ്ടെന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. ടീമിനെ സംബന്ധിച്ച് നാലാം നമ്പറില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ക്ഷീണമായിരിക്കും. ഈ പരമ്പരയില്‍ ടോപ്പ് ഫോറിനെ കുറിച്ച് ഇന്ത്യയുടെ പ്ലാന്‍ എന്തായിരിക്കുമെന്നു നമുക്കു നോക്കാം.

സഞ്ജുവിനു കോളില്ല?
ശ്രേയസ് അയ്യരുടെ അഭാവത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഇന്ത്യന്‍ ഏകദിന ടീമിലേക്കു വിളിയെത്തുമോയെന്നു ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഈ റോളിലേക്കു തീര്‍ച്ചയായും പെര്‍ഫെക്ട് ബാറ്റര്‍ തന്നെയാണ് അദ്ദേഹം. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജു അവസാനം കളിച്ച ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറിയും കുറിച്ചിരുന്നു.
2023 ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി. ഈ മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. പക്ഷെ അതിനു ശേഷം ഒരു ഏകദിനത്തില്‍ പോലും അദ്ദേഹത്തിനു അവസരം നല്‍കിയില്ലെന്നതാണ് വിചിത്രമായ കാര്യം.
സൗത്താഫ്രിക്കയുമായുള്ള അടുത്ത പരമ്പരയിലും സഞ്ജുവിനു കോള്‍ ലഭിക്കാനിടയില്ലെന്നു തന്നെയാണ് വിവരം. കാരണം നിലവില്‍ ടി20 പ്ലാനുകളില്‍ മാത്രമേ അദ്ദേഹത്തിനു സ്ഥാനമുള്ളൂ. അടുത്തിടെ സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു അവഗണിക്കപ്പെട്ടതും ഇതു അടിവരയിടുന്നു. പകരം ഇഷാന്‍ കിഷനും പ്രഭ്‌സിമ്രന്‍ സിങുമാണ് കീപ്പര്‍മാരായി ടീമിലിടം പിടിച്ചത്.
ശ്രേയസിന്റെ റോളിലാര്
സൗത്താഫ്രിക്കയ്‌ക്കെതിരേ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനു വേണ്ടി പുതിയൊരു പ്ലാനാണ് ഇന്ത്യ തയ്യാറാക്കുന്നത്. നിലവില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്.

പക്ഷെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഈ കോമ്പിനേഷനെ ഇന്ത്യ മാറ്റിയേക്കും. രോഹിത് ഓപ്പണിങില്‍ തന്നെ തുടരുമ്പോള്‍ ഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാ നമ്പറില്‍ ബാറ്റ് ചെയ്യും. ഇതോടെ രോഹിത്തിനു പുതിയ ഓപ്പണിങ് ജോടിയെയും ആവശ്യമായി വരും. ഈ റോളില്‍ കളിക്കുക യുവ ഇടംകൈയന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാളായിരിക്കും.
നിലവില്‍ അദ്ദേഹം ഏകദിന പ്ലാനുകളുടെ ഭാഗമാണെങ്കിലും ബാക്കപ്പ് ഓപ്പണറുടെ റോളില്‍ സ്ഥിരമായി ബെഞ്ചിലിരിക്കുകയാണ്. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാനുള്ള സുവര്‍ണാവസരമാണ് ജയ്‌സ്വാളിനു ലഭിക്കാന്‍ പോവുന്നത്. തന്റെ കളിമിടുക്ക് പുറത്തെടുക്കാന്‍ അദ്ദേഹം ശ്രമിക്കുമെനുമുറപ്പാണ്.
രോഹിത്- ജയ്‌സ്വാള്‍ ഓപ്പണിങിലും ഗില്‍ മൂന്നാം നമ്പറിലും കളിക്കുമ്പോള്‍ ശ്രേയസ് ഒഴിച്ചിട്ട നാലാം നമ്പറിന്റെ അവകാശി റണ്‍മെഷീനും ഇതിഹാസവുമായ വിരാട് കോലിയായിരിക്കും. മൂന്നാമായി റെക്കോര്‍ഡ് റണ്‍വേട്ട നേടത്തിയിട്ടുള്ള അദ്ദേഹത്തിനു നാലാം നമ്പറും അത്ര വലിയ ചാലഞ്ചായിരിക്കില്ല.
ആങ്കറുടെ കോലി വീണ്ടും കസറുന്നത് ഈ പരമ്പരയില്‍ നമുക്കു കാണാന്‍ സാധിച്ചേക്കും. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കകുകയാണ്. ഈ മാസം 30നാണ് ഏകദിനത്തിനു തുടക്കമാവുന്നത്.