കട്ടക്ക്: സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ഇനി ടി20യിയിലും വിജയം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം ചൊവ്വാഴ്ച രാത്രി ഏഴു മണിക്കു കട്ടക്കിലാണ് നടക്കാനിരിക്കുന്നത്. മികച്ച വിജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ഏകദിന പരമ്പര കൈക്കലാക്കിയ സംഘത്തിലെ പലരയെയും ടി20യില്‍ ഇന്ത്യന്‍ നിരയില്‍ കാണില്ല. പരിക്കു സംഭവിച്ച ആശങ്കകളൊന്നും തന്നെ നിലവില്‍ ടീമിനു ഇല്ല. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ഇലവനെ അണിനിരത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. ആദ്യ ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ആരൊക്കെ ഇലവനിലെത്തും
ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ഓപ്പണിഭില്‍ ശുഭ്മന്‍ ഗില്‍- അഭിഷേക് ശര്‍മ ജോടിയെ കാണാം. പരിക്കേറ്റു വിശ്രമത്തിലുള്ള ഗില്ലിനു ഈ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.
ഏഷ്യാ കപ്പിലൂടെ ടി20 ടീമിലേക്കു തിരിച്ചെത്തിയ ശേഷം ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ ഗില്ലിനായിട്ടില്ല. ഈ ക്ഷീണം തീര്‍ക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും സൗത്താഫ്രിക്കയുമായുള്ള പരമ്പര. രണ്ടോ, മൂന്നോ ഫിഫ്റ്റികളെങ്കിലും കുറിക്കാനായാല്‍ ഇപ്പോള്‍ തന്റെ ഓപ്പണിങ് റോളിനെതിരേ വിമര്‍ശനങ്ങളുന്നയിക്കുന്നവരുടെ വായടപ്പിക്കാനും ഗില്ലിനു സാധിക്കും.
ഗില്‍-അഭിഷേക് ജോടിക്കു ശേഷം മൂന്ന്, നാല സ്ഥാനങ്ങള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, യുവ ബാറ്റിങ് ഓള്‍റൗണ്ടര്‍ തിലക് വര്‍മ എന്നിവരില്‍ ഭദ്രമാണ്. അതുകൊണ്ടു ഈ രണ്ടു സ്ഥാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കു ആശയക്കുഴപ്പങ്ങളില്ല. ബാറ്റിങില്‍ സൂര്യ ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. ടി20 ലോകകപ്പിനു മുമ്പ് തന്റെ യഥാര്‍ഥ ഫോമിലേക്കു ഈ പരമ്പരയിലൂടെ മടങ്ങിയെത്താനായിരിക്കും സ്‌കൈ ലക്ഷ്യമിടുന്നത്.
അഞ്ചാം നമ്പറിലേക്കു ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ പ്രൊമോട്ട് ചെയ്‌തേക്കും. ബാറ്റിങ് ഓര്‍ഡറില്‍ എവിടെയും കളിക്കാനും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാനും സാധിക്കുന്ന താരമാണ് അക്ഷര്‍. സമാപിച്ച ഏകദിന പരമ്പരയില്‍ നിന്നും തഴയപ്പെട്ട അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാവും ടി20 പരമ്പര.
ആറാമനായി സ്്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കളിക്കുക. ഒരിടവേളയ്ക്കു ശേഷമാണ് അദ്ദേഹം ദേശീയ ടീമില്‍ മടങ്ങിയെത്തുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിനു ശേഷം ഹാര്‍ദിക് പരിക്കേറ്റ് ടീമിനു പുറത്താണ്. തകര്‍പ്പന്‍ പ്രകടനത്തോടെ തന്നെ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഫിനിഷര്‍മാരായി ഓള്‍റൗണ്ടര്‍ ശിവം ദുബെയും വിക്കറ്റ് കീപ്പര്‍ ജിതേശ് ശര്‍മയുമാവും കളിച്ചേക്കുക. മധ്യനിര ബാറ്ററെന നിലയില്‍ റെക്കോഡ് മോശമായതിനാല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു അവസരില്ലാതെ പുറത്തിരിക്കേണ്ടിയും വന്നേക്കും.
മധ്യനിര ബാറ്ററായി 21 ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 21,22 ശരാശരിയില്‍ 124 സ്‌ട്രൈക്ക് റേറ്റില്‍ 382 റണ്‍സ് മാത്രമേ നേടുകയും ചെയ്തിട്ടുള്ളൂ. ഈ റെക്കോര്‍ഡ് തന്നെയാണ് ഇപ്പോള്‍ സഞ്ജുവിന്റെ സ്ഥാനത്തിനും ഭീഷണിയാവുന്നത്.
ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി നറുക്കുവീഴുക വരുണ്‍ ചക്രവര്‍ത്തിക്കാവും. ഇതോടെ മറ്റൊരു സൂപ്പര്‍ സ്പിന്നറായ കുല്‍ദീപ് യാദവിനു പുറത്തിരിക്കേണ്ടിയും വന്നേക്കും. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും.
ഇന്ത്യയുടെ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.