പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ പാളില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കുകയും പരമ്പര നേടുകയും ചെയ്തപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക തിരിച്ചുവന്നു. മൂന്നാം മത്സരം ജയിക്കുന്ന ടീമാവും ഏകദിന പരമ്പര സ്വന്തമാക്കുക. അതുകൊണ്ടുതന്നെ തീപ്പൊരി പോരാട്ടം പ്രതീക്ഷിക്കാം. ഇന്ത്യയുടെ യുവനിര ചരിത്രം രചിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദും സായ് സുദര്‍ശനും തുടര്‍ന്നേക്കും. സായ് സുദര്‍ശന്റെ അരങ്ങേറ്റ പരമ്പരയാണിത്. ആദ്യ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി യുവതാരം കൈയടി നേടുകയും ചെയ്തു. എന്നാല്‍ റുതുരാജിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. രണ്ട് മത്സരത്തിലും കാര്യമായൊന്നും ചെയ്യാന്‍ താരത്തിനായിട്ടില്ല.
വരുന്ന മത്സരത്തിലും ഫ്‌ളോപ്പായാല്‍ റുതുരാജിന്റെ ടീമിലെ സ്ഥാനത്തെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. മൂന്നാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കുമ്പോള്‍ താരം ഫ്‌ളോപ്പാവുന്നു. അടുത്ത യുവരാജ് സിങ് എന്ന് പോലും പേരെടുക്കാന്‍ തിലകിന് സാധിച്ചിട്ടുണ്ടെങ്കിലും സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ തിലകിന് മൂന്നാം മത്സരത്തില്‍ അവസരം ലഭിച്ചേക്കില്ല. പകരം ശ്രേയസ് അയ്യര്‍ പ്ലേയിങ് 11ല്‍ തിരിച്ചെത്താനാണ് സാധ്യത കൂടുതല്‍.
നാലാം നമ്പറില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തുടരും. രണ്ടാം മത്സരത്തില്‍ ടീമിനായി തിളങ്ങാനുള്ള സുവര്‍ണ്ണാവസരം സഞ്ജുവിനുണ്ടായിരുന്നു. എന്നാല്‍ മുതലാക്കാനായില്ല. മൂന്നാം മത്സരത്തിലും ഫ്‌ളോപ്പായാല്‍ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തെറിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അഞ്ചാം നമ്പറില്‍ നായകന്‍ കെ എല്‍ രാഹുല്‍ കളിക്കണം. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ രാഹുലിനായി. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

ആറാം നമ്പറില്‍ റിങ്കു സിങ് തുടരും. രണ്ടാം മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. എന്നാല്‍ റിങ്കുവിന്റെ ബാറ്റിങ് മികവില്‍ ടീം വലിയ വിശ്വാസം അര്‍പ്പിക്കുന്നു. മികവ് കാട്ടി ടീമിലെ സജീവതാരമായി മാറാനുള്ള സുവര്‍ണ്ണാവസരമാണ് റിങ്കുവിന് മുന്നിലുള്ളത്. മികച്ച റെക്കോഡുള്ള താരമായ റിങ്കുവിന്റെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമാവും. അക്ഷര്‍ പട്ടേലാണ് ഏഴാം നമ്പറില്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും അക്ഷറിന്റെ പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവും.
അര്‍ഷ്ദീപ് സിങ്ങാണ് എട്ടാം നമ്പറില്‍. ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റുമായി ഹീറോയായ ഇടം കൈയന്‍ പേസര്‍ക്ക് രണ്ടാം മത്സരത്തില്‍ വലിയ പ്രകടനം നടത്താനായില്ല. മൂന്നാം മത്സരത്തില്‍ അര്‍ഷ്ദീപിന്റെ ആദ്യ സ്‌പെല്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറും. ഒമ്പതാം നമ്പറില്‍ ആവേശ് ഖാനാവും അവസരം. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ആവേശില്‍ നിന്ന് ഇതേ പ്രകടന മികവാണ് ടീം പ്രതീക്ഷിക്കുന്നത്.
10ാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തുടരണം. സ്പിന്നിനെ വലിയ പിന്തുണയില്ലാത്ത പിച്ചില്‍ കുല്‍ദീപിന്റെ പ്രതിഭയുടെ മികവാകും പരീക്ഷിക്കപ്പെടുക. 11ാമനായി യുവ പേസര്‍ മുകേഷ് കുമാറിനെ കളിപ്പിക്കാം. ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് താരം നടത്തുന്നത്. വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തില്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ സാധ്യതാ 11: റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ/ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.