ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനായി ടീം ഇന്ത്യ യാത്ര തിരിച്ചുകഴിഞ്ഞു. ജനുവരി പകുതിയോളം നീളുന്ന ഈ പര്യടനത്തില്‍ ഇന്ത്യ മുന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കും. മൂന്നു വീതം ടി20, ഏകദിന പരമ്പരകളും ഇതിനു ശേഷം രണ്ടു ടെസ്റ്റുകളുടെ പരമ്പരയുമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ലോകകപ്പ് ഫൈനലിനു ശേഷം നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ താരങ്ങളുടെയെല്ലാം മടങ്ങിവരവ് കൂടിയാണ് ടെസ്റ്റ് പരമ്പരയില്‍ കാണാന്‍ സാധിക്കുക.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മുന്നാം സീസണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പരമ്പര കൂടിയാണിത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേയും ഈ നേട്ടമാവര്‍ത്തിക്കാനായിരിക്കും രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ടെസ്റ്റില്‍ ആരൊക്കെയാവും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുക? നമുക്കു പരിശോധിക്കാം.

ക്യാപ്റ്റന്‍ രോഹിത്തും ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഓപ്പണിങ് റോളിലേക്കു യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരും രംഗത്തുണ്ടെങ്കിലും ഗില്ലിനായിരിക്കും പ്രഥമ പരിഗണന. സൗത്താഫ്രിക്കയില്‍ രോഹിത്തിന്റെ ബാറ്റിങ് റെക്കോര്‍ഡ് മികച്ചതല്ല. അതുകൊണ്ടു തന്നെ ഈ ചരിത്രം തിരുത്തിക്കുറിക്കുകയെന്ന ലക്ഷ്യം കൂടി ഹിറ്റ്മാനുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ 597 റണ്‍സുമായി അദ്ദേഹം റണ്‍വേട്ടയില്‍ രണ്ടാമതുണ്ടായിരുന്നു. ടെസ്റ്റില്‍ ഗില്ലിനു അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളതല്ലെങ്കിലും ഓപ്പണിങില്‍ നിന്നും മാറ്റാനിടയില്ല. ലോകകപ്പില്‍ നാലു ഫിഫ്റ്റികളടക്കം നേടിയ താരം മിന്നുന്ന ഫോമിലായിരുന്നു.
ചേതേശ്വര്‍ പുജാര ടീമില്‍ നിന്നും തഴയപ്പെട്ടതിനാല്‍ സൗത്താഫ്രിക്കയില്‍ വിരാട് കോലിക്കു സ്ഥിരം നാലാം നമ്പറില്‍ നിന്നും മാറി മൂന്നിലേക്കു കയറേണ്ടി വരും. ഇതു അദ്ദേഹത്തെ സംബന്ധിച്ച് ഒരു പ്രശ്‌നമാവില്ല. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കോലിയുടെ സ്ഥിരം ബാറ്റിങ് പൊസിഷന്‍ കൂടിയാണിത്. ലോകകപ്പിലെ മാരക ഫോമിന്റെ ആത്മവിശ്വാസത്തിലായിരിക്കും അദ്ദേഹത്തിന്റെ വരവ്. 765 റണ്‍സ് ടൂര്‍ണമെന്റില്‍ കോലി വാരിക്കൂട്ടിയിരുന്നു.
നാലാം നമ്പറില്‍ കളിക്കുക ശ്രേയസ് അയ്യരായിരിക്കും. ഒരിടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഇത്. പരിക്കു കാരണം ശ്രേയസിനു സമീപകാലത്തു പല ടെസ്റ്റുകളും നഷ്ടമായിരുന്നു. ടെസ്റ്റില്‍ 44നു മുകളില്‍ ശരാശരിയുള്ള അദ്ദേഹം 16 ഇന്നിങ്‌സുകളില്‍ നിന്നും 666 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. അജിങ്ക്യ രഹാനെയുടെ അഭാവത്തില്‍ അഞ്ചാം നമ്പര്‍ കെഎല്‍ രാഹുലിനായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നുതും അദ്ദേഹമായിരിക്കും. ഇതോടെ ഇഷാന്‍ കിഷനായിരിക്കും സ്ഥാനം നഷ്ടമാവുക.

മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് രാഹുല്‍ അവസാനമായി കളിച്ചത്. ഇതില്‍ തിളങ്ങാനുമായിരുന്നില്ല. എന്നാല്‍ പരിക്കു ഭേദമായി കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ശേഷം അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്. ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം രാഹുല്‍ കസറിയിരുന്നു.
രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമായിക്കും ഇന്ത്യന്‍ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. ടെസ്റ്റില്‍ ഇന്ത്യക്കു മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരങ്ങള്‍ കൂടിയാണ് ഇരുവരും. വിക്കറ്റുകളെടുക്കുന്നതിനോടൊപ്പം ബാറ്റിങിലും ലോവര്‍ ഓര്‍ഡറില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ രണ്ടു പേര്‍ക്കും സാധിക്കും. വിന്‍ഡീസുമായുള്ള അവസാന പരമ്പരയില്‍ രണ്ടു ടെസ്റ്റുകളില്‍ നിന്നും 15 വിക്കറ്റുകള്‍ അശ്വിന്‍ പിഴുതിരുന്നു.
പേസ് ബൗളിങിലേക്കു വന്നാല്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ നിരയിലുണ്ടാവുക. ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന താരമാണ് ശര്‍ദ്ദുല്‍. ബൗളിങിലെ കുന്തമുനകള്‍ ബുംറയും ഷമിയും തന്നെയയിരിക്കും. സൗത്താഫ്രിക്കന്‍ പിച്ചില്‍ സിറാജിനും തിളങ്ങാന്‍ കഴിയും.
ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.