കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സര പരമ്പര ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നുറപ്പ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. എന്നാല്‍ ഇന്ത്യയില്‍ പരമ്പര നേടിയതുപോലെ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ലെന്നുറപ്പ്. ദക്ഷിണാഫ്രിക്കയില്‍ യുവതാരനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിലില്ല. സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. ഇന്ത്യക്കൊപ്പം നിരവധി യുവതാരങ്ങളുണ്ട്. അതില്‍ മിക്കവരും മികച്ച ഫോമിലുമാണ്. ഒന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരെയൊക്കെ പരിഗണിക്കും ആരെയൊക്കെ ഒഴിവാക്കും എന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്.
ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദും യശ്വസി ജയ്‌സ്വാളും തുടരണമെന്നാണ് സഞ്ജയ് പറയുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇരുവരുമാണ് ഓപ്പണര്‍മാരായത്. ജയ്‌സ്വാള്‍ തുടക്കം മുതല്‍ കടന്നാക്രമിക്കുമ്പോള്‍ റുതുരാജ് പതിയെ ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുന്നവനാണ്. ഓസീസ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത് റുതുരാജായിരുന്നു. ഒരു സെഞ്ച്വറിയടക്കം നേടിയാണ് റുതുരാജ് കസറിയത്. എന്നാല്‍ ദക്ഷിമാഫ്രിക്കന്‍ പരമ്പരയില്‍ ശുബ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കേണ്ടെന്നും മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നുമാണ് മഞ്ജരേക്കര്‍ പറയുന്നത്. വിരാട് കോലി പരമ്പരയ്ക്കില്ല. അതുകൊണ്ടുതന്നെ ആ റോളില്‍ കളിക്കാന്‍ അടുത്ത കോലിയെന്ന് വിശേഷിപ്പിക്കുന്ന ഗില്ലാണ് അനുയോജ്യനെന്നാണ് സഞ്ജയ് പറയുന്നത്. ശുബ്മാന് ഗില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ല. പതിയെ റണ്‍സുയര്‍ത്തി പിന്നീട് കടന്നാക്രമിക്കുന്ന ശൈലിയാണ് ഗില്ലിന്റേത്. അതുകൊണ്ടുതന്നെ ഗില്‍ മൂന്നാം നമ്പറില്‍ മതിയെന്നാണ് സഞ്ജയ് പറയുന്നത്.

എന്നാല്‍ ശുബ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്ന് ഇന്ത്യ മാറ്റാന്‍ സാധ്യത കുറവാണ്. റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത കൂടുതല്‍. മൂന്നാം നമ്പറില്‍ കോലിക്ക് പകരം ഇന്ത്യ ഇഷാന്‍ കിഷനെ കളിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. നാലാം നമ്പറില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്നാണ് സഞ്ജയ് പറയുന്നത്. ഇന്ത്യന്‍ നായകനായ സൂര്യ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്നവനാണ്.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര നേടണമെങ്കില്‍ സൂര്യകുമാര്‍ യാദവ് മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം. പിന്നീട് തിലക് വര്‍മ, റിങ്കു സിങ്, ശ്രേയസ് അയ്യര്‍ എന്നിവരെ അനുയോജ്യ റോളുകളില്‍ കളിപ്പിക്കാമെന്നാണ് സഞ്ജയ് പറയുന്നത്. ഇഷാന്‍ കിഷനെ എവിടെ ഉള്‍പ്പെടുത്തുമെന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതെന്നാണ് സഞ്ജയ് പറയുന്നത്. ഇന്ത്യ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ആരെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യ ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങിനെ കളിപ്പിക്കുമെന്നുറപ്പാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന റിങ്കു സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തിളങ്ങാന്‍ മിടുക്കനാണ്. ടി20 ലോകകപ്പ് വരാനിരിക്കെ റിങ്കുവിന് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ദീപക് ചഹാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാവും പേസര്‍മാരായി പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ സ്പിന്നര്‍മാരായി ആരൊക്കെ വേണമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഏറ്റവും മികച്ച പ്ലേയിങ് 11നെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടിയാല്‍ അത് ചരിത്രമായി മാറുമെന്നുറപ്പാണ്.