സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആവേശകരമായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ ആദ്യ മത്സരത്തില്‍ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 3 വിക്കറ്റിന്റെ തോല്‍വിയാണ് നേരിട്ടത്. മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ച് കയറേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യ എന്ത് മാറ്റമാവും പ്ലേയിങ് 11 വരുത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ടാം മത്സരം ഇന്ത്യ ജയിക്കേണ്ടതായിരുന്നെങ്കിലും നിരാശപ്പെടുത്തുന്ന ക്യാപ്റ്റന്‍സികൊണ്ട് ടീം തോല്‍വി നേരിടുകയായിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം ടി20 ജയിക്കാന്‍ ഇന്ത്യ പ്ലേയിങ് 11ല്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണിങ്ങില്‍ നിന്ന് അഭിഷേക് ശര്‍മയെ ഇന്ത്യ മാറ്റണമെന്നാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍ അഭിഷേക്-സഞ്ജു കൂട്ടുകെട്ട് മൂന്നാം ടി20യിലും തുടരും. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
വേറൊരു സ്പെഷ്യലിസ്റ്റ് ഓപ്പണര്‍ ഇന്ത്യക്കില്ല
ഇന്ത്യയെ സംബന്ധിച്ച് അഭിഷേക് ഫോമിലേക്കെത്തുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ല. കാരണം ഇന്ത്യന്‍ ടീമില്‍ നിലവില്‍ മറ്റൊരു സ്പെഷ്യലിസ്റ്റ് ഓപ്പണറില്ല. അഭിഷേക് ശര്‍മയെ മാറ്റിയാന്‍ പകരം ജിതേഷ് ശര്‍മയെയാണ് ഇന്ത്യക്ക് കൊണ്ടുവരാനാവുക. വലം കൈയന്‍ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ജിതേഷ് മധ്യനിര താരമാണ്. ടോപ് ഓഡറില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന ബാറ്റ്സ്മാനല്ല ജിതേഷ്.
അതുകൊണ്ടുതന്നെ ജിതേഷിനെ ഓപ്പണിങ്ങിലേക്കെത്തിച്ച് പരീക്ഷണം നടത്തുകയെന്നത് ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ സാഹസമാണ്. ഇടവേളക്ക് ശേഷമാണ് ജിതേഷ് കളിക്കാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ജിതേഷിനെ സംബന്ധിച്ച് പെട്ടെന്ന് ഫോമിലേക്കെത്തുകയെന്നത് വളരെ സാഹസമാവും. ഇന്ത്യക്ക് പരിഗണിക്കാന്‍ മറ്റൊരു ഓപ്പണറും ടീമിലില്ലാത്ത സാഹചര്യം പരിഗണിക്കുമ്പോള്‍ അഭിഷേകിനെ പിന്തുണച്ച് ടീം മുന്നോട്ട് പോകാനാണ് സാധ്യത.

സെഞ്ച്വൂറിയനില്‍ ബാറ്റിങ് അനുകൂല പിച്ച്
മൂന്നാം ടി20 നടക്കുന്നത് സെഞ്ച്വൂറിയനിലാണ്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഇവിടുത്തേത്. ഫ്ളാറ്റ് പിച്ചാണ് ഇവിടെ ഉള്ളതെന്ന് തന്നെ പറയാം. അവസാന മത്സരത്തില്‍ 571 റണ്‍സാണ് ഇവിടെ പിറന്നത്. ബാറ്റിലേക്ക് കൃത്യമായി പന്ത് എത്തും. ഈ സാഹചര്യത്തില്‍ ഇന്ത്യ സെഞ്ച്വൂറിയനില്‍ അഭിഷേകിനെ പിന്തുണക്കും. അവസാന ഏഴ് മത്സരത്തില്‍ നിന്ന് വെറും 70 റണ്‍സാണ് അഭിഷേക് നേടിയത്. എന്നാല്‍ സിംബാബ് വെക്കെതിരേ സെഞ്ച്വറി നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
അഭിഷേകിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. കടന്നാക്രമിച്ച് കളിക്കുന്ന താരം ക്ലിക്കായാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഭയമില്ലാതെ ഷോട്ട് കളിക്കുന്നവനാണ് അഭിഷേക്. ഈ സാഹചര്യത്തില്‍ ഇന്ത്യ അഭിഷേക് ശര്‍മയെ സെഞ്ച്വൂറിയനില്‍ വിശ്വസിച്ചേക്കും. ഫ്ളാറ്റ് പിച്ചില്‍ തിളങ്ങാന്‍ അഭിഷേകിന് കഴിവുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം ബൗളര്‍മാരെ ഞെട്ടിച്ച അഭിഷേകിന്റെ പോരാട്ട വീര്യം ഇന്ന് കാണാനായേക്കും.
അഭിഷേക് വലിയ ഭാവിയുള്ള താരം
മികച്ച ഇടം കൈയന്‍ ഓപ്പണര്‍മാരെ വളര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. അഭിഷേകിനെപ്പോലെ ആക്രമണോത്സകതയുള്ള ഓപ്പണര്‍മാരെ ലഭിക്കുക പ്രയാസമാണ്. ബാറ്റ്സ്മാനെന്നതോടൊപ്പം ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് അഭിഷേക് ശര്‍മ. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ മികവ് കാട്ടാന്‍ അഭിഷേക് ശര്‍മക്ക് കഴിവുണ്ട്. വലിയ ഭാവിയുള്ള താരമാണ് അഭിഷേക് ശര്‍മയെന്ന് നിസംശയം പറയാം.
അതുകൊണ്ട് നിലവിലെ ചില മോശം പ്രകടനങ്ങളുടെ പേരില്‍ അഭിഷേകിനെ മാറ്റി നിര്‍ത്തിയേക്കില്ല. സെഞ്ച്വൂറിയനിലെ പ്രകടനം അഭിഷേകിന് വളരെ നിര്‍ണ്ണായകമാവും. മൂന്നാം ടി20യിലും നിരാശപ്പെടുത്തിയാലെ അഭിഷേകിനെ മാറ്റാന്‍ സാധ്യതയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അഭിഷേക് ഓപ്പണറായിത്തന്നെ മൂന്നാം ടി20 കളിച്ചേക്കും.