
ഡീന്‍ എല്‍ഗര്‍
സൗത്താഫ്രിക്കയുടെ ക്യാപ്റ്റനും ഇടംകൈയന്‍ ഓപ്പണറുമായ ഡീന്‍ എല്‍ഗറാണ് ഇന്ത്യ നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വില്ലനായത് അദ്ദേഹമായിരുന്നു. അസാധാരണമായ ഇന്നിങ്‌സ് കളിച്ച എല്‍ഗര്‍ 96 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. സൗത്താഫ്രിക്കയുടെ റണ്‍ചേസ് കുറിച്ചതും അദ്ദേഹമായിരുന്നു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ബാറ്റ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും നേരിട്ടാണ് എല്‍ഗര്‍ ടീമിനു ഉജ്ജ്വല വിജയം സമ്മാനിച്ചത്. വാണ്ടറേഴ്‌സില്‍ ഇന്ത്യയുടെ അപരാജിത റെക്കോര്‍ഡും ഇതോടെ അവസാനിച്ചിരുന്നു.
ടെസ്റ്റില്‍ എല്‍ഗര്‍ക്കു പ്രിയപ്പെട്ട ഗ്രൗണ്ടാണ് കേപ്ടൗണിലേത്. ഇവിടെ തകര്‍പ്പന്‍ റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഈ വേദിയില്‍ 10 ടെസ്റ്റുകളില്‍ നിന്നും 700ന് മുകളില്‍ റണ്‍സ് എല്‍ഗര്‍ അടിച്ചെടുത്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. ഇന്ത്യക്കെതിരായ ഈ പരമ്പരയില്‍ മിന്നുന്ന ഫോമിലാണ് എല്‍ഗര്‍. രണ്ടാം ടെസ്റ്റില്‍ മാത്രമല്ല സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിലും അദ്ദേഹം മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ 77 റണ്‍സ് എല്‍ഗര്‍ നേടിയിരുന്നു.

റബാഡ & എന്‍ഗിഡി
സൗത്താഫ്രിക്കയുടെ പേസ് ജോടികളായ കാഗിസോ റബാഡയും ലുംഗി എന്‍ഗിഡിയുമാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന വെല്ലുവിളി. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ ഇരുവരും ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. റബാഡയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ഭാഗ്യവേദി കൂടിയണ് കേപ്ടൗണ്‍. ഇവിടെ മുമ്പ് കളിച്ചിട്ടുള്ള ആറു ടെസ്റ്റുകളില്‍ നിന്നും 35 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടതും റബാഡയെ തന്നെയാണ്.
ഈ പരമ്പരയില്‍ രണ്ടു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകള്‍ റബാഡ നേടിയിട്ടുണ്ട്. അതേസമയം, എന്‍ഗിഡിയും വളരെയധികം അപകടകാരിയായ ബൗളറാണ്. ഒരു ഫൈഫറുള്‍പ്പെടെ രണ്ടു ടെസ്റ്റുകളില്‍ നിന്നും 11 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റുകളാണ് എന്‍ഗിഡി പോക്കറ്റിലാക്കിയത്.

കേപ്ടൗണിലെ കാലാവസ്ഥ
ആദ്യത്തെ രണ്ടു വെല്ലുവിളികളും ഇന്ത്യക്കു മറികടക്കാന്‍ കഴിയുന്നവയാണെങ്കില്‍ മൂന്നാമത്തേത് അതിനു സാധിക്കാത്ത കാര്യമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിനും അപ്പുറത്തുള്ള കാര്യമാണ്. പറഞ്ഞുവരുന്നത് ഇവിടുത്തെ കാലാവസ്ഥയെക്കുറിച്ചാണ്. മോശം കാലാവസ്ഥ മൂന്നാം ടെസ്റ്റിനു ഭീഷണിയാവുന്നുണ്ട്. മഴ കാരണം മല്‍സരം തടസ്സപ്പെടരുതെന്ന പ്രാര്‍ഥനയിലായിരിക്കും ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രാഹുല്‍ ദ്രാവിഡും. കാരണം അതു സംഭവിച്ചാല്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്കു സൗത്താഫ്രിക്കയുമായി പങ്കുവയ്‌ക്കേണ്ടി വരും. അത് ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമ്പര നേട്ടത്തോടെ ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
കേപ്ടൗണ്‍ ടെസ്റ്റിന്റെ നാലാംദിനം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അങ്ങനെ വന്നാല്‍ അതു മല്‍സരത്തിന്റെ രസം കെടുത്തിയേക്കും. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും മഴ വില്ലനായിരുന്നു. പക്ഷെ ഭാഗ്യവശാല്‍ മല്‍സരഫലത്തെ അതു ബാധിച്ചില്ല. ആദ്യ ടെസ്റ്റില്‍ രണ്ടാംദിനം മഴ കാരണം ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. രണ്ടാം ടെസ്റ്റിലാവട്ടെ നാലാംദിനം ആദ്യ രണ്ടു സെഷനും ഉപേക്ഷിച്ചിരുന്നു.


Click it and Unblock the Notifications