'സെവാഗ് മുതല്‍ ബുംറ വരെ', ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ താരങ്ങളിതാ
കേപ്ടൗണ്‍: സന്ദര്‍ശക ടീമിനെ എപ്പോഴും പ്രതിസന്ധിയിലാക്കുന്ന മൈതാനങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കയിലേത്. അതിവേഗ ബൗളര്‍മാരെ പിന്തുണക്കുന്ന ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സുകളെ അതിജീവിക്കുക ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പത്തിന് ദക്ഷിണാഫ്രിക്കയില്‍ വളരെ പ്രാധാന്യമുണ്ട്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണ കന്നി പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.
വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ സമീപകാല വിദേശ പര്യടനങ്ങളെല്ലാം ഗംഭീരമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഈ മികവ് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം. അവസാനമായി ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ജയം നേടാനായിരുന്നെങ്കിലും പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. രാഹുല്‍ ദ്രാവിഡെന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യ എന്ത് അത്ഭുതം കാട്ടുമെന്നാണ് കണ്ടറിയേണ്ടത്. പൊതുവേ അനുഭവസമ്പന്നരായ താരങ്ങളെയാണ് കൂടുതല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി അയക്കാറുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാന്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറ
ഇന്ത്യന്‍ ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനം എത്രത്തോളമെന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. തന്റെ പേസ് ബൗളിങ്ങുകൊണ്ട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി ബുംറ മാറിക്കഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക പേസറായ ബുംറ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. 2018ല്‍ കേപ്ടൗണ്‍ ടെസ്റ്റിലൂടെയാണ് ബുംറ വരവറിയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ ഒരു വിക്കറ്റ് എബി ഡിവില്ലിയേഴ്‌സിന്റെയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഫഫ് ഡുപ്ലെസിസ്,ക്വിന്റന്‍ ഡീകോക്ക്,ഡിവില്ലിയേഴ്‌സ് എന്നിവരെയും ബുംറ വീഴ്ത്തി. വരവറിയിച്ച മത്സരത്തില്‍ വീഴ്ത്തിയ വിക്കറ്റുകളെല്ലാം ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരങ്ങളുടേതായിരുന്നു. എന്നാല്‍ മത്സരം ഇന്ത്യ 72 റണ്‍സിന് തോറ്റു.

വീരേന്ദര്‍ സെവാഗ്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ വീരേന്ദര്‍ സെവാഗാണ്. ഓപ്പണിങ്ങിലിറങ്ങി കടന്നാക്രമിക്കുന്ന സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചിരുന്നത്. കരിയറിന്റെ തുടക്കകാലത്ത് മധ്യനിരയില്‍ കളിച്ചിരുന്ന സെവാഗ് പിന്നീട് ഓപ്പണിങ്ങിലേക്കെത്തിയതോടെ തലവര മാറുകയായിരുന്നു. ടെസ്റ്റില്‍ ഇന്ത്യക്കായി രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗിന്റെ ടെസ്റ്റ് അരങ്ങേറ്റം ദക്ഷിണാഫ്രിക്കയിലായിരുന്നു. ഭയമില്ലാതെ ബാറ്റുവീശിയ സെവാഗ് 105 റണ്‍സാണ് നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം 155 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സെവാഗിനായി. 173 പന്തുകള്‍ നേരിട്ട് 19 ബൗണ്ടറി ഉള്‍പ്പെടെയാണ് സെവാഗിന്റെ സെഞ്ച്വറി പ്രകടനം. ഷോണ്‍ പൊള്ളോക്ക്,മഖായ എന്‍ഡിനി എന്നിവരെല്ലാമടങ്ങിയ പേസ് നിരക്കെതിരെയാണ് സെവാഗിന്റെ ഗംഭീര പ്രകടനം. മത്സരം ഒമ്പത് വിക്കറ്റിനാണ് സെവാഗ് തോറ്റത്.

പ്രവീണ്‍ ആംറെ
1992ല്‍ ഡര്‍ബനിലാണ് പ്രവീണ്‍ ആംറെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ മത്സരത്തിലൂടെത്തന്നെ തന്റെ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായി. ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചില്‍ 103 റണ്‍സാണ് അദ്ദേഹം കുറിച്ചത്. ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയാണ് അദ്ദേഹം ഇന്ത്യയുടെ രക്ഷകനായത്. 299 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ക്ലാസിക് ഇന്നിങ്‌സ് തന്നെയായിരുന്നു അത്. മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ കളിയിലെ താരമായത് ആംറെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications