ജൊഹാനസ്ബര്‍ഗ്: ഇന്ത്യ vs ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജൊഹാനസ്ബര്‍ഗില്‍ നടക്കാന്‍ പോവുകയാണ്. ടി20 പരമ്പര സമനിലയാക്കിയ ഇന്ത്യക്ക് ഏകദിന പരമ്പര വളരെ നിര്‍ണ്ണായകമാണ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ഇന്ത്യന്‍ ടീം യുവതാരങ്ങളാല്‍ സമ്പന്നമാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്. ആദ്യ മത്സരം നടക്കുന്ന ജൊഹാനസ്ബര്‍ഗിലെ പിച്ചില്‍ ഇന്ത്യ ഏകദിനം ജയിച്ചിട്ടുണ്ടോ?
കണക്കുകള്‍ പരിശോധിക്കാം. എട്ട് ഏകദിനമാണ് ഇന്ത്യ ജൊഹാനസ്ബര്‍ഗില്‍ ഇതുവരെ കളിച്ചത്. മൂന്ന് മത്സരത്തില്‍ ടീം ജയിച്ചപ്പോള്‍ അഞ്ച് മത്സരത്തിലും ടീം തോറ്റു. ഇന്ത്യക്ക് വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന മൈതാനമല്ല ജൊഹാനസ്ബര്‍ഗ്. ബൗളര്‍മാര്‍ക്ക് വലിയ പിന്തുണ ജൊഹാനസ്ബര്‍ഗിലുണ്ടാവും. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ജൊഹാനസ്ബര്‍ഗിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 6 വിക്കറ്റിന് 292 റണ്‍സ് നേടിയതാണ്.
കുറഞ്ഞ ടോട്ടല്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയതാണ്. ഇന്ത്യ ഇതുവരെ 300ന് മുകളില്‍ സ്‌കോര്‍ ഈ മൈതാനത്ത് നേടിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന വിജയം 183 റണ്‍സിന് ജയിച്ചതാണ്.
ഇവിടെ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഞ്ച് മത്സരത്തില്‍ നിന്ന് 247 റണ്‍സാണ് ഇവിടെ നേടിയത്. ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരിലാണ്.
126 പന്തില്‍ 127 റണ്‍സാണ് ഗാംഗുലി ഇവിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയത്. ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി എംഎസ് ധോണിയുടെ പേരിലാണ്. 72.50 ആണ് ധോണിയുടെ ബാറ്റിങ് ശരാശരി. ഇവിടെ സെഞ്ച്വറി നേടിയത് മൂന്ന് ഇന്ത്യക്കാര്‍ മാത്രമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ശിഖാര്‍ ധവാന്‍ എന്നിവരാണ് സെഞ്ച്വറി നേടിയത്. കൂടുതല്‍ അര്‍ധ സെഞ്ച്വറി വീരേന്ദര്‍ സെവാഗിന്റേയും വിരാട് കോലിയുടേയും പേരിലാണ്. രണ്ട് പേരും രണ്ട് അര്‍ധ സെഞ്ച്വറികള്‍ വീതമാണ് നേടിയത്.

ജൊഹാനസ്ബര്‍ഗില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയാണ്. മൂന്ന് മത്സരത്തില്‍ നിന്ന് എട്ട് സിക്‌സുകളാണ് ഗാംഗുലി പറത്തിയത്. കൂടുതല്‍ വിക്കറ്റ് ആശിഷ് നെഹ്‌റ, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ പേരിലാണ്. എട്ട് വിക്കറ്റുകളാണ് ഇവര്‍ വീഴ്ത്തിയത്. മികച്ച ബൗളിങ് പ്രകടനം മുനാഫ് പട്ടേലാണ് നടത്തിയത്. 8 ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് മുനാഫ് വീഴ്ത്തിയത്. കൂടുതല്‍ പുറത്താക്കല്‍ നടത്തിയ താരം എംഎസ് ധോണിയാണ്.
നാല് പുറത്താക്കലാണ് അദ്ദേഹം നേടിയത്. കൂടുതല്‍ ക്യാച്ച് മുഹമ്മദ് കൈഫാണ് നേടിയത്. 2 മത്സരത്തില്‍ നിന്ന് നാല് ക്യാച്ചാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന കൂട്ടുകെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 193 റണ്‍സാണ്. കൂടുതല്‍ മത്സരം കളിച്ച താരം യുവരാജ് സിങ്ങും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ്. അഞ്ച് മത്സരങ്ങള്‍ വീതമാണ് ഇരുവരും കളിച്ചിട്ടുള്ളത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പരമ്പര നേടിയെടുക്കാന്‍ രാഹുലും സംഘവും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പ്.
ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം : റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടീധാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്