IND vs SA: കോലിയെ വിറപ്പിച്ചു, ആര്‍സിബിക്കെതിരേ രണ്ട് വിക്കറ്റുമെടുത്തു- ജാന്‍സണ്‍ 'പുലി'യാണ്
സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്ക്കു വേണ്ടി ഒരു താരം കൂടി ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റയ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിരിക്കുകയാണ്. ഇന്ത്യക്കെതിരേ സൂപ്പര്‍ സ്‌പോര്‍ട്ടില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലൂടെയാണ് 21 കാരനായ ഇടംകൈയന് പേസര്‍ മാര്‍ക്കോ ജാന്‍സണെ സൗത്താഫ്രിക്ക ലോകത്തിനു പരിചയപ്പെടുത്തിയത്. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം റെക്കോര്‍ഡാണ് താരത്തിനു ടീമിലേക്കു വഴി തുറക്കാനുള്ള ഒരു കാരണം.
മറ്റൊന്ന് അടുത്തിടെ ഇന്ത്യന്‍ എ ടീമിനെതിരായ മൂന്നു ടെസ്റ്റുകളുടെ അനൗദ്യോഗിക പരമ്പരയില്‍ സൗത്താഫ്രിക്കന്‍ എ ടീമിനായി നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു. ബൗളിങിനൊപ്പം ബാറ്റിങിലും ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ജാന്‍സണിനായിരുന്നു. ഇന്നാരംഭിച്ച ടെസ്റ്റില്‍ പക്ഷെ ആദ്യദിനം കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ജാന്‍സണിനു കഴിഞ്ഞില്ല. 17 ഓവര്‍ ബൗള്‍ ചെയ്ത താരത്തിനു വിക്കറ്റൊന്നും നേടാനായില്ല. നാലു മെയ്ഡനുകളടക്കം 61 റണ്‍സാണ് ജാന്‍സണ്‍ വിട്ടുകൊടുത്തത്.

ഐപിഎല്ലില്‍ കളിച്ച താരം
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച്, പ്രത്യേകിച്ചും മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ആരാധകരെ സംബന്ധിച്ച് അപരിചിതനല്ല മാര്‍ക്കോ ജാന്‍സണ്‍. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കു വേണ്ടി കളിച്ചുകൊണ്ട് ജാന്‍സണ്‍ ഐപിഎല്ലില്‍ അരങ്ങേറിയിരുന്നു. പക്ഷെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ യുവ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കളിയില്‍ രണ്ടു നിര്‍ണായക വിക്കറ്റുകള്‍ ജാന്‍സണ്‍ നേടുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റാണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ് എന്നിവരെയായിരുന്നു സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ജാന്‍സണ്‍ പുറത്താക്കിയത്.
കഴിഞ്ഞ സീസണിനു മുന്നോടിയായി നടന്ന ലേലത്തില്‍ ക്രിക്കറ്റില്‍ അത്ര അറിയപ്പെടാത്ത ജാന്‍സണിനെ മുംബൈ സ്വന്തമാക്കിയപ്പോള്‍ പലരും ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ താരത്തിന്റെ കഴിവില്‍ മുംബൈ ടീം മാനേജ്‌മെന്റിനുണ്ടായികരുന്ന പ്രതീക്ഷയിയായിരുന്നു ഈ അവസരം ലഭിക്കാന്‍ കാരണമായത്.

കോലിക്കെതിരേ നേരത്തേ പന്തെറിഞ്ഞു
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിക്കെതിരേ നേരത്തേ തന്നെ ബൗള്‍ ചെയ്യാന്‍ മാര്‍ക്കോ ജാന്‍സണിന് അവസരം ലഭിച്ചിരുന്നു. 2018ല്‍ ഇന്ത്യന്‍ ടീം അവസാനമായി സൗത്താഫ്രിക്കന്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഇത്. അന്നു 17 വയസ്സ് മാത്രമായിരുന്നു ജാന്‍സണിന്റെ പ്രായം.
ജൊഹാനസ്‌ബെര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തവെയായിരുന്നു കോലിക്കെതിരേ ജാന്‍സണും ഇരട്ട സഹോദരനായ ഡുവാനും ബൗള്‍ ചെയ്തത്. ഒന്നിലേറെ തവണ നെറ്റ്‌സില്‍ ബൗളിങില്‍ 'ബീറ്റ്' ചെയ്യാന്‍ താരത്തിനു കഴിഞ്ഞിരുന്നു. ബൗളിങ്ങിലെ വേഗവും കണിശതയും കൊണ്ട് കോലി അന്നു തന്നെ ജാന്‍സണിനെ ശ്രദ്ധിക്കുകയും മികച്ച പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ സെഞ്ചൂറിയനില്‍ അതേ കോലിക്കെതിരേ സൗത്താഫ്രിക്കന്‍ ദേശീയ ടീമിനു വേണ്ടി ആദ്യമായി ബൗള്‍ ചെയ്യാനുള്ള ഭാഗ്യവും ജാന്‍സണിനു ലഭിച്ചിരിക്കുകയാണ്.

വളര്‍ച്ച അതിവേഗം
വളരെ വേഗത്തിലായിരുന്നു മാര്‍ക്കോ ജാന്‍സണ്‍ ക്രിക്കറ്റ് കരിയറില്‍ മുന്നോട്ടു കുതിച്ചത്. അന്നു വെറും നെറ്റ് ബൗളറായിരുന്ന അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2019ല്‍ സൗത്താഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി ജാന്‍സണ്‍ കളിക്കുകയും ചെയ്തു.
19 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും ഇടംകൈയന്‍ പേസര്‍ കൊയ്തത് 70 വിക്കറ്റുകളായിരുന്നു. 22.20 എന്ന തകര്‍പ്പന്‍ ശരാശരിയിലായിരുന്നു ഇത്. 38 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ് ജാന്‍സണിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. ഈ വര്‍ഷമാദ്യം നടന്ന പാകിസ്താന്‍ പര്യടനത്തിലാണ് താരം ആദ്യമായി സൗത്താഫ്രിക്കയുടെ സീനിയര്‍ ടീമിലെത്തിയത്. പക്ഷെ അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെയും ജൂനിയര്‍ ക്രിക്കറ്റിലെയും മികച്ച പ്രകടനം ജാന്‍സണിനു ഐപിഎല്ലിലേക്കു വഴി തുറന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്്ക്കായിരുന്നു താരത്തെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications