IND vs SA: വിരാട് ഭായി സഹായിക്കും, രാഹുലിന് കീഴില്‍ കിരീടം നമുക്ക് തന്നെ- വെങ്കടേഷ് പറയുന്നു
സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് ഈ ഫോര്‍മാറ്റില്‍ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് കീഴിലാണ് സൗത്താഫ്രിക്കയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. രോഹിത് ശര്‍മയ്ക്കു ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് രാഹുലിന് ഇന്ത്യ നായകസ്ഥാനം നല്‍കിയത്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലായിരുന്ന വെങ്കടേഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര പരമ്പര കൂടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. രോഹിത് ക്യാപ്റ്റനായ പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും താരത്തിനു അവസരം ലഭിക്കുകയും ചെയ്തിരുന്നു.

വെല്ലുവിളിക്കു തയ്യാര്‍
ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു വെങ്കടേഷ് അയ്യര്‍ വ്യക്തമാക്കി. കരിയറിലെ മറ്റൊരു വെല്ലുവിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്. സ്വന്തം ടീമിനു വേണ്ടി ഈ പരമ്പരയില്‍ വിജയം നേടണമെന്നും ആഗ്രഹിക്കുന്നു.
സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ സാഹചര്യങ്ങളില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. അതു ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും വെങ്കടേഷ് പറഞ്ഞു.
ഈ മാസം 19നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ 19, 21 തിയ്യതികളില്‍ പാളിലാണ്. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 23ന് കേപ്ടൗണില്‍ നടക്കും.

കോലിയുമായി ചര്‍ച്ച ചെയ്യും
ടെസ്റ്റിലായാലും നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലായാലും സൗത്താഫ്രിക്കയില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. സൗത്താഫ്രിക്കയിലെ സാഹചര്യങ്ങളെക്കുറിച്ചും അവിടുത്തെ അനുഭവസമ്പത്തിനെക്കുറിച്ചും വിരാട് ഭായിയുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ സാഹചര്യം എങ്ങനെയായിരിക്കും? പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കും? ഇവയോടൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവത്തെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കും.
ഇത് സൗത്താഫ്രിക്കയിലെ സാഹചര്യങ്ങളുമായി വളരെ വേഗത്തില്‍ പൊരുത്തപ്പെടാന്‍ എന്നെ സഹായിക്കും. ടീമിലെ എല്ലാ താരങ്ങളില്‍ നിന്നും കൂടുതല്‍ പഠിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും വെങ്കടേഷ് മനസ്സ് തുറന്നു.

രാഹുലിന് കീഴില്‍ കപ്പടിക്കും
കെഎല്‍ രാഹുല്‍ മികച്ച ക്യാപ്റ്റനാണ്. ന്യൂസിലാന്‍ഡുായുള്ള അരങ്ങേറ്റ പരമ്പര രോഹിത് ഭായിക്കു കീഴില്‍ വിജയിക്കാന്‍ എനിക്കു കഴിഞ്ഞു. കെഎല്ലിനു കീഴില്‍ കളിക്കാന്‍ പോവുന്നത് എന്നെ വളരെയധികം ആവേശഭരിതനാക്കുന്നു. അദ്ദേഹം വ്യത്യസ്തനായ ക്യാപ്റ്റനാണ്. ഈ പര്യടനത്തില്‍ പലതും പഠിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയെ തീര്‍ച്ചയായും കെഎല്‍ പരമ്പര വിജയത്തിലേക്കു നയിക്കുമെന്നു തനിക്കുറപ്പാണെന്നും മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ കൂടിയായ വെങ്കടേഷ് വ്യക്തമാക്കി.

ഓള്‍റൗണ്ടറുടെ റോള്‍ കടുപ്പം
ഓള്‍റൗണ്ടറുടെ റോള്‍ കടുപ്പമേറിയതു തന്നെയാണ്. കാരണം നിങ്ങള്‍ക്കു എല്ലാ മേഖലയിലും നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ട്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം മികവ് പുലര്‍ത്തണം. ഇരട്ട റോളിലൂടെ ടീമില്‍ ശരിയായ ബാലന്‍സ് നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കരിയറില്‍ ലഭിക്കുന്ന ഏതു വെല്ലുവിളിയും അവസരവുമേറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ബാറ്റിങിലും ബൗളിങിലും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുക്കാന്‍ ശ്രമിക്കും. സ്വന്തം രാജ്യത്തിനു വേണ്ടി പെര്‍ഫോം ചെയ്യുകയെന്നത് അനുഗ്രഹമായാണ് കാണുന്നതെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.

ആരുമായും മല്‍സരമില്ല
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വലയ്ക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായാണ് വെങ്കടേഷിന് ഇന്ത്യ കണ്ടു വച്ചിരിക്കുന്നത്. ടീമിലെ സ്ഥാനത്തിനു വേണ്ടി ഹാര്‍ദിക്കുമായി മല്‍സരമുണ്ടോയെന്ന ചോദ്യത്തിന് തനിക്കു ആരുമായും മല്‍സരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഞാന്‍ മറ്റു താങരങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള മല്‍സരത്തിനു വേണ്ടിയല്ല കളിക്കുന്നത്. ഞാന്‍ സ്വന്തം ടീമിനു വേണ്ടിയാണ് കളിക്കുന്നത്. സെലക്ടര്‍മാരും ക്യാപ്റ്റനും അവസരം നല്‍കിയതിനാലാണ് ഞാന്‍ കളിക്കുന്നത്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ഞാന്‍ അതില്‍ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. സ്വന്തം ടീമിനായി കഴിയാവുന്നത്രയും റണ്‍സ് അടിച്ചെടുക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ക്യാപ്റ്റന്‍ ബോള്‍ നല്‍കിയാല്‍ ഞാന്‍ ബൗളറെപ്പോലെയാണ് ചിന്തിക്കാറുള്ളത്. റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളെടുക്കാനുമാണ് ശ്രമിക്കാറുള്ളതെന്നും വെങ്കടേഷ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications