സെഞ്ചൂറിയന്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ പേസാക്രമണത്തില്‍ കടപുഴകി ടീം ഇന്ത്യ. പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ നാലു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരുമായി ഇറങ്ങിയ സൗത്താഫ്രിക്ക ഇന്ത്യയെ എറിഞ്ഞൊതുക്കി. മഴ കാരണം ആദ്യദിനം കളി നേരത്തേ അവസാനിപ്പിച്ചപ്പോൾ ഇന്ത്യ എട്ടു വിക്കറ്റിനു 208 റണ്‍സെടുത്തിട്ടുണ്ട്. 70 റണ്‍സുമായി കെഎല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് സിറാജുമാണ് ക്രീസില്‍.
ഇന്ത്യന്‍ സ്‌കോറിങിനു അല്‍പ്പമെങ്കിലും മാന്യത നല്‍കിയത് ആറാം നമ്പറില്‍ ഇറങ്ങിയ കെഎല്‍ രാഹുലായിരുന്നു. ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചതും രാഹുലാണ്. 105 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മറ്റാരും ഇന്ത്യന്‍ നിരയില്‍ 40 റണ്‍സ് പോലും തികച്ചില്ല.

വിരാട് കോലി (38), ശ്രേയസ് അയ്യര്‍ (31), ശര്‍ദ്ദുല്‍ ടാക്കൂര്‍ (24), യശസ്വി ജയ്‌സ്വാള്‍ (17) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. നായകന്‍ രോഹിത് ശര്‍മ (5), ശുഭ്മന്‍ ഗില്‍ (2), ആര്‍ അശ്വിന്‍ (8) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. അഞ്ചു വിക്കറ്റുകളെടുത്ത പേസര്‍ കാഗിസോ റബാഡയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വന്‍ നാശം വിതച്ചത്. അരങ്ങേറ്റ മല്‍സരം കളിച്ച നാന്ദ്രെ ബര്‍ഗര്‍ക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ വിക്കറ്റ് (രോഹിത്) 13 റണ്‍സില്‍ വീണപ്പോള്‍ 11 റണ്‍സ് കൂടി നേടുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ കൂടി കൈവിട്ട ഇന്ത്യ മൂന്നു വിക്കറ്റിനു 24 റണ്‍സിലേക്കു കൂപ്പുകുത്തി. തുടര്‍ന്നാണ് കോലി-ശ്രേയസ് ജോടി മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത്. നാലാം വിക്കറ്റില്‍ 68 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.

പക്ഷെ ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ആദ്യ ഓവറില്‍ തന്നെ ശ്രേയസും പിന്നാലെ കോലിയും റബാഡയ്ക്കു വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ അഞ്ചിനു 107ലേക്കു വീണു. അശ്വിനും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി (6-121). എന്നാല്‍ രാഹുലിന് കൂട്ടായി ശര്‍ദ്ദുല്‍ വന്നതോടെ ഇന്ത്യ വീണ്ടും പൊരുതിക്കയറി.
43 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടാന്‍ ഇരുവര്‍ക്കും സാധിച്ചു. മറുഭാഗത്തു വിക്കറ്റ് വീണുകൊണ്ടിരുന്നെങ്കിലും രാഹുല്‍ പതറിയില്ല. മികച്ച ഇന്നിങ്‌സുമായി അദ്ദേഹം ടീമിനെ മാന്യമായ ടോട്ടലിലെത്തിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്‌സന്‍, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്സി, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍.