IND vs SA: സഞ്ജുവിന്റെ റോളെന്ത്? വിക്കറ്റ് കീപ്പര്‍ സ്ഥാനം നല്‍കില്ല! രാഹുല്‍ പറയുന്നു
ജൊഹാനസ്ബര്‍ഗ്: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കുകയാണ്. മൂന്ന് മത്സര പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കുന്നത്. ഇന്ത്യ ടി20 പരമ്പരയില്‍ നിന്ന് തഴഞ്ഞ സഞ്ജു സാംസണെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ഏകദിന ടീമില്‍ നിര്‍ണ്ണായക റോള്‍ സഞ്ജുവിനുണ്ടാവുമെന്നുറപ്പ്.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യയെത്തുമ്പോഴും മികച്ച പ്രകടനമാണ് സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിന്റെ റോള്‍ എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടീമിന്റെ നായകനായ കെ എല്‍ രാഹുല്‍. 'സഞ്ജു മധ്യനിരയിലാവും ബാറ്റുചെയ്യുക. ഏകദിനത്തില്‍ അവന്റെ റോള്‍ അതാണ്.
അഞ്ച്, ആറ് നമ്പറുകളിലൊന്നിലാവും സഞ്ജു കളിക്കുക. വിക്കറ്റ് കീപ്പറായി സഞ്ജുവുണ്ടാകില്ല. ഞാനാവും കീപ്പറാവുക. എന്നാല്‍ വിക്കറ്റ് കീപ്പറാക്കേണ്ട സാഹചര്യമുണ്ടായാല്‍ സഞ്ജുവിന് ആ റോളും നല്‍കും. ഈ പരമ്പരയില്‍ അവന് നിര്‍ണ്ണായക റോളുണ്ട്'- രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഞ്ജു മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി.
സ്പിന്നര്‍മാരെ സഞ്ജു നന്നായി നേരിടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരെ ഏറ്റവും നന്നായി നേരിടുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സഞ്ജു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് മികവുണ്ട്. ഇന്ത്യന്‍ ടീമിലില്ലാതിരുന്നപ്പോള്‍ കേരള ടീമിനായി സഞ്ജു കളിച്ചിരുന്നു. കേരളത്തിന്റെ ക്യാപ്റ്റനായ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറിയും നേടിയിരുന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിര അല്‍പ്പം ദുര്‍ബലമാണ്.

ഇതിനെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ ടീമില്‍ കൂടുതലും യുവതാരങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനാവും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എ ടീമിനൊപ്പം കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് സഞ്ജു. ഇത് മുതലാക്കി കളിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജുവിനെ സംബന്ധിച്ച് ഈ പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
റിങ്കു സിങ് ഏകദിന അരങ്ങേറ്റം നടത്തുമെന്നും രാഹുല്‍ പറഞ്ഞു. 'റിങ്കു സിങ് തന്റെ മികവ് എത്രത്തോളമാണെന്ന് തെളിയിച്ചു. അവന്റെ കഴിവ് ഐപിഎല്ലിലൂടെ വ്യക്തമായതാണ്. ടി20 പരമ്പരയിലും അവന്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ശാന്തതയോടെ സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങാന്‍ റിങ്കുവിന് കഴിവുണ്ട്. അവന്റെ പ്രകടനം കാണുമ്പോള്‍ സഹതാരങ്ങള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും അവന്‍ തിളങ്ങുന്നുണ്ട്. തീര്‍ച്ചയായും അവന് അവസരമുണ്ടാവും'- രാഹുല്‍ പറഞ്ഞു.
കെ എല്‍ രാഹുലിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. പരിശീലകരായി രാഹൂല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നീ രണ്ട് പേരും ഇന്ത്യക്കൊപ്പമില്ല. ഇന്ത്യയുടെ യുവനിരയില്‍ മിക്കവര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ കളിച്ച് പരിചയസമ്പത്തില്ല. ബൗണ്‍സിനെ തുണക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ രാഹുലിനും സഞ്ജുവിനുമെല്ലാം നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കാനാവാതെ ഇന്ത്യക്ക് ജയം നേടിയെടുക്കാനാവില്ല.
ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം : റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടീധാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications