വിശാഖപട്ടണം: മൂന്നാം ഏകദിനത്തില്‍ ഏകപക്ഷീയ വിജയവുമായി സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര പോക്കറ്റിലാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയിലേറ്റ 0-2ന്റെ മുറിവ് ഇതോടെ ഇന്ത്യ ഉണക്കുകയും ചെയ്തിരിക്കുകയാണ്. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് കെഎല്‍ രാഹുലിനു കീഴില്‍ ഇന്ത്യ ആഘോഷിച്ചത്.
സൗത്താഫ്രിക്ക നല്‍കിയ 271 റണ്‍സിന്റെ വിജയലക്ഷ്യം 40ാം ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ കന്നി സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളും നേടിയതോടെ വളരെ അനായാസം ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

അതിനിടെ ഈ മല്‍സരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് അനുഭവസമ്പത്തുള്ള വിരാട് കോലിയെ കളിക്കിടെ നായകന്‍ രാഹുല്‍ അപമാനിച്ചതാണ് സംഭവം. കോലിയുടെ ഉപദേശം മാനിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തെ കളിയാക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ പെരുമാറ്റം. എന്താണ് സംഭവമെന്നറിയാം.
കോലിയെ പുച്ഛിച്ചു തള്ളി
വിശാഖപട്ടണത്തു നടന്ന മൂന്നാം ഏകദിനത്തിലെ അവസാന ഓവറുകള്‍ക്കിടെയായിരുന്നു സംഭവം. കുല്‍ദീപ് യാദവെറിഞ്ഞ 45ാം ഓവറിലെ നാലാമത്തെ ബോളിനു ശേഷം ഫീല്‍ഡ് സെറ്റപ്പില്‍ വിരാട് കോലി ഇടപെടുകയും നായകന്‍ കെഎല്‍ രാഹുലിനെ ഉപദേശിക്കുകയുമായിരുന്നു.
സൗത്താഫ്രിക്കന്‍ വാലറ്റക്കാരായ കേശവ് മഹാരാജും ഒട്‌നീല്‍ ബാര്‍ട്ട്മാനുമായിരുന്നു ഈ സമയത്തു ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. തൊട്ടുമുമ്പത്തെ ബോളില്‍ ലുംഗി എന്‍ഗിഡിയെ (1) കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. ഇതോടെയാണ് അവസാന ബാറ്ററായ ബാര്‍ട്ട്മാന്‍ ക്രീസിലെത്തുന്നത്.
രോഹിത് ശര്‍മയെ മാത്രം സ്ലിപ്പ് ഫീല്‍ഡറായി നിര്‍ത്തിയാണ് രാഹുല്‍ ഫീല്‍ഡിങ് ക്രമീകരിച്ചത്. പക്ഷെ കോലിക്കു അതില്‍ അതില്‍ അത്ര തൃപ്തി പോരായിരുന്നു. വിക്കറ്റിനു പിറകില്‍ വളരെ ക്ലോസായി നിലയുറപ്പിച്ച രാഹുലിന്റെ അടുത്തേക്കു വന്ന കോലി ഒരു സ്ലിപ്പ് ഫീല്‍ഡറെ കൂടി അധികമായി നിര്‍ത്തൂയെന്നു ഉപദേശിക്കുകയായിരുന്നു.
വിരാട് കോലിയെ മൂന്നാം ഏകദിനത്തിനിടെ രാഹുല്‍ അപമാനിക്കുന്നു. വീഡിയോ കാണാം
രാഹുലിനു ഈ ഉപദേശം തീരെ പിടിച്ചില്ലെന്നു മുഖഭാവത്തു കാണാം. കോലി പറഞ്ഞതു കേട്ടില്ലെന്നു മാത്രമല്ല നിങ്ങളുടെ ഫീല്‍ഡിങ് പൊസിഷനില്‍ പോയി നില്‍ക്കൂയെന്നു പറയുകയും കൈ കൊണ്ടു ആംഗ്യം കാണിക്കുകയുമായിരുന്നു. ഇതിനിടെ രണ്ടാം തവണയും രണ്ടു സ്ലിപ്പ് ഫീല്‍ഡറെ നിര്‍ത്തൂയെന്നു കോലി പറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം.
ഇതു കേള്‍ക്കാത്ത രീതിയില്‍ മുഖം തിരിച്ച രാഹുല്‍ വലതു വശത്തു സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത രോഹിത്തിനെ നോക്കി ചിരിക്കുകയും അല്‍പ്പം മുന്നോട്ടു നില്‍ക്കൂയെന്നു കൈ കൊണ്ട് ആംഗ്യവും കാണിച്ചു. കോലിയുടെ ഉപദേശം രാഹുല്‍ ഗൗനിക്കാതിരുന്നതു കണ്ട രോഹിത് ഒരു പരിഹാസച്ചിരിയോടെയാണ് ഇതിനോടു പ്രതികരിച്ചത്.

അതേസമയം, ഇന്ത്യന്‍ ടീമിനോടൊപ്പം ക്യാപ്റ്റനായി കോലിയോളം അനുഭവസമ്പത്തില്ലെങ്കിലും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളെ നയിച്ചിട്ടുള്ള താരമണ് രാഹുല്‍. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുക്കാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.
പഞ്ചാബ് കിങ്‌സിനെ കുറച്ചു സീസണുകള്‍ നയിച്ചിട്ടുള്ള രാഹുല്‍ പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും ക്യാപ്റ്റനായിരുന്നു. എല്‍എസ്ജിയെ പ്ലേഓഫിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രാഹുലിനു അവസരം ലഭിച്ചത്. പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പിന്‍മാറിയതോടെ രാഹുലിനു നറുക്കുവീഴുകയായിരുന്നു.