സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പതറുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 245 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയിലെ പ്രമുഖരെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വലിയ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത് കെ എല്‍ രാഹുലാണ്. 137 പന്ത് നേരിട്ട് 101 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതാണ് 245 എന്ന ഭേദപ്പെട്ട നിലയിലേക്ക് ഇന്ത്യയെ എത്തിച്ചത്. വലിയ ഇടവേളക്ക് ശേഷമാണ് രാഹുല്‍ ടെസ്റ്റ് കളിക്കുന്നത്.
ഈ മടങ്ങിവരവില്‍ത്തന്നെ സെഞ്ച്വറി നേടാന്‍ രാഹുലിന് സാധിച്ചു. മൂന്ന് മാസം മുമ്പുവരെ രാഹുലിന്റെ പ്രകടനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ തിരിച്ചുവരുമ്പോള്‍ ഈ വിമര്‍ശിച്ചവര്‍ പോലും രാഹുലിനായി കൈയടിക്കുകയാണ്. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി രാഹുല്‍ എത്തിയിരിക്കുകയാണ്. എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന പ്രതികരണമാണ് രാഹുല്‍ നടത്തിയിരിക്കുന്നത്.
'വളരെ പ്രയാസമുള്ള സെഞ്ച്വറിയായിരുന്നു ഇത്. നിങ്ങള്‍ക്ക് നിങ്ങളുടേതായ വ്യക്തിത്വം ഉണ്ടാവും. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ എല്ലാം വെല്ലുവിളിയാണ്. വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലുമെല്ലാം വെല്ലുവിളി നേരിടേണ്ടി വരും. എല്ലാ നിമിഷവും ഈ വെല്ലുവിളി നേരിടേണ്ടി വരും. സാമൂഹ്യ മാധ്യമങ്ങള്‍ വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ഇന്ന് ഞാന്‍ സെഞ്ച്വറി നേടിയപ്പോള്‍ പലരും എന്നെ പ്രശംസിക്കുന്നത് കണ്ടു. മൂന്ന് നാല് മാസം മുമ്പ് എല്ലാവരും എന്നെ അധിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഇത് കളിയുടെ ഭാഗമാണ്.
എന്നാല്‍ ഇത് ബാധിക്കില്ലെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അധികം വൈകാതെ ഏതൊരു താരവും മനസിലാക്കും ഇത്തരം പ്രതികരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് മത്സരത്തിനും മാനസിക നിലക്കും നല്ലതെന്ന്. ഞാന്‍ സ്വയം തയ്യാറെടുത്തു. പരിക്കിനെത്തുടര്‍ന്ന് ഇടവേള വന്നപ്പോള്‍ ഇത്തരം വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ആഗ്രഹിച്ചു. മികച്ച പ്രകടനം നടത്താന്‍ നല്ല മാനസിക നില അത്യാവശ്യമാണ്. ആരെങ്കിലും ഇത്തരം വിവാദങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമാണ്.

എന്നാല്‍ പരമാവധി ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാം. കഴിയുന്ന അത്ര ശാന്തനായി ഇരിക്കാനാണ് ശ്രമിക്കുന്നത്' - രാഹുല്‍ പറഞ്ഞു. രാഹുലിന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറി പ്രകടനമാണ് സെഞ്ച്വൂറിയനില്‍ നേടിയത്. അതുകൊണ്ടുതന്നെ പ്രമുഖരെല്ലാം രാഹുലിനെ വാഴ്ത്തുകയാണ്. സെഞ്ച്വൂറിയനില്‍ രാഹുല്‍ നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്. മറ്റൊരു എവേ ബാറ്റ്‌സ്മാനും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല.
പ്രകടനംകൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ രാഹുലിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. എംഎസ് ധോണിയുടെയടക്കം റെക്കോഡ് രാഹുല്‍ തകര്‍ത്തു. സെഞ്ച്വൂറിയനില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ എവേ വിക്കറ്റ് കീപ്പറാണ് രാഹുല്‍. 2010ല്‍ എംഎസ് ധോണി നേടിയ 90 റണ്‍സിന്റെ റെക്കോഡാണ് രാഹുല്‍ തകര്‍ത്തത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര 89 റണ്‍സും നേടിയിട്ടുണ്ട്. 89ല്‍ നിന്ന് സെഞ്ച്വറിയിലേക്ക് രാഹുല്‍ എത്തിയത് രണ്ട് സിക്‌സറുകള്‍ പറത്തിയാണ്.
ഇത് താരത്തിന്റെ ബാറ്റിങ് മികവ് വ്യക്തമാക്കുന്നതാണ്. സെന രാജ്യത്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായും രാഹുല്‍ മാറി. റിഷഭ് പന്താണ് നേരത്തെ ഈ നേട്ടത്തിലേക്കെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെന രാജ്യത്ത് കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാന്‍ കെ എല്‍ രാഹുലിന് സാധിച്ചു. രാഹുലിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വരുമായിരുന്നു. രണ്ടാം ഇന്നിങ്‌സിലും രാഹുല്‍ മികവ് ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയാം.