Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ക്യാപ്റ്റനായി ഇത്രയും ജയമോ? രാഹുല്‍ ഇനി രോഹിത്തിനൊപ്പം! ധോണിയെ കടത്തിവെട്ടി

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തോടെ വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ന്യൂവാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ എട്ടു വിക്കറ്റിനു സൗത്താഫ്രിക്കയെ ഇന്ത്യ വാരിക്കളയുകയായിരുന്നു.

ഒമ്പതു വിക്കറ്റുകള്‍ പങ്കിട്ട പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ആവേശ് ഖാനും ചേര്‍ന്നാണ് സൗത്താഫ്രിക്കയുടെ കഥ കഴിച്ചത്. അര്‍ഷ്ദീപ് അഞ്ചും ആവേശ് നാലും വിക്കറ്റുകളെടുത്തിരുന്നു. ഈ കളിയില്‍ നേടിയ ജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമാണ് രാഹുല്‍ എത്തിയത്.

KL RAHUL

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തുടര്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ മൂന്നാംസ്ഥാനം പങ്കിടുകയാണ് ഇപ്പോള്‍ രാഹുല്‍. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി അദ്ദേഹത്തിനു കീഴില്‍ തുടര്‍ച്ചയായി 10 മല്‍സരങ്ങളിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ തുടര്‍ച്ചയായി ഒമ്പതു ജയങ്ങളെന്ന മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ (2013) റെക്കോര്‍ഡ് രാഹുല്‍ മറികടക്കുകയായിരുന്നു.

ഈ വര്‍ഷം തന്നെയാണ് തുടര്‍ച്ചയായ 10 വിജയങ്ങള്‍ രോഹിത് കുറിച്ചത്. ഇപ്പോള്‍ രാഹുലും അതിനൊപ്പം പങ്കാളിയായിരിക്കുകയാണ്. തുടര്‍ച്ചയായി 12 ജയങ്ങളുമായി രോഹിത്തും വിരാട് കോലിയുമാണ് ഈ ലിസ്റ്റില്‍ ഇനി മുന്നിലുള്ളത്. തലപ്പത്തുള്ളതും രോഹിത് തന്നെയാണ്. തുടര്‍ച്ചയായി 19 ജയങ്ങളുമായാണ് ഹിറ്റ്മാന്‍ ഓള്‍ടൈം റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. 2019 മുതല്‍ 22 വരെയയായിരുന്നു പരാജയമറിയാതെ തുടര്‍ച്ചയായി ഇത്രയും മല്‍സരങ്ങള്‍ രോഹിത് പൂര്‍ത്തിയാക്കിയത്.

മുന്‍ ക്യാപ്റ്റന്‍ കോലി 2017ലായിരുന്നു തുടര്‍ച്ചയായി 12 വിജയങ്ങളോടെ റെക്കോര്‍ഡിട്ടത്. 2018ല്‍ തുടര്‍ച്ചയായി 12 കളികളില്‍ ജയിച്ച് രോഹിത് ഈ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു. ഇരുവരുടെയും ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ സൗത്താഫ്രിക്കയില്‍ രാഹുലിനു അവസരമുണ്ട്. കാരണം ഏകദിന പരമ്പരയില്‍ ഇനിയും രണ്ടു കളികള്‍ ബാക്കില്‍ക്കുകയാണ്. ഇവയില്‍ ജയിക്കാനായാല്‍ തുടര്‍ച്ചയായി 12 ജയങ്ങളുമായി രാഹുലിനും റെക്കോര്‍ഡില്‍ പങ്കാളിയാവാം.

അതേസമയം, രാഹുലിനെ സംബന്ധിച്ച് മധുരപ്രതികാരം കൂടിയാണ് ആദ്യ ഏകദിനത്തിലെ ഗംഭീര വിജയം. കാരണം 2021ലെ കഴിഞ്ഞ പര്യടനത്തില്‍ അദ്ദേഹത്തിനു കീഴില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിച്ചിരുന്നു.

KL RAHUL

പക്ഷെ സൗത്താഫ്രിക്ക ഈ പരമ്പര 3-0നു തൂത്തുവാരി രാഹുലിനെയും ഇന്ത്യയെയും നാണംകെടുത്തിയിരുന്നു. അന്നത്തെ സമ്പൂര്‍ണ തോല്‍വിക്കു അതേ നാണയത്തില്‍ പ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളിലൂടെ ലഭിച്ചിരിക്കുന്നത്.

ആദ്യ ഏകദിനത്തില്‍ നേടിയ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു മല്‍സരശേഷം രാഹുല്‍ പ്രതികരിച്ചത്. ഞാന്‍ സന്തോഷവാനാണ്. ഒരു ജയം ഇവിടെ കുറിക്കാനായതു നല്ല കാര്യം. ഞങ്ങള്‍ പ്രതീക്ഷിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. സ്പിന്നര്‍മാരെ ഗെയിമില്‍ നന്നായി ഉപയോഗിക്കാനായിരുന്നു പദ്ധതി. എല്ലാവരും കളിയില്‍ നന്നായി പെര്‍ഫോം ചെയ്തു.

വളരെ അച്ചടക്കത്തോടെ തുടരാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു. ബോള്‍ മൂവ് ചെയ്തു കൊണ്ടേയിരുന്നു. ഒരുപാട് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഒരു ഫോര്‍മാറ്റിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഇപ്പോള്‍ ടെസ്റ്റിനും ടി20ക്കുമാണ് കൂടുതല്‍ പ്രാധാന്യം. എല്ലാവരും പെര്‍ഫോം ചെയ്യുകയും രാജ്യത്തിനു വേണ്ടി നന്നായി ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ രസമറിയാന്‍ അവര്‍ക്കു ഇതു നല്ല അവസരമാണെന്നും രാഹുല്‍ വ്യക്തമാക്കി.

Story first published: Sunday, December 17, 2023, 22:44 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+