
ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായുള്ള തുടക്കം സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ മോശമാക്കിയില്ല. 2001നു ശേഷം നായകനായി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഫിഫ്റ്റിയോ അതിനു മുകളിലോ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. നിലവിലെ സ്ഥിരം ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമാണ് രാഹുല്‍ എത്തിയിരിക്കുന്നത്.
പക്ഷെ കോലിയുടെ പ്രകടനത്തിന് താഴെ മാത്രമേ അദ്ദേഹം വരികയുള്ളു. കാരണം ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ അദ്ദേഹം രണ്ടിന്നിങ്‌സുകലിലും സെഞ്ച്വറി കുറിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 115 റണ്‍സായിരുന്നു കോലി അടിച്ചെടുത്തത്. രണ്ടാമിന്നിങ്‌സില്‍ 141 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രാഹുലാവട്ടെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടാനാവാതെ പുറത്തായിക്കഴിഞ്ഞു. ഇനി രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി നേടിയാലും രണ്ടിന്നിങ്‌സുകലിലും സെഞ്ച്വറികളെന്ന കോലിയുടെ റെക്കോര്‍ഡ് ആവര്‍ത്തിക്കാന്‍ രാഹുലിനു സാധിക്കില്ല.
സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 50 റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. 133 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവര്‍ റണ്ണെടുക്കാന്‍ വിശമിച്ച ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലെ പിച്ചില്‍ രാഹുലിന്റെ ഇന്നിങ്‌സ് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുകയായിരുന്നു. അഞ്ചാമനായാണ് അദ്ദേഹം ക്രീസ് വിട്ടത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും രാഹുല്‍ പതറിയില്ല. മികച്ച പന്തുകളെ ഒഴിവാക്കിയ അദ്ദേഹം മോശം ബോളുകള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച
സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ ദിനം മൂന്നാം സെഷനില്‍ ആറു വിക്കറ്റിന് 156 റണ്‍സെന്ന നിലയില്‍ പതറുകയാണ്. രാഹുലിനൊഴികെ (50) ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും സൗത്താഫ്രിക്കന്‍ പേസാക്രമണത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
മായങ്ക് അഗര്‍വാള്‍ (26), ചേതേശ്വര്‍ പുജാര (3), അജിങ്ക്യ രഹാനെ (0), ഹനുമാ വിഹാരി (20), റിഷഭ് പന്ത് (17) എന്നിവരാണ് പുറത്തായവര്‍. 54 ഓവര്‍ കഴിയുമ്പോള്‍ ആര്‍ അശ്വിനോടൊപ്പം (26*) ശര്‍ദ്ദുല്‍ ടാക്കൂറാണ് (0*) ക്രീസിലുള്ളത്. മൂന്നു വിക്കറ്റുകളെടുത്ത മാര്‍ക്കോ യാന്‍സനാണ് ഇന്ത്യയെ തകര്‍ത്തത്. കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന താരം 14 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെയാണ് മൂന്നു പേരെ പുറത്താക്കിയത്. ഡുവാന്‍ ഒലിവിയര്‍ രണ്ടു വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി. കാഗിസോ റബാഡയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. പുറംഭാഗത്തിനേറ്റ പരിക്കു കാരണമാണ് വിരാട് കോലിക്കു അപ്രതീക്ഷിതമായി ഈ ടെസ്റ്റില്‍ നിന്നും പിന്മാറേണ്ടി വന്നത്. പകരക്കാരനായി ഹനുമാ വിഹാരി ടീമിലെത്തുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമിലെ ഏക മാറ്റവും ഇതു മാത്രമായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.