Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സൗത്തിയല്ല, ഇനി രോഹിത്തിന്റെ പേടിസ്വപ്‌നം റബാഡ! സൗത്താഫ്രിക്കയില്‍ വീണ്ടും നനഞ്ഞ പടക്കം

സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ പുതിയ പേടിസ്വപ്‌നായി മാറിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ രോഹിത്തിനെ രണ്ടക്കം തികയ്ക്കും മുമ്പ് റബാഡ വീഴ്ത്തുകയായിരുന്നു. ഇതോടെ ഹിറ്റ്മാനെതിരേ വമ്പന്‍ റെക്കോര്‍ഡും അദ്ദേഹം കുറിച്ചിരിക്കുകയാണ്.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത്തിനെ ഏറ്റവുമധികം തവണ പുറത്താക്കിയ ബൗളറെന്ന നേട്ടമാണ് റബാഡയെ തേടിയെത്തിയത്. ടെസ്റ്റില്‍ ഇതു 13ാം തവണയാണ് സൗത്താഫ്രിക്കന്‍ പേസര്‍ അദ്ദേഹത്തിന്റെ ചീട്ട് കീറിയത്. 12 തവണ രോഹിത്തിനെ വീഴ്ത്തിയ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയായിരുന്നു നേരത്തേ തലപ്പത്ത്. എന്നാല്‍ കിവി പേസറെ പിന്തള്ളിയ റബാഡ ചരിത്രം തിരുത്തിയിരിക്കുകയാണ്.

rohit1

രോഹിത്തിനെ കൂടുതല്‍ തവണ പുറത്താക്കിയവരില്‍ മൂന്നാംസ്ഥാനം ശ്രീലങ്കയുടെ വെറ്ററന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസാണ്. 10 തവണ അദേഹം ഹിറ്റ്മാന്റെ വിക്കറ്റെടുത്തിട്ടുണ്ട്. ഒമ്പതു തവണ വിക്കറ്റ് പിഴുത ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലയണ്‍ നാലാംസ്ഥാനത്തും എട്ടു തവണ പുറത്താക്കിയ ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് അഞ്ചാംസ്ഥാനത്തും നില്‍ക്കുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇടിവെട്ട് ബാറ്റിങ് കാഴ്ചവച്ച് റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു. പക്ഷെ വെറും അഞ്ചു സണ്‍സ് മാത്രമെടുത്ത് അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. 14 ബോളികള്‍ നേരിട്ട രോഹിത് ഒരു ഫോറടക്കമാണ് അഞ്ചു റണ്‍സെടുത്തത്. പക്ഷെ അദ്ദേഹത്തെ അധിനേരം ക്രീസില്‍ തുടരാന്‍ റബാഡ അനുവദിച്ചില്ല. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യന്‍ നായകന്റെ വിലപ്പെട്ട വിക്കറ്റ് റബാഡ കൈക്കലാക്കി.

rohit2

അഞ്ചാം ഓവറിലെ അവസാന ബോളിലാണ് ഇന്ത്യയെ സ്തബ്ധരാക്കി ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. ശരീരം ലക്ഷ്യമിട്ട് ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളായിരുന്നു റബാഡ പരീക്ഷിച്ചത്. പക്ഷെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പുള്ളര്‍മാരില്‍ ഒരാളായ രോഹിത്തിനു പിഴച്ചു. പുള്‍ ഷോട്ടിലൂടെ സിക്‌സറിനു തുനിഞ്ഞ അദ്ദേഹത്തിന്റെ ടൈമിങ് പാടെ പാളുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ രോഹിത്തിനു സാധിക്കാതെ പോയപ്പോള്‍ ഫൈന്‍ ലെഗില്‍ നേരെ നാന്ദ്രെ ബര്‍ഗറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റില്‍ മോശം ബാറ്റിങ് റെക്കോര്‍ഡുള്ള രോഹിത് ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ തുടക്കം തന്നെ പാളിയിരിക്കുകയാണ്. ഇവിടെ ടെസ്റ്റില്‍ മോശം റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്.

സൗത്താഫ്രിക്കയില്‍ ഒമ്പതു ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹത്തിനു ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ല. 14.22 എന്ന മോശം ശരാശരിയില്‍ 128 റണ്‍സ് മാത്രമേ രോഹിത് സ്‌കോര്‍ ചെയ്തിട്ടുള്ളൂ. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 14, 6, 0, 25, 11, 10, 10, 47, 5 എന്നിങ്ങനെയാണ് സൗത്താഫ്രിക്കയില്‍ ഹിറ്റ്മാന്റെ ടെസ്റ്റ് സ്‌കോറുകള്‍.

Story first published: Tuesday, December 26, 2023, 15:44 [IST]
Other articles published on Dec 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+