പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. കെ എല്‍ രാഹുലിന് കീഴില്‍ യുവതാരങ്ങളുടെ സംഘവുമായി ഇറങ്ങിയാണ് ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നാണംകെടുത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ 78 റണ്‍സിന്റെ ജയത്തോടെയാണ് ഇന്ത്യ പരമ്പര നേടിയെടുത്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയെ അവരുടെ മടയില്‍ ഇന്ത്യ വീഴ്ത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യ പരമ്പര നേടുമ്പോള്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് നായകന്‍ കെ എല്‍ രാഹുലിനാണ്. വലിയ ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ രാഹുലിനായിരുന്നില്ല. എന്നാല്‍ നായകനെന്ന നിലയില്‍ രാഹുലെടുത്ത തീരുമാനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. ഇപ്പോഴിതാ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചതിന് പിന്നാലെ വമ്പന്‍ നേട്ടവും രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേടിക്കൊടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനെന്ന റെക്കോഡിലേക്കാണ് രാഹുല്‍ പേരു ചേര്‍ത്തത്. ഇതിന് മുമ്പ് വിരാട് കോലിയാണ് ഈ നേട്ടത്തിലേക്കെത്തിയത്. രോഹിത് ശര്‍മക്കും എംഎസ് ധോണിക്കും നേടാനാവാത്ത റെക്കോഡാണ് രാഹുല്‍ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്നത്. സീനിയര്‍ താരങ്ങളില്ലാതെയാണ് രാഹുല്‍ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചതെന്നത് എടുത്തു പറയേണ്ടതാണ്.
രാഹുലിനെ സംബന്ധിച്ച് ഈ പരമ്പര നേട്ടം പകരം വീട്ടലാണ്. 2022ല്‍ രാഹുലിന് കീഴില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിച്ചപ്പോള്‍ 3-0നാണ് നാണംകെട്ടത്. ഇപ്പോള്‍ 2-1ന് പരമ്പര നേടി ആ നാണക്കേടിന്റെ ക്ഷീണം മാറ്റാന്‍ രാഹുലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഡിആര്‍എസ് എടുക്കുന്നതില്‍ ധോണിയെപ്പോലെ അപാരമായ മികവ് രാഹുലിനുണ്ട്. ഡിആര്‍എസിലെ വിശ്വസ്തനായ താരമായി രാഹുല്‍ മാറിക്കഴിഞ്ഞു.

വിക്കറ്റിന് പിന്നിലും രാഹുല്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ രാഹുല്‍ നായകനായി നേടുന്ന നാലാമത്തെ പരമ്പരയാണിത്. സിംബാബ് വെക്കെതിരേ 3-0നും ബംഗ്ലാദേശിനെതിരേ 227 റണ്‍സിനും ഓസ്‌ട്രേലിയക്കെതിരേ 2-0നും ജയം നേടിക്കൊടുക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാഹുല്‍ നായകനായ അവസാന 12 മത്സരത്തില്‍ 11ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരു മത്സരം മാത്രമാണ് ടീം തോറ്റത്.
ഇന്ത്യയുടെ അടുത്ത നായകനായി ടെസ്റ്റിലും ഏകദിനത്തിലും കെ എല്‍ രാഹുലിനെ കൊണ്ടുവരുന്നതാണ് നല്ലത്. സീനിയര്‍ താരമായ രാഹുലിന് മികച്ച നിലയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുണ്ട്. യുവതാരങ്ങളെ പിന്തുണക്കുന്ന നായകനാണ് രാഹുല്‍. അനുഭവസമ്പത്തും മികവും പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യനായ താരം കെ എല്‍ രാഹുലാണെന്ന് പറയാം.
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ്. 114 പന്ത് നേരിട്ട് 108 റണ്‍സാണ് സഞ്ജു നേടിയത്. ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ മിന്നും പ്രകടനം. കെ എല്‍ രാഹുലിനും തിലക് വര്‍മക്കുമൊപ്പം സഞ്ജു സൃഷ്ടിച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. തിലക് വര്‍മ 52 റണ്‍സ് നേടിയപ്പോള്‍ റിങ്കു സിങ് 38 റണ്‍സും സ്വന്തമാക്കി. ഇതോടെ ഇന്ത്യ 8 വിക്കറ്റിന് 296 റണ്‍സാണ് അടിച്ചെടുത്തത്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപ് സിങ്ങാണ് തകര്‍ത്തത്. നാല് വിക്കറ്റാണ് അര്‍ഷ്ദീപ് സിങ് നേടിയത്. ആവേശ് ഖാനും വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. അക്ഷര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.