മുംബൈ: സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യമായ സര്‍പ്രൈസുകളില്ലാതെയാണ് സൂര്യകുാര്‍ യാദവിനു കീഴില്‍ ഇന്ത്യന്‍ സംഘത്തെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള ടി20 പരമ്പര തൂത്തുവാരിയ സംഘത്തിലെ ഭൂരിഭാഗം പേരെയും ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്.
പരിക്കിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍മാരായ റിയാന്‍ പരാഗ്, ശിവം ദുബെ, മായങ്ക് യാദവ് എന്നിവരെയൊന്നും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായതിനാല്‍ നിതീഷ് റെഡ്ഡിയെയും പരിഗണിച്ചിട്ടില്ല.
അടുത്ത മാസം എട്ടിനാണ് ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നടക്കാനിരിക്കുന്നത്. നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒന്നില്‍പ്പോലും അവസരം കിട്ടാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ജിതേഷ് ശര്‍മ
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയാണ് ടി20 പരമ്പരയിലെ എല്ലാ കളിയിലും വാട്ടര്‍ ബോയ് ആയി മാറാനിടയുള്ള ഒരു താരം. മലയാളി താരം സഞ്ജു സാംസണാണ് നിലവില്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് റോള്‍ കൂടി അദ്ദേഹം നിര്‍വഹിക്കും. ടീമില്‍ മറ്റു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരില്ലാത്തതിനാല്‍ എല്ലാ കളിയിലും സഞ്ജു തന്നെ ഈ റോളില്‍ കളിക്കും.
ഈ കാരണത്താല്‍ തന്നെ വിക്കറ്റ് കീപ്പിങ്ങില്‍ മറ്റൊരാളെ ഇന്ത്യന്‍ ടീമിനു ആവശ്യം വരില്ല. അതിനാല്‍ നാലു ടി20യിലും ജിതേഷിനു ബെഞ്ചില്‍ തന്നെയാവും സ്ഥാനം. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ.
ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മൂന്നു ടി20കളുടെ പരമ്പരയിലും ജിതേഷ് ടീമിലുണ്ടായിരുന്നു. പക്ഷെ സഞ്ജു ഓപ്പണിങും വിക്കറ്റ് കീപ്പിങും ഒരുമിച്ച് കൈകാര്യം ചെയ്തതോടെ അദ്ദേഹം കാഴ്ചക്കാരനായി മാറി. സൗത്താഫ്രിക്കയിലും ഇതു തന്നെയായിരിക്കും സംഭവിച്ചേക്കുകയെന്ന് ഏറെക്കുറെ ഉറപ്പാണ്.
രമണ്‍ദീപ് സിങ്
പുതുമുഖ ബാറ്റര്‍ രമണ്‍ദീപ് സിങാണ് ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെയാള്‍. തികച്ചും അപ്രതീക്ഷിതമായിട്ടാണ് 27 കാരനായ താരത്തിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയത്. ഇപ്പോള്‍ നടക്കുന്ന എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് രമണ്‍ദീപ്. ടൂര്‍ണമെന്റില്‍ തിലക് വര്‍മ നയിച്ച ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ തോറ്റു പുറത്താവുകയും ചെയ്തിരുന്നു.
സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ ആരൊക്കെയാവും കളിക്കുകയെന്നു ചിത്രം തെളിഞ്ഞു കളിഞ്ഞു. നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇറങ്ങുക. അതുകൊണ്ടു തന്നെ രമണ്‍ദീപിനു ഇലവനില്‍ അവസരവും ലഭിക്കില്ല. ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ താരത്തെ ഇന്ത്യ കളിപ്പിക്കുകയുള്ളൂ.

വിജയ് കുമാര്‍ വൈശാഖ്
പുതുമുഖ ഫാസ്റ്റ് ബൗളര്‍ വിജയ് കുമാര്‍ വൈശാഖാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ വാട്ടര്‍ബോയ് ആയി ഒതുങ്ങാനിടയുള്ള മൂന്നാമത്തെ താരം. മായങ്ക് യാദവിന്റെ അഭാവം കാരണമാണ് വിജയ്കുമാറിനു കരിയറിലാദ്യമായി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. നേരത്തേ ഐപിഎല്ലില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം.
പക്ഷെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലെ നാലു കളിയിലും വിജയ്കുമാറിനു ബെഞ്ചിലിരിക്കേണ്ടി വന്നേക്കും. അര്‍ഷ്ദീപ് സിങായിരിക്കും പരമ്പരയില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. അദ്ദേഹത്തിനു കൂട്ടായി ഒരാള്‍ ആവേശ് ഖാനായിരിക്കും. മൂന്നാമതൊരു പേസറെ കളിപ്പിച്ചാല്‍ യഷ് ദയാലിനായിരിക്കും നറുക്കുവീഴുക.