
എന്റെ ജോലിയില്‍ ശ്രദ്ധിക്കുക പ്രധാനം
ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. പുറമെ നിന്നും ആളുകള്‍ ഇതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. അവ ചിലപ്പോള്‍ പോസിറ്റീവോ, നെഗറ്റീവോ ആവാം.
ഒരു ക്യാപ്റ്റനെന്ന നിലയില്ല, ഒരു ക്രിക്കറ്ററെന്ന നിലയില്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ഏറ്റവും പ്രധാനം സ്വന്തം ജോലിയില്‍ ശ്രദ്ധിക്കുകയെന്നതാണ്. മറ്റുള്ളവര്‍ എന്തൊക്കെയാണ് പറയുന്നത് എന്നത് ശ്രദ്ധിക്കുകയല്ല എന്റെ ജോലി. കാരണം അവയൊന്നും നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഒരുപാട് തവണ ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴും ഇതു തന്നെയാണ് പറയാനുള്ളതെന്നും ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രോഹിത് വ്യക്തമാക്കി.

കോലിയുടെ പേരെടുത്തു പറഞ്ഞില്ല
വിരാട് കോലിയുടെ പേര് പരാമര്‍ശിക്കാതെയാണ് തനിക്കു ടീമിലെ ആരുമായും ശത്രുതയില്ലെന്നു രോഹിത് വിശദീകരിച്ചത്. പുറത്തു നിന്നുള്ള ഇത്തരം അഭ്യൂഹങ്ങളെ കണക്കിലെടുക്കരുതെന്നാണ് ടീമിനും നല്‍കാറുള്ള ഉപദേശം. ടീമിലെ താരങ്ങള്‍ക്കും ഇതു മനസ്സിലാവും. വലിയൊരു ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ പുറത്ത് ഇതേക്കുറിച്ച് ആളുകള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം പ്രകടനത്തില്‍ ശ്രദ്ധിക്കുകയെന്നതും മല്‍സരങ്ങളില്‍ വിജയിക്കാന്‍ ശ്രമിക്കുകയെന്നതുമാണ്.
പുറത്ത് പലതും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കും. അവയെല്ലാം അസംബന്ധമാണ്. പരസ്പരം ഞങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് പ്രധാനമെന്നു നിങ്ങള്‍ക്കുമറിയാം. x, y, z ആരുമാവട്ടെ, അയാളെക്കുറിച്ച് ഞാന്‍ എന്താണോ ചിന്തിക്കുന്നത് അതാണ് പ്രധാനം. കളിക്കാര്‍ തമ്മില്‍ ദൃഢമായൊരു ബന്ധം സൃഷ്ടിച്ചെടുക്കാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുകയെന്നും രോഹിത് വിശദമാക്കി.

കോലി ടീമിനെ ശക്തമായ നിലയിലെത്തിച്ചു
തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ലെന്ന അവസ്ഥയിലക്കേു ഇന്ത്യന്‍ ടീമിനെ എത്തിച്ചത് വിരാട് കോലിയാണ്. അത്രയും മികച്ച നിലയിലാണ് ഇപ്പോള്‍ നമ്മുടെ ടീം. ഓരോ തവണ ഗ്രൗണ്ടിലെത്തിയപ്പോഴും കഴിഞ്ഞ അഞ്ചു വര്‍ഷമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു തന്നെയാണ് നയിച്ചിട്ടുള്ളത്. എല്ലാ മല്‍സരങ്ങളിലും നമുക്ക് വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യവും ധൈര്യവുമെല്ലാം വിരാടിനുണ്ടായിരുന്നു. ടീമിനു നല്‍കിയിരുന്ന സന്ദേശവും ഇതു തന്നെയായിരുന്നുവെന്നും രോഹിത് പറയുന്നു.

കോലിക്കു കീഴില്‍ ഒരുപാട് കളിച്ചു
വിരാട് കോലിക്കു കീഴില്‍ ഇന്ത്യക്കു വേണ്ടി കളിച്ചത് നല്ല അനുഭവമായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ഒരുപാട് മല്‍സരങ്ങളില്‍ ഞാന്‍ കളിക്കുകയും ചെയ്തു. ഓരോ നിമിഷവും ആസ്വദിച്ചിട്ടാണ് അന്നു ഞാന്‍ കളിച്ചിട്ടുള്ളത്. തുടര്‍ന്നും ഇതു തന്നെയായിരിക്കും താന്‍ ചെയ്യുകയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് രോഹിത്തിനു കീഴിലാണ് ഇന്ത്യ കളിക്കുക. ഏകദിന ടീമിന്റെ ഫുള്‍ടൈം നായകനായ ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. നേരത്തേ ടി20യില്‍ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യ ആദ്യമായി ഇറങ്ങിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











