സെഞ്ച്വൂറിയന്‍: ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തേക്ക് തികച്ചും അപ്രതീക്ഷതമായാണ് സഞ്ജു സാംസണ്‍ എത്തിയത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷമാണ് ഇത്തരമൊരു അവസരം സഞ്ജുവിലേക്കെത്തുന്നത്. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ നായകനായതോടെ സഞ്ജുവിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മിന്നിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു.
പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടി20യിലും സെഞ്ച്വറി നേടിയതോടെ ചരിത്ര നേട്ടത്തിലേക്കാണ് സഞ്ജു പേര് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇതോടെ സഞ്ജുവിന്റെ ഗ്രാഫ് താഴോട്ട് പോയിരിക്കുകയാണ്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചെന്ന് കരുതി ഇരിക്കവെയാണ് തുടര്‍ ഡെക്കുകള്‍ നേരിടുന്നത്. ഇതോടെ സഞ്ജുവിന്റെ കാര്യം പ്രതിസന്ധിയിലായിരിക്കുകയാണ്.
സഞ്ജുവിന്റെ ആരാധകര്‍ കടുത്ത നിരാശയിലാണെങ്കിലും മലയാളി താരത്തിന്റെ മോശം ഫോം ചിലരെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടം അഞ്ച് പേര്‍ക്ക് ഗുണകരമാണ്. ഇത് ആരൊക്കെയാണെന്ന് അറിയാം.
ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. കടന്നാക്രമിച്ച് കളിക്കുന്ന താരമല്ലെങ്കിലും ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. ടി20യില്‍ സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ ഗില്ലിനായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ നിലവിലെ ആക്രമണ ശൈലിക്ക് അനുസരിച്ച് ഉയരുന്നില്ലാത്തതിനാല്‍ നിലവില്‍ താരത്തെ മാറ്റിനിര്‍ത്തുകയായിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍ ഫ്‌ളോപ്പായതോടെ ഓപ്പണിങ്ങിലേക്ക് ഗില്ലിന് തിരിച്ചെത്താമെന്ന പ്രതീക്ഷ ഉയരുകയാണ്. വരുന്ന ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ഗില്ലിനെ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി പ്രതീക്ഷിക്കാം.
ഇഷാന്‍ കിഷന്‍
സഞ്ജു സാംസണിന് വലിയ ഭീഷണി ഉയര്‍ത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ താരം ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് മാറി നില്‍ക്കുകയാണ്. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇഷാന്‍ കാത്തിരിക്കുകയാണ്. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഇഷാന്‍ ഓപ്പണിങ്ങില്‍ മികവ് കാട്ടുകയും സെഞ്ച്വറി നേടുകയും ചെയ്ത താരമാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ ഫ്‌ളോപ്പാവുന്നത് ഇഷാന്റെ തിരിച്ചുവരവിന് സഹായിക്കും. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പമാണ് ഇഷാനുള്ളത്.
റിഷഭ് പന്തിനും സന്തോഷം
ഇന്ത്യ ടി20യിലേക്ക് റിഷഭിനെ കാര്യമായി പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത. റിഷഭിന് ടി20 കളിക്കാന്‍ കൂടുതല്‍ താല്‍പര്യമുണ്ടെങ്കിലും ടെസ്റ്റിലും ഏകദിനത്തിലുമായി റിഷഭിനെ കൂടുതല്‍ പരിഗണിക്കാനാണ് ടീം മാനേജ്‌മെന്റിന് താല്‍പര്യം. റിഷഭ് ടോപ് ഓഡറില്‍ കളിക്കാന്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്ന താരമാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന്റെ മോശം ഫോം റിഷഭിനും തിരിച്ചുവരാനുള്ള വഴി തുറക്കുന്നു. സഞ്ജു ഫ്‌ളോപ്പായാല്‍ റിഷഭ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടി20 ടീമിലേക്കും തിരിച്ചെത്തുമെന്ന കാര്യം ഉറപ്പാണെന്ന് പറയാം.

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ സീനിയര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കെ എല്‍ രാഹുല്‍ നിലവില്‍ ടി20 ടീമിന് പുറത്താണ്. ശക്തമായി തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന താരമാണ് രാഹുല്‍. എന്നാല്‍ യുവതാരങ്ങള്‍ മികവ് കാട്ടുമ്പോള്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമല്ല. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്നത് രാഹുലിന് ഗുണം ചെയ്യാന്‍ സാധ്യത കൂടുതലാണ്. രാഹുല്‍ ടി20 ടീമിലേക്ക് തിരിച്ചെത്തുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും സഞ്ജുവിന്റെ മോശം പ്രകടനം രാഹുലിനും വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് പറയാം.
റുതുരാജ് ഗെയ്ക്‌വാദ്
റുതുരാജ് ഗെയ്ക് വാദ് ഇന്ത്യന്‍ ടി20 ടീമിലേക്കെത്താന്‍ അര്‍ഹതയുള്ള താരങ്ങളിലൊരാളാണ്. സിഎസ്‌കെ നായകനായ റുതുരാജിന് മോശമല്ലാത്ത റെക്കോഡും അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ അര്‍ഹിച്ച പിന്തുണ ഓപ്പണര്‍ക്ക് ലഭിച്ചിട്ടില്ല. സഞ്ജു സാംസണ്‍ ഫ്‌ളോപ്പാവുമ്പോള്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിലൊരാളാണ് റുതുരാജ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ റുതുരാജും സന്തോഷവാനാണ്.
ജിതേഷ് ശര്‍മ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. എന്നാല്‍ ജിതേഷിനെ ഇന്ത്യ ഓപ്പണറായി പരിഗണിക്കാന്‍ വിരളമായ സാധ്യതയാണുള്ളതെന്ന് പറയാം. എങ്കിലും സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ജിതേഷിനും അവസരം തുറക്കുന്നതാണ്.
.