മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഇന്ത്യന്‍ ടീമിനൊപ്പമുള്ളതിനാല്‍ പല പ്രതിഭാശാലികളായ താരങ്ങള്‍ക്കും ആവശ്യത്തിന് അവസരം ഇന്ത്യന്‍ ടീമിനൊപ്പം ലഭിക്കാത്ത സാഹചര്യമുണ്ട്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ഇന്ത്യന്‍ ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങളെത്തുന്നുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ കാര്യമായ പിന്തുണ ലഭിക്കാത്ത പല താരങ്ങള്‍ക്കും ഇപ്പോള്‍ ഗംഭീര്‍ അവസരം നല്‍കുന്നു.
ദ്രാവിഡ് പരിശീലകനായിരിക്കെ ബിസിസി ഐ കരാറില്‍ നിന്ന് പുറത്തായ താരമാണ് ഇഷാന്‍ കിഷന്‍. ടി20യിലും ഏകദിനത്തിലും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള വിക്കറ്റ് കീപ്പറാണ് ഇഷാന്‍. അരങ്ങേറ്റ ടി20 മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനവും നടത്തിയിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള നിര്‍ദേശം അവഗണിച്ചതോടെയാണ് ഇഷാന്‍ ഇന്ത്യന്‍ ടീമിന് പുറത്തായത്.
ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇഷാന്‍ കിഷന്‍. ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇഷാന്‍ കിഷന്‍ തന്റെ തിരിച്ചുവരവ് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ്. ഉടന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കിടുന്നത്.
വാശിയേറിയ പോരാട്ടം ഞാന്‍ ആസ്വദിക്കുന്നു
ഇന്ത്യയുടെ ടി20 ടീമിലൂടെയാണ് ഇഷാന്‍ വരവറിയിക്കുന്നത്. ഇപ്പോഴും ഇഷാനെ കൂടുതല്‍ പരിഗണിക്കുന്നത് ടി20യിലാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ ഇഷാന് സാധിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനത്തിനായി നടക്കുന്ന വാശിയേറിയ പോരാട്ടങ്ങളാണെന്നും അതെല്ലാം താന്‍ നന്നായി ആസ്വദിക്കുകയാണെന്നുമാണ് ഇഷാന്‍ പറയുന്നത്. സഞ്ജു സാംസണാണ് നിലവില്‍ ടി20 ഓപ്പണര്‍. ഈ സ്ഥാനമാണ് ഇഷാന്‍ നോട്ടമിടുന്നതെന്ന് പറയാം.
'എല്ലാവരും ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ കളികള്‍ തുടരുക. ശക്തമായ പോരാട്ടം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായിട്ടുണ്ട്. എല്ലാവരും ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനായി കളിക്കുന്നവരെയോര്‍ത്ത് സന്തോഷമാണുള്ളത്. ഇപ്പോള്‍ ആരോഗ്യപരമായ വലിയ മത്സരം ടീമിലെ സ്ഥാനത്തിനായി നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഞാന്‍ ആസ്വദിക്കുകയാണ് ചെയ്യുന്നത് സമ്മര്‍ദ്ദമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ശക്തമായി തിരിച്ചുവരും' ഇഷാന്‍ കിഷന്‍ പറഞ്ഞു.

വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങിയതുപോലെ
ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിന് പുറത്തായ ശേഷം കുറച്ച് നാളുകളായി താരം തിരിച്ചുവരവിനായി വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. അവസാന ഐപിഎല്ലിലും കാര്യമായ പ്രകടനം നടത്താന്‍ ഇഷാനായിരുന്നില്ല. എന്നാല്‍ അവസാനം കളിച്ച ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കാന്‍ ഇഷാനായി. ബുച്ചി ബാബു ടൂര്‍ണമെന്റ്, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി എന്നിവയിലെല്ലാം സെഞ്ച്വറി പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് സാധിച്ചു.
'ബറോഡക്കായി കളിക്കുമ്പോള്‍ ഒന്നില്‍ നിന്ന് വീണ്ടും തുടങ്ങുന്നതുപോലെയാണ് തോന്നുന്നത്. പദ്ധതികള്‍ വളരെ മികച്ചതായാണ് മുന്നോട്ട് പോകുന്നത്. ജീവിതവും ക്രിക്കറ്റും വീണ്ടും ലഭിക്കുന്നതുപോലെയാണ് തോന്നുന്നത്. ഇതേ ആവേശം തോന്നിയിട്ടുള്ളത് പണ്ട് സുഹൃത്തുക്കളോടൊപ്പം ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാനായി കാത്ത് നില്‍ക്കുമ്പോഴാണ്. അന്ന് ഞായറാഴ്ചയാകാന്‍ കാത്തിരിക്കുമായിരുന്നു. ബറോഡയില്‍ കൃത്യമായ പദ്ധതികളും ദിനചര്യകളുമുണ്ടായിരുന്നു. യോഗയും ധ്യാനവുമെല്ലാം ഉണ്ടായിരുന്നു' ഇഷാന്‍ പറഞ്ഞു.
സഞ്ജു സാംസണ്‍ സൂക്ഷിക്കണം
മടങ്ങിവരാനൊരുങ്ങുന്ന ഇഷാന്‍ കിഷന്‍ ലക്ഷ്യമിടുന്നത് ഓപ്പണിങ് പൊസിഷനാണെന്ന് പറയാം. ഇന്ത്യ എ ടീമിന്റെ ഓസീസ് പര്യടനത്തില്‍ ഓപ്പണര്‍ റോളിലാവും ഇഷാന്‍ കളിക്കുക. സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണറാണ്. ബംഗ്ലാദേശിനെതിരായ പ്രകടനം വിലയിരുത്തിയാണ് സഞ്ജുവിന് ദക്ഷിണാഫ്രിക്കയിലും ഓപ്പണര്‍ റോള്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇത് മുതലാക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജു സാംസണിന് വഴിമാറിക്കൊടുക്കേണ്ടി വരും. മികച്ച ഫോമില്‍ കളിച്ച് ശക്തമായി തിരിച്ചെത്താനാണ് ഇഷാന്‍ കിഷന്റെ പദ്ധതി. അതുകൊണ്ടുതന്നെ സഞ്ജുവിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം.