ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നാല് മത്സര ടി20 പരമ്പര 3-1നാണ് ഇന്ത്യ ജയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര നേടുകയെന്നത് അത്ര നിസാരമായ കാര്യമില്ല. എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ താരനിരയാണ് ദക്ഷിണാഫ്രിക്കയുടേത്. അതുകൊണ്ടുതന്നെ അവിടെ യുവതാരങ്ങളുമായെത്തി പരമ്പര നേടിയെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.
നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ വളര്‍ച്ചയാണ് എടുത്തു പറയേണ്ടത്. ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിനെ നായകനാക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിയില്ലെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടി20 നായകന്മാരിലൊരാളാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ അദ്ദേഹം കാഴ്ചവെക്കുന്നത്.
തോറ്റത് വെറും 3 മത്സരം
സൂര്യകുമാര്‍ യാദവ് നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ളവനായിരുന്നില്ല. അതുകൊണ്ടുതന്നെ സൂര്യയെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ വലിയ വിമര്‍ശനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ 17 മത്സരത്തില്‍ 14ലും ഇന്ത്യയെ ജയിപ്പിച്ചാണ് സൂര്യ കൈയടി നേടുന്നത്. മൂന്ന് മത്സരം മാത്രമാണ് സൂര്യക്ക് കീഴില്‍ ഇന്ത്യ ടി20 തോറ്റത്. 80% സൂര്യയുടെ വിജയ ശരാശരി. ഇന്ത്യയുടെ നായകനായി സൂര്യകുമാര്‍ മിന്നിക്കുകയാണെന്ന് തന്നെ പറയാം.
സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ചേര്‍ന്നുള്ള ഇന്ത്യന്‍ സംഘം ടി20 ടീമിനെ ഉന്നതിയിലേക്കാണ് വളര്‍ത്തുന്നത്. ഓസ്‌ട്രേലിയക്കെതിരേ 4-1ന് പരമ്പര, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1-1 സമനിസ ശ്രീലങ്കയെ 3-0ന് തകര്‍ത്തു, ബംഗ്ലാദേശിനെ 3-0ന് തോല്‍പ്പിച്ചു, ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3-1നും പരമ്പര. അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ ടീമിന്റെ പ്രകടനമെന്ന് പറയാം.

യുവതാരങ്ങളെല്ലാം കിടിലന്‍ പ്രകടനം
സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ മറ്റ് നായകന്മാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായിട്ടുള്ള ആളാണ്. മറ്റുള്ളവരെക്കാള്‍ സഹതാരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നായകനാണ് സൂര്യ. ഗൗതം ഗംഭീറും ഇതേ പിന്തുണ സഹതാരങ്ങള്‍ക്ക് നല്‍കുന്നു. സഞ്ജു സാംസണെ ഓപ്പണിങ്ങിലേക്കെത്തിച്ചത് സൂര്യകുമാറും ഗംഭീറും ചേര്‍ന്നാണ്. ഇതിനോട് നീതികാട്ടാന്‍ സഞ്ജു സാംസണിന് സാധിക്കുന്നു. തിലക് വര്‍മക്കായി സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പര്‍ വിട്ടുകൊടുത്തു.
ഇതോടെ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളോടെ കസറാന്‍ തിലകിന് സാധിച്ചിരിക്കുകയാണ്. സമീപകാലത്ത് ഇന്ത്യ നിരവധി യുവതാരങ്ങള്‍ക്കാണ് ടി20 ടീമില്‍ അവസരം നല്‍കിയത്. ഇവരെല്ലാം മികച്ച പ്രകടനത്തോടെ കൈയടി നേടുകയും ചെയ്തു. ഇന്ത്യയുടെ യുവതാരങ്ങളെല്ലാം സൂര്യക്ക് കീഴില്‍ കളിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനത്തിലേക്കുയരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. മൂന്ന് ടി20 ടീമിനെ ഇറക്കാന്‍ സാധിക്കുന്ന അത്ര മികച്ച ടീം നിലവില്‍ ഇന്ത്യക്കുണ്ടെന്ന് പറയാം.
2024ല്‍ ഇന്ത്യയുടെ ടി20 ടീമിന്റേത് ഗംഭീര പ്രകടനം
ഈ വര്‍ഷത്തെ ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് പറയാം. 26 മത്സരത്തില്‍ നിന്ന് 24 മത്സരത്തിലും ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. രണ്ട് മത്സരം മാത്രമാണ് തോറ്റത്. ഈ വര്‍ഷം ലോകകപ്പ് കിരീടം നേടാനും ഇന്ത്യക്ക് കഴിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. സൂര്യക്ക് കീഴില്‍ വരുന്ന പരമ്പരകളിലും ഇതേ മികവ് തുടരാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത്. നാട്ടില്‍ നടക്കുന്ന ഈ പരമ്പര സ്വന്തമാക്കി സൂര്യക്ക് കീഴില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുമെന്ന് തന്നെ കരുതാം.