സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കനത്ത മൂടല്‍ മഞ്ഞ് കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ട നാലാം ടി20 അദ്ദേഹത്തിനു നഷ്ടമാവുമെന്നു കളിക്കു കുറച്ചു മണിക്കൂറുകള്‍ മാത്രം മുമ്പാണ് വ്യക്തമായത്.
വെളളിയാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത്തെയും മല്‍സരത്തിലും ഗില്‍ കളിക്കുന്ന കാര്യം സംശയമാണ്. കാല്‍വിരലിനേറ്റ പരിക്കാണ് അദ്ദേഹത്തിനു തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി ജനുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന, ടി20 പരമ്പരകളില്‍ മാത്രമേ ഗില്ലിനെ ടീമില്‍ കാണാനിടയുള്ളൂ.

എന്നാല്‍ പൊടുന്നനെയുള്ള ഗില്ലിന്റെ പരിക്കില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ്് പ്രേമികള്‍. സോഷ്യല്‍ മീഡിയയില്‍ പലരും ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. മോശം ഫോം കാരണം തപ്പിത്തടയുന്ന ഗില്ലിനെ പുറത്താക്കിയതാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ഗില്ലിനു പരിക്കില്ല?
ശുഭ്മന്‍ ഗില്ലിനു യഥാര്‍ഥത്തില്‍ പരിക്കൊന്നുമില്ല. മോശം കാരണം വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം നേരിടുന്ന അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് പ്രയോഗിച്ച തന്ത്രം മാത്രമാണിത്. ഗില്ലിനു ഇപ്പോള്‍ സംഭവിച്ചെന്നു പറയുന്ന പരിക്ക് ചൊവ്വാഴ്ച പറ്റിയതാണെന്നു സങ്കല്‍പ്പിക്കുക. പക്ഷെ മല്‍സരദിവസമായ ഇന്നു വൈകീട്ട് പ്രീമാച്ച് പ്രാക്ടീസ് വരെ ആരുമറിഞ്ഞില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ തരത്തിലുള്ള വ്യാജ പരിക്കുകള്‍ നേരത്തേയും പല താരങ്ങള്‍ക്കും നമ്മള്‍ കണ്ടിട്ടുമുള്ളതാണ്.
ശുഭ്മന്‍ ഗില്ലിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല. അദ്ദേഹം യഥാര്‍ഥത്തില്‍ ഇന്ത്യന്‍ യീമില്‍ നിന്നും ഒഴിവാക്കപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. അതിനൊരു കാരണം കൂടിയുണ്ട്. ഓപ്പണിങില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ തഴഞ്ഞാണ് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഗില്ലിനു നിരന്തരം അവസരം നല്‍കുന്നത്. ഇതിനതിരേ ആരാധകരും മുന്‍ താരങ്ങളുമെല്ലാം രംഗത്തു വന്നിട്ടുണ്ട്. അവരെ തല്‍ക്കാലത്തേക്കു ഒന്നു ശാന്തമാക്കുന്നതിനായാണ് ടീം മാനേജ്‌മെന്റിന്റെ ഈ കള്ളക്കളി.

ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ശുഭ്മന്‍ ഗില്ലിനെ രക്ഷിക്കാന്‍ സമര്‍ഥമായി തയ്യാറാക്കിയ ഒരു പ്ലാനാണിത്. കാരണം ഗില്‍ എത്രത്തോളം മോശം ഫോമിലാണെന്ന യാഥാര്‍ഥ്യം രണ്ടു പേര്‍ക്കുമറിയാം. ഈ വര്‍ഷം ഒരു ഫിഫ്റ്റി പോലും താരം നേടിയിട്ടില്ല. സൗത്താഫ്രിക്കയുമായുള്ള ശേഷിച്ച മല്‍സരങ്ങളിലും ഫ്‌ളോപ്പ് ഷോ തുടന്നാല്‍ അതു ഗില്ലിനു ക്ഷീണമാണ്. കാരണം ജനുവരിയില്‍ ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കുകയാണ്. മോശം ഫോമിലുള്ള ഗില്ലിനെ ഉള്‍പ്പെടുത്തിയാല്‍ സ്വാഭാവികമായും ചോദ്യങ്ങളുയരും. ഈ കാരണത്താലാണ് പരിക്കെന്നു പറഞ്ഞ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത്.
ശുഭ്മന്‍ ഗില്ലിനെ രക്ഷിക്കാനുള്ള നാടകമാണ് ഈ വ്യാജ പരിക്കെന്ന് എല്ലാവര്‍ക്കുമറിയാം. ഒഴിവാക്കിയെന്നു പറഞ്ഞാല്‍ അതു ഗില്ലിനു ക്ഷീണമാവും. എന്നാല്‍ പരിക്കാണെന്നു ചൂണ്ടിക്കാട്ടിയാല്‍ പിന്നെ ചോദ്യങ്ങളൊന്നും വരില്ല. അപ്പോള്‍ അടുത്ത പരമ്പരയില്‍ സ്വാഭാവികമായി തന്നെ ഗില്ലിനെ തിരികെ വിളിക്കുകയും കളിപ്പിക്കുകയും ചെയ്യാം. ഗില്ലിനെതിരേ പുറത്തു നിന്നുളള ആരാധകരോഷവും സഞ്ജു സാംസണിനു ലഭിക്കുന്ന പിന്തുണയും ടീം മാനേജ്‌മെന്റിനെ ഭയപ്പെടുത്തുന്നു. ഈ കാരണത്താലാണ് ഗില്ലിനെ മാറ്റി സഞ്ജുവിനു ഒന്നോ, രണ്ടോ അവസരം നല്‍കി അതു അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണണങ്ങള്‍.
അതേസമയം, ഗില്ലിന്റെ അഭാവത്തില്‍ വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന അഞ്ചാമത്തെയും അസാനത്തെയും ടി20യില്‍ സഞ്ജു സാംസണിനെ വീണ്ടും ഓപ്പണിങില്‍ പ്രതീക്ഷിക്കാം. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് അവസാനമായി സഞ്ജു- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടിയെ അവസാനമായി കണ്ടത്.