മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ള പരിമിത ഓവര്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പര ഇന്ത്യക്ക് എളുപ്പമാവില്ല. ദക്ഷിണാഫ്രിക്കയില്‍ കളിച്ച് പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളും താരസമ്പത്തും വിലയിരുത്തുമ്പോള്‍ ഏത് പിച്ചില്‍ കസറാനും പരമ്പര നേടാനുമുള്ള കരുത്ത് ഇന്ത്യക്ക് മുന്നിലുണ്ട്.
ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് നടത്തിയത്. മൂന്നാം ടി20യില്‍ 111 റണ്‍സോടെ സഞ്ജു മിന്നിച്ചു. ഇതോടെ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു സാംസണ്‍ സീറ്റുറപ്പിച്ചുവെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. റിഷഭ് പന്തിന് വിശ്രമം അനുവദിച്ചപ്പോള്‍ പകരക്കാരനായി അവസരം ലഭിച്ച സഞ്ജു സാംസണ്‍ സെഞ്ച്വറിയോടെ കസറിയെങ്കിലും റിഷഭിനെ മറികടന്ന് സഞ്ജു സീറ്റുറപ്പിക്കുമോ?. സാധ്യതകള്‍ പരിശോധിക്കാം.
ഒന്നാം കീപ്പര്‍ റിഷഭ് തന്നെ
ഇന്ത്യയുടെ ടി20 ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് പന്തിനാവുമെന്ന് ഉറപ്പാണ്. സഞ്ജുവിന്റെ ഒരു സെഞ്ച്വറികൊണ്ട് റിഷഭ് പന്തിനെക്കാള്‍ മുകളിലേക്ക് സഞ്ജു എത്തിയെന്ന് പറയാനാവില്ല. റിഷഭ് മാച്ച് വിന്നറായ താരമാണ്. പ്രത്യേകിച്ച് പ്രയാസമുള്ള സാഹചര്യത്തില്‍ ശക്തരായ ബൗളര്‍മാര്‍ക്കെതിരേ ആധിപത്യത്തോടെ ബാറ്റ് ചെയ്യാന്‍ റിഷഭിന് സവിശേഷമായ കഴിവാണുള്ളത്. സെന രാജ്യങ്ങളിലെ റിഷഭ് പന്തിന്റെ പ്രകടനം അദ്ദേഹം എന്താണെന്ന് വ്യക്തമാക്കുന്നു.
എന്നാല്‍ സഞ്ജുവില്‍ നിന്ന് ഇത്തരമൊരു പ്രകടനം ഉണ്ടായിട്ടില്ല. സഞ്ജു ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ ബംഗ്ലാദേശിനെപ്പോലൊരു ദുര്‍ബലരായ ടീമിനെതിരേ സെഞ്ച്വറി നേടിയിട്ട് മാത്രം കാര്യമില്ല. വരുന്ന മത്സരങ്ങളിലും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കാത്ത പക്ഷം റിഷഭുമായുള്ള താരതമ്യപ്പെടുത്തലിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് തന്നെ പറയാം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് റിഷഭ് പന്തിനെ ഒന്നാം നമ്പര്‍ കീപ്പറായിത്തന്നെ ഇന്ത്യ ടി20യില്‍ നിലനിര്‍ത്തിയേക്കും.

സഞ്ജു ഓപ്പണറായി തുടര്‍ന്നേക്കും
ഇന്ത്യയുടെ ടി20 ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഇന്ത്യ പിന്തുണക്കുമ്പോഴും സഞ്ജു സാംസണെ പൂര്‍ണ്ണമായും തഴയാന്‍ സാധ്യതയില്ല. സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ ഇന്ത്യ നിലനിര്‍ത്താന്‍ സാധ്യതകളേറെയാണ്. സഞ്ജുവും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണ്‍ ചെയ്താല്‍ ഇന്ത്യക്ക് ഇടത്-വലത് ഓപ്പണിങ് കൂട്ടുകെട്ട് ലഭിക്കും. കൂടാതെ രണ്ട് പേരും കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരങ്ങളാണ്.
ഇരുവരും ചേര്‍ന്ന് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയാല്‍ അത് മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യം ഉറപ്പാണ്. ഗൗതം ഗംഭീര്‍ ആക്രമിച്ച് കളിക്കുന്ന താരങ്ങളെ മാത്രം പരിഗണിച്ച് ടി20 ടീമിനെ കളത്തിലിറക്കാന്‍ ശ്രമിക്കുന്ന പരിശീലകനാണ്. നായകന്‍ സൂര്യകുമാര്‍ യാദവും ആക്രമണോത്സകതയെ പ്രോത്സാഹിപ്പിക്കുന്നു. ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവര്‍ ക്ലാസിക് ഓപ്പണര്‍മാരാണ്. എന്നാല്‍ ഇവരെക്കാള്‍ പിന്തുണ സഞ്ജു സാംസണിന് ലഭിക്കും. അതുകൊണ്ടുതന്നെ കീപ്പര്‍ സ്ഥാനമില്ലാതെ സഞ്ജു ഓപ്പണറായി തുടര്‍ന്നേക്കും.
സഞ്ജുവിന് സ്ഥിരത തെളിയിക്കണം
ബംഗ്ലാദേശിനെതിരേ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയെങ്കിലും സഞ്ജു സാംസണിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ഈ പ്രശ്‌നം ഏറെ നാളുകളായി സഞ്ജുവിനെ വേട്ടയാടുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ ഇത്തവണ സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കണം. രഞ്ജി ട്രോഫിയില്‍ സഞ്ജു കളിക്കുന്നില്ല.
എന്നാല്‍ ബംഗ്ലാദേശ് പരമ്പര പൂര്‍ത്തിയായതിനാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ സഞ്ജു തയ്യാറാവണം. രഞ്ജി ട്രോഫിയിലും മികവ് തെളിയിക്കാനായാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ സാധിക്കും. എന്തായാലും നിലവിലെ സെഞ്ച്വറി സഞ്ജുവിന്റെ കരിയറിന് പുതിയ ഉണര്‍വേകിയിട്ടുണ്ടെന്ന് തന്നെ പറയാം.