IND vs SA: സെഞ്ചൂറിയനില്‍ കൊടുത്തതിന് വാണ്ടറേഴ്‌സില്‍ ഇന്ത്യക്കു കിട്ടി! എല്‍ഗറിന് മധുരപ്രതികാരം
ജൊഹാനസ്ബര്‍ഗ്: കഴിഞ്ഞ മാസം സൗത്താഫ്രിക്കയുടെ പൊന്നാപുരം കോട്ടയില്‍ വിജയക്കൊടി നാട്ടുമ്പോള്‍ ഇങ്ങനെയൊരു ദുരന്തം ഇന്ത്യന്‍ ടീം മുന്നില്‍ കണ്ടിട്ടുണ്ടാവില്ല. ചരിത്രത്തില്‍ ആദ്യമായി സെഞ്ചൂറിയനില്‍ വിജയിച്ച ഏഷ്യന്‍ ടീമെന്ന റെക്കോര്‍ഡിന്റെ ഹുങ്കുമായെത്തിയ ഇന്ത്യയെ വാണ്ടറേഴ്‌സില്‍ ആതിഥേയര്‍ മലര്‍ത്തിയടിച്ചിരിക്കുകയാണ്. ഒരു ദിവസം ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് ഡീന്‍ എല്‍ഗറുടെ സൗത്താഫ്രിക്ക കെഎല്‍ രാഹുല്‍ നയിച്ച ഇന്ത്യയെ തകര്‍ത്തുവിട്ടത്.
ആദ്യ ടെസ്റ്റില്‍ സൗത്താഫ്രിക്കയേക്കാള്‍ ഒരുപടി മുകളിലായിരുന്നി ഇന്ത്യയെങ്കില്‍ വാണ്ടറേഴ്‌സില്‍ നേരെ തിരിച്ചായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നേരിയ ലീഡ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ബൗളിങ് മികവില്‍ സൗത്താഫ്രിക്ക ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാതെയാണ് ഇന്ത്യ മുട്ടുമടക്കിയത്. ഈ വിജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു. സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ മോഹം ഇത്തവണയും പൂവണിയുമോയെന്ന കാര്യം സംശയമാണ്. കാരണം മൂന്നാം ടെസ്റ്റിന്റെ വേദിയായ കേപ്ടൗണ്ടില്‍ ചരിത്രത്തില്‍ ഇതുവരെ ഒരു ടെസ്റ്റില്‍പ്പോലും ഇന്ത്യ വിജയിച്ചിട്ടില്ല.

സൗത്താഫ്രിക്കയ്ക്കു വമ്പന്‍ നേട്ടം
ജൊഹാനസ്ബര്‍ദഗിലെ രണ്ടാം ടെസ്റ്റില്‍ നേടിയ വമ്പന്‍ വിജയത്തോടെ സൗത്താഫ്രിക്ക മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡും തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ രണ്ടു തവണ ഇന്ത്യക്കെതിരേ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തുജ വിജയിച്ച ആദ്യത്തെ ടീമായി സൗത്താഫ്രിക്ക മാറി.
ആദ്യമയായി ഇന്ത്യയെ സൗത്താഫ്രിക്ക 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു തോല്‍പ്പിച്ചത് 2007 ജനുവരി ആറിനായിരുന്നു. അന്നു കേപ്ടൗണായിരുന്നു ടെസ്റ്റിനു വേദിയായത്. അഞ്ചു വിക്കറ്റിനു 211 റണ്‍സായിന്നു സൗത്താഫ്രിക്ക അന്നു നേടിയത്. 15 വര്‍ഷങ്ങള്‍ക്കു ശേഷം കൃത്യം അതേ ദിവസം തന്നെയാണ് സൗത്താഫ്രിക്ക ഇതാവര്‍ത്തിച്ചിരിക്കുന്നത്. ഇത്തവണ പക്ഷെ വേദി ജൊഹനസ്ബര്‍ഗ് ആയെന്നു മാത്രം.

ആറാം തവണ കാലിടറി
ജൊഹാനസ്ബര്‍ഗിസെ വാണ്ടറേഴ്‌സ് സ്റ്റേഡിയം നേരത്തേ ടെസ്റ്റില്‍ ഇന്ത്യക്കു ഹോംഗ്രൗണ്ട് പോലെയായിരുന്നു. കാരണം മുമ്പൊരിക്കലും ഈ ഗ്രൗണ്ട് ഇന്ത്യയെ ചതിച്ചിട്ടില്ല. പക്ഷെ ആറാം തവണ സൗത്താഫ്രിക്ക ഇന്ത്യയുടെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. നേരത്തേ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ രണ്ടു ജയവും മൂന്നു സമനിലയുമായിരുന്നു ഇന്ത്യ നേടിയത്. 2017-18ലെ കഴിഞ്ഞ പര്യടനത്തില്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ 63 റണ്‍സിനു വിജയിക്കുകയും ചെയ്തിരുന്നു. അവര്‍ 241 റണ്‍സ് ചേസ് ചെയ്ത് 200ന് താഴെ റണ്‍സിന് ഓള്‍ഔട്ടായി. ഇത്തവണയാവട്ടെ 240 റണ്‍സിന്റെ വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.
അവസാനമായി കളിച്ച അഞ്ചു ടെസ്റ്റുകളിലും സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കായിരുന്നു വിജയം. ഡബിള്‍ ഹാട്രിക്ക് വിജയമെന്ന ഇന്ത്യയെ മോഹം തകര്‍ത്താണ് സൗത്താഫ്രിക്ക ആറാമങ്കത്തില്‍ ജയം കൊയ്തത്.

എല്‍ഗറുടെ പ്രകടനം
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഡീന്‍ എല്‍ഗറായിരുന്നു രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ വിജയശില്‍പ്പി. 96 റണ്‍സുമായി പുറത്താവാതെ നിന്ന അദ്ദേഹം ടീമിന്റെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു. കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമാണ്. ക്ഷമയോടെ ബാറ്റ് വീശിയ എല്‍ഗറിനു പല തവണ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പന്തേറ്റ് പരിക്കേറ്റിരുന്നു. പക്ഷെ അതൊന്നും വകവയ്ക്കാത ബാറ്റിങ് തുടര്‍ന്നാണ് എല്‍ഗര്‍ ടീമിനു ആവേശകരമായ വിജയം സമ്മാനിച്ചത്.
2018ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യക്കെതിരേ ഇതേ വേദിയിലെ രണ്ടാം ടെസ്റ്റിലും എല്‍ഗര്‍ മിന്നിച്ചിരുന്നു. അന്നു സൗത്താഫ്രിക്ക 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ അദ്ദേഹം പുറത്താവാതെ 86 റണ്‍സോടെ ടോപ്‌സ്‌കോററായിരുന്നു. പക്ഷെ അന്നു ടീമിനെ വിജയിപ്പിക്കാന്‍ എല്‍ഗര്‍ക്കായില്ല. പക്ഷെ ഇത്തവണ പുറത്താവാതെ 96 റണ്‍സെടുത്ത അദ്ദേഹം അന്നത്തെ തോല്‍വിക്കു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications