ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ 11 റണ്‍സിന്റെ വിജയം നേടിയെടുത്തതോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന്റെ ജയത്തോടെ തിരിച്ചെത്തി. ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ നാല് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്താന്‍ ഇന്ത്യക്ക് സാധിച്ചു.
ഇനി നിര്‍ണ്ണായകമായ നാലാം ടി20യാണ്. പരമ്പര ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ നാലാം മത്സരം ജയിച്ച് പരമ്പര അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജൊഹാനസ് ബര്‍ഗിലാണ് നാലാം മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഭാഗ്യ പിച്ചില്‍ റെക്കോഡ് പ്രകടനത്തോടെ ഇന്ത്യക്ക് പരമ്പര നേടേണ്ടതായുണ്ട്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തുമോ?. സാധ്യതാ 11 പരിശോധിക്കാം.
ഇന്ത്യക്ക് ഒരു അധിക പേസറെ വേണം
ഇന്ത്യ മൂന്നാം ടി20യില്‍ ഒരു സ്‌പെഷ്യലിസ്റ്റ് പേസറേയും മൂന്ന് സ്പിന്നര്‍മാരേയുമാണ് പരിഗണിച്ചത്. അര്‍ഷ്ദീപിനൊപ്പം ഹാര്‍ദിക് പാണ്ഡ്യക്കാണ് പേസ് ബൗളിങ്ങിന്റെ ഉത്തരവാദിത്തം നല്‍കിയത്. എന്നാല്‍ ഹാര്‍ദിക്കിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ല. ഫ്‌ളാറ്റ് പിച്ചില്‍ ഹാര്‍ദിക് തല്ലുകൊള്ളിയാവുകയാണെന്ന് പറയാം. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു പേസറെ നാലാം മത്സരത്തില്‍ വേണം. അര്‍ഷ്ദീപിന് മുകളിലേക്ക് വലിയ സമ്മര്‍ദ്ദമെത്തുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും.
അതുകൊണ്ടുതന്നെ ഇന്ത്യ മോശം ഫോമിലുള്ള റിങ്കു സിങ്ങിന് വിശ്രമം നല്‍കി പകരം യഷ് ദയാലിന് അവസരം നല്‍കാവുന്നതാണ്. ആവേശ് ഖാന്‍ ഫ്‌ളോപ്പായതോടെ താരത്തെ ഇന്ത്യ പ്ലേയിങ് 11 നിന്ന് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് മറ്റൊരു സ്‌പെഷ്യലിസ്റ്റ് പേസര്‍ വേണ്ടതിനാല്‍ ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. റിങ്കു പുറത്തിരിക്കുമ്പോള്‍ യുവതാരം രമന്‍ദീപ് സിങ് പ്ലേയിങ് 11 തുടരുകയും ചെയ്യണം. കടന്നാക്രമിച്ച് കളിക്കുന്ന രമന്‍ദീപ് ഫിനിഷര്‍ റോളിലും മികവ് കാട്ടുന്നവനാണ്.

സഞ്ജു സാംസണ് നിര്‍ണ്ണായകം
സഞ്ജു സാംസണ്‍ അവസാന രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ മലയാളി വിക്കറ്റ് കീപ്പര്‍ക്ക് നാലാം മത്സരം വളരെ നിര്‍ണ്ണായകമാണ്. മികച്ച പ്രകടനം നടത്താനാവാത്ത പക്ഷം സഞ്ജുവിന് തിരിച്ചടി ലഭിക്കുമെന്നുറപ്പാണ്. നാലാം മത്സരത്തില്‍ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സാധ്യതയില്ല. സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെ ഓപ്പണിങ്ങില്‍ തുടരും. തിലക് വര്‍മ ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും.
ഇന്ത്യയുടെ മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. ഇത് നിരാശപ്പെടുത്തുന്ന കാര്യമാണ്. രണ്ട് പേരും മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ ഇവര്‍ ടീമിലെ ഏറ്റവും നിര്‍ണ്ണായക താരങ്ങളുമാണ്. ഹാര്‍ദിക്കിനെ മാറ്റാന്‍ സാധിക്കില്ല. പേസ് ഓള്‍റൗണ്ടര്‍ക്ക് നിര്‍ണ്ണായക റോളുള്ളതിനാല്‍ റിങ്കുവിനെ മാറ്റിത്തന്നെ ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍.
സ്പിന്‍ നിര തുടരണം
ഇന്ത്യയുടെ സ്പിന്‍ നിരയില്‍ മാറ്റമുണ്ടാവില്ല. മൂന്ന് സ്പിന്നര്‍മാരുമായിത്തന്നെ ഇന്ത്യ ഇറങ്ങണം. വരുണ്‍ ചക്രവര്‍ത്തി മൂന്നാം ടി20യില്‍ കൂടുതല്‍ തല്ല് വാങ്ങി. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വരുണിന് അവകാശപ്പെടാന്‍ സാധിക്കും. ഹെന്‍ റിച്ച് ക്ലാസന് വലിയ ഭീഷണി ഉയര്‍ത്താന്‍ വരുണിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. അക്ഷര്‍ പട്ടേലും രവി ബിഷ്‌നോയിയും ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്.
ഇന്ത്യയുടെ സാധ്യതാ 11
സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), ഹാര്‍ദിക് പാണ്ഡ്യ, രമന്‍ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, യഷ് ദയാല്‍