റാഞ്ചി: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആവേശകരമായ ഏകദിന പരമ്പരയില്‍ ആരാവും വിജയം നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മൂന്നു മല്‍സരങ്ങളിലാണ് കെഎല്‍ രാഹുലിന്റെ ഇന്ത്യയും ടെംബ ബവൂമയുടെ സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുക.
നേരത്തേ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ 2-0നു തൂത്തുവാരിയതിവനാല്‍ വാനോളം ആത്മവിശ്വാസത്തിലാവും സൗത്താഫ്രിക്കന്‍ ടീം. ഇന്ത്യയാവട്ടെ ഈ നാണക്കേടിനു ഏകദിനത്തില്‍ കരം ചോദിക്കാമെന്ന പ്രതീക്ഷയിലാണ്. അതുകൊണ്ടു തന്നെ തീപാറുന്ന പോരാട്ടം പരമ്പരയില്‍ നമുക്കു പ്രതീക്ഷിക്കാം.

ആരു നേടും
ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിനത്തിലും ഇന്ത്യയെ സൗത്താഫ്രിക്കന്‍ ടീം തീര്‍ക്കുമെന്നാണ് ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പ്രവചനം. പക്ഷെ ടെസ്റ്റിലേതു പോലെ ഒരു തൂത്തുവാരല്‍ ഏകദിനത്തില്‍ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സൗത്താഫ്രിക്ക 2-1നു കിരീടം നേടുമെന്നാണ് സ്റ്റെയ്‌നിന്റെ വമ്പന്‍ പ്രവചനം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലിന്റെ പ്രവചനം മറ്റൊന്നാണ്. ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
അതേസമയം, മികച്ച ഫോമില്‍ നില്‍ക്കവെയാണ് സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയുമായി ഏകദിനത്തില്‍ കൊമ്പുകോര്‍ക്കുന്നത്. അവസാനമായി കളിച്ച മൂന്നു ഏകദിന പരമ്പരകളില്‍ രണ്ടിലും അവര്‍ ചാംപ്യന്‍മാരാവുകയും ചെയ്തു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെയാണ് ഏകദിന പരമ്പരയില്‍ സൗത്താഫ്രിക്ക വീഴ്ത്തിയത്.
മറുഭാഗത്തു ഇന്ത്യയാവട്ടെ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന അവസാന ഏകദിന പരമ്പരയില്‍ 1-2നു തോറ്റിരുന്നു. പക്ഷെ അതിനു മുമ്പ് യുഎഇയില്‍ നടന്ന ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ജേതാക്കളായത്.
2023 ഡിസംബറിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും അവസാനമായി ഏകദിന പരമ്പര കളിച്ചത്. അന്നു സൗത്താഫ്രിക്കയില്‍ നടന്ന മുന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തു. ഈ പരമ്പര നേട്ടത്തിനു ഇന്ത്യയെ സഹായിച്ചതാവട്ടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമാണ്.
ആദ്യ രണ്ടു മല്‍സരം കഴിഞ്ഞപ്പോള്‍ ഓരോ ജയം വീതം നേടി ഇരുടീമുകളും 1-1നു ഒപ്പമായിരുന്നു. നിര്‍ണായകമായ അവസാന കളിയില്‍ സഞ്ജുവിന്റെ കന്നി സെഞ്ച്വറിയിലേറിയാണ് സൗത്താഫ്രിക്കയെ ഇന്ത്യ വീഴ്ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായതും സഞ്ജു തന്നെ. പക്ഷെ അതിനു ശേഷം അദ്ദേഹത്തിനു ഒരു ഏകദിനത്തില്‍ പോലും അവസരം ലഭിച്ചില്ലെന്നതാണ് നിരാശാജനകമായ കാര്യം.

ടോപ്‌സ്‌കോററും വിക്കറ്റ് വേട്ടക്കാരനും
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര വിജയികളെ മാത്രമല്ല, ടോപ്‌സ്‌കോററെയും വിക്കറ്റ് വേട്ടക്കാരനെയുമെല്ലാം ഡെയ്ല്‍ സ്‌റ്റെയ്‌നും പാര്‍ഥീവ് പട്ടേലും പ്രവചിച്ചിട്ടുണ്ട്. സൗത്താഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കായിരിക്കും കൂടുതല്‍ റണ്ണെടുക്കുകയെന്നാണ് സ്‌റ്റെയ്ന്‍ പ്രവചിക്കുന്നത്.
ഇന്ത്യക്കെതിരേ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് ഡികോക്കിനുള്ളത്. 20 മല്‍സരങ്ങളില്‍ നിന്നും 54 ബാറ്റിങ് ശരാശരിയും 91.58 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനു ഇന്ത്യക്കെതിരേയുണ്ട്.
എന്നാല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നാണ് പാര്‍ഥീവ് പ്രവചിക്കുന്നത്. അവസാനമായി കളിച്ച ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ പുറതത്താവാതെ 121 റണ്‍സ് അചടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത്തിന്റെ വരവ്.
പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 26 മല്‍സരങ്ങളിലാണ് രോഹിത് ഇതിനകം കളിച്ചത്. 33.58 ശരാശരിയും 82.66 സ്‌ട്രൈക്ക്‌റേറ്റുമാണ് അദ്ദേഹത്തിനുള്ളത്.
അതേസമയം, ഏകദിന പരമ്പരയില്‍ ആരാവും കൂടുതല്‍ വിക്കറ്റുകളെടുക്കുകയെന്ന കാര്യത്തില്‍ സ്റ്റെയ്‌നിന്റെയും പാര്‍ഥീവിന്റെയും പ്രവചനം ഒരുപോലെയാണ്. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വിക്കറ്റ് വേട്ടക്കാരനാവുകയെന്നാണ് രണ്ടു പേരും ഒരേ സ്വരത്തില്‍ പറയുന്നത്.