സെഞ്ചൂറിയന്‍: സൗത്താഫ്രിക്കന്‍ മണ്ണില്‍ ടി20 പരമ്പര വിജയമെന്ന വമ്പന്‍ നേട്ടത്തിനു തൊട്ടരികില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. സെഞ്ചൂറിയനില മൂന്നാം ടി20യില്‍ ജയിച്ചതോടെ നാലു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവില്ലെന്നു സൂര്യകുമാര്‍ യാദവും സംഘവും ഉറപ്പിക്കുകയും ചെയ്തു. മൂന്നാമങ്കത്തില്‍ 11 റണ്‍സിനു ജയിച്ചെങ്കിലും ഇന്ത്യക്കു നന്നായി വിയര്‍ക്കേണ്ടി വന്നിരുന്നു.
പ്രത്യേകിച്ചും സൗത്താഫ്രിന്‍ ഫാസറ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണിന്റെ അഗ്രസീവ് ബാറ്റിങ് ഇന്ത്യയെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കുക തന്നെ ചെയ്തു. വെറും 17 ബോളില്‍ 54 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഈ മല്‍സരത്തില്‍ സൂര്യയുടെ ക്യാപ്റ്റന്‍സി അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. രണ്ടു വലിയ പിഴവുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. എന്നാല്‍ ഒരു നീക്കം ശരിക്കും മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. ഇവ ഏതൊക്കെയാണെന്നു നോക്കാം.

സൂര്യകുമാര്‍ യാദവ് കാണിച്ച ആദ്യത്തെ പിഴവ് ഈ മല്‍സരത്തില്‍ ആറാമത്തെ ബൗളിങ് ഓപ്ഷനെ ഉപയോഗിച്ചില്ലെന്നതാണ്. അഞ്ചു പേരെ മാത്രമേ അദ്ദേഹം ബൗളിങില്‍ പരീക്ഷിച്ചുള്ളൂ. അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ് എന്നീ അഞ്ചു പേരും നാലോവര്‍ ക്വാട്ട വീതം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ആവേശ് ഖാനെ ഒഴിവാക്കിയതോടെ രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേ ഇന്ത്യന്‍ നിരയിലുണ്ടായിരുന്നുള്ളൂ. ഒരാള്‍ അര്‍ഷ്ദീപായിരുന്നെങ്കില്‍ മറ്റൊരാള്‍ ഹാര്‍ദിക്കുമായിരുന്നു. ഈ കളിയിലൂടെ അരങ്ങേറിയ താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ രമണ്‍ദീപ് സിങ്. ഒന്നോ, രണ്ടോ ഓവറുകളെങ്കിലും ബൗളിങില്‍ അദ്ദേഹത്തെ സൂര്യക്കു പരീക്ഷിക്കാമായിരുന്നു.
സെഞ്ചൂറിയനിലെ സാഹചര്യങ്ങള്‍ ബാറ്റിങിനു വളരെയധികം യോജിച്ചതു തന്നെ ആയിരുന്നെങ്കിലും സീം ബൗളിങ് ഓള്‍റൗണ്ടറായ രമണ്‍ദീപിനു ബൗളിങില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നത് ഇന്ത്യക്കു നോക്കാമായിരുന്നു. പക്ഷെ സൂര്യ അതിനു തയ്യാറായില്ല.
ഈ തരത്തിലുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരെ പരീക്ഷിച്ചു നോക്കാന്‍ ഇന്ത്യക്കു അധികം അവസരങ്ങള്‍ കിട്ടില്ല. മൂന്നാം ടി20യില്‍ വലിയ സ്‌കോര്‍ നേടിയതിനാല്‍ സൗത്താഫ്രിക്കയ്ക്കു അതു ചേസ് ചെയ്യാന്‍ സാധിക്കില്ലെന്നു ഏറെക്കുറെ ഉറപ്പുമായിരുന്നു. അതിനാല്‍ ഒരോവറെങ്കിലും രമണ്‍ദീപിന് ഇന്ത്യക്കു തീര്‍ച്ചയായും നല്‍കാമായിരുന്നു.
രണ്ടാമത്തെ പിഴവ്
ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ രണ്ടാമത്തെ പിഴവ് അക്ഷര്‍ പട്ടേലിനേക്കാള്‍ നേരത്തേ റിങ്കു സിങിനെ ബാറ്റിങിനായി ക്രീസിലേക്കു അയച്ചുവെന്നതാണ്. 13ാം ഓവറിന്റെ അവസാനത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യ പുറത്തായത്. തുടര്‍ന്നാണ് ആറാമനായി റിങ്കുവിനെ ഇന്ത്യ പരീക്ഷിച്ചത്. പകരം അക്ഷറിനെയായിരുന്നു അയക്കേണ്ടയിരുന്നത്. എങ്കില്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജിന്റെയും എയ്ഡന്‍ മാര്‍കമിന്റെയുെ ഓവറുകള്‍ കൂടുതല്‍ നന്നായി മുതലാക്കാന്‍ സാധിച്ചേനെ.
റിങ്കു ക്രീസിലെത്തിയ ശേഷം ഒട്ടും ഫോമിലായിരുന്നില്ല കാണപ്പെട്ടത്. 13 ബോളില്‍ നിന്നും ഫോറോ, സിക്‌സറോയില്ലാതെ എട്ടു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. പകരം അക്ഷര്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുമായിരുന്നു. നിലവില്‍ മികച്ച ഫോമിലുമാണ് അക്ഷറുള്ളത്.

മാസ്റ്റര്‍ സ്‌ട്രോക്ക് ഏത്?
രണ്ടു അബദ്ധങ്ങള്‍ സംഭവിച്ചെങ്കിലും ഇന്ത്യയുടെ ഒരു നീക്കം മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയായിരുന്നു. ടീമിനെ കളി ജയിപ്പിച്ചതും അതു തന്നെയാണ്. നായകന്‍ സൂര്യകുമാര്‍ യാദവിനു പകരം യുവ ഓള്‍റൗണ്ടര്‍ തിലക വര്‍മയെ മൂന്നാമനായി പ്രൊമോട്ട് ചെയ്ത നീക്കമാണ് മാസ്റ്റര്‍സ്‌ട്രോക്കായി മാറിയത്. കന്നി സെഞ്ച്വറിയുമായി താരം ഇന്ത്യന്‍ ബാറ്റിങിലെ അമരക്കാരനുമായി മാറി. 56 ബോളില്‍ എട്ടു ഫോറും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 107 റണ്‍സാണ് തിലക് അടിച്ചെടുത്തത്.
മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നു തിലക് നേരത്തേ അഭ്യര്‍ഥിച്ചിരുന്നതായും ഈ കാരണത്താലാണ് ഈ റോള്‍ നല്‍കിയതെന്നും മല്‍സരശേഷം സൂര്യ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായിരുന്നിട്ടും യുവതാരമായ തിലകിനു അദ്ദേഹം അതു വിട്ടുനല്‍കാന്‍ തയ്യാറായത് തീര്‍ച്ചയായും പ്രശംസിക്കപ്പെടേണ്ട കാര്യം തന്നെയാണ്.