Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഭാഗ്യവേദിയില്‍ ഇന്ത്യക്കു കാലിടറി, രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു മിന്നും ജയം

1

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയിലെ ഭാഗ്യവേദിയായ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം ഒടുവില്‍ ഇന്ത്യയെ കൈവിട്ടു. ചരിത്രത്തിലാദ്യമായി ഇന്ത്യക്കു ഇവിടെ പരാജയം സമ്മതിക്കേണ്ടി വന്നു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് സൗത്താഫ്രിക്ക ഇന്ത്യയുടെ കഥ കഴിച്ചത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. ഇതോടെ ചൊവ്വാഴ്ച കേപ്ടൗണില്‍ ആരംഭിക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഫൈനലിനു തുല്യമായി മാറുകയും ചെയ്തു. വാണ്ടറേഴ്‌സില്‍ നേരത്തേ കളിച്ച അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല. രണ്ടു ജയവും മൂന്നു സമനിലയുമായിരുന്നു ഇന്ത്യയുടെ പേരിലുണ്ടായിരുന്നത്. ആറാം തവണ ഇന്ത്യക്കു ഇവിടെ മുട്ടുകുത്തേണ്ടി വരികയായിരുന്നു.

240 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ത്യ അതില്‍ പരാജയപ്പെട്ടതോടെ സൗത്താഫ്രിക്ക കാര്യമായി വിയര്‍ക്കാതെ തന്നെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. നാലാംദിനം കനത്ത മഴ കാരണം ആദ്യത്തെ രണ്ടു സെഷനിലും കളി നടന്നില്ല. ഇന്ത്യന്‍ സമയം രാത്രി 7.15നാണ് മല്‍സരം പുനരാരംഭിക്കാനായത്. രണ്ടു വിക്കറ്റുനു 118 റണ്‍സെന്ന നിലയിലായിരുന്നു സൗത്താഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. 122 റണ്‍സായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറുടെ (96*) ഉജ്ജ്വല ഇന്നിങ്‌സ് സൗത്താഫ്രിക്കയെ വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തിക്കുകയും ചെയ്തു.

എല്‍ഗറും ടെംബ ബവുമയും (23*) ചേര്‍ന്നാണ് സൗത്താഫ്രിക്കന്‍ വിജയം പൂര്‍ത്തിയാക്കിയത്. 188 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു എല്‍ഗറുടെ ഇന്നിങ്‌സ്. എയ്ഡന്‍ മര്‍ക്രാം (31), കീഗന്‍ പീറ്റേഴ്‌സന്‍ (28), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (40) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമേ സൗത്താഫ്രിക്കയ്ക്കു നഷ്ടമായുള്ളൂ. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

2

നാലാംദിനം തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നേടാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. പക്ഷെ അതു വൈകിയതോടെ കളിയും വഴുതിപ്പോയി. ടീം സ്‌കോര്‍ 175ല്‍ വച്ചാണ് ഇന്ത്യക്കു കാത്തിരുന്ന വിക്കറ്റ് ലഭിച്ചത്. റാസി വാന്‍ഡര്‍ ഡ്യുസെനെ (40) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും കളി സൗത്താഫ്രിക്കയുടെ വരുതിയിലായിരുന്നു. 82 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ എല്‍ഗര്‍- വാന്‍ഡര്‍ ഡ്യുസെന്‍ സഖ്യം ചേര്‍ന്നെടുത്തത്. സൗത്താഫ്രിക്കയുടെ വിജയത്തിനു അടിത്തറയിട്ടതും ഈ ജോടിയായിരുന്നു.

നേരത്തേ 27 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയത്. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ഫിഫ്റ്റികളുടെ മികവില്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 266 റണ്‍സാണ് നേടിയത്. 58 റണ്‍സെടുത്ത മുന്‍ വൈസ് ക്യാപ്റ്റന്‍ രഹാനെയാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. അദ്ദേഹം 78 ബോളില്‍ എട്ടു ബൗണ്ടരികളും ഒരു സിക്‌സറുമടിച്ചു. സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി അഗ്രസീവായി ബാറ്റ് ചെയ്ത പുജാര 86 ബോളില്‍ 10 ബൗണ്ടറികളടക്കം 53 റണ്‍സും നേടി. മൂന്നാം വിക്കറ്റില്‍ രഹാനെ- പുജാര സഖ്യം ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ 250 കടക്കാന്‍ സഹായിച്ചത്. 111 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോര്‍ 44ല്‍- നില്‍ക്കെ ക്രീസില്‍ ഒരുമിച്ച പുജാര- രഹാനെ ജോടി 155ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്

ഹനുമാ വിഹാരി (40*), ശര്‍ദ്ദുല്‍ ടാക്കൂര്‍ (28), ആര്‍ അശ്വിന്‍ (16) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 266 വരെയത്തിച്ചത്. റിഷഭ് പന്ത് പൂജ്യത്തിനു പുറത്തായത് ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറി. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (8), മായങ്ക് അഗര്‍വാള്‍ (23) എന്നിവരെ രണ്ടാംദിനം ഇന്ത്യക്കു നഷ്ടമായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി പേസ് ത്രയങ്ങള്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി, മാര്‍ക്കോ യാന്‍സണ്‍ എന്നിവരാണ് മൂന്നു വിക്കറ്റുകള്‍ വീതം നേടിയത്. ഡുവാന്‍ ഒലിവിയറിനു ഒരു വിക്കറ്റും ലഭിച്ചു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Thursday, January 6, 2022, 21:31 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+