കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 153 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടായിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയുടെ 55 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ 153ലൊതുങ്ങുകയായിരുന്നു. 98 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് നേടാനായത്. വ്യക്തമായ ആധിപത്യം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയുടെ ബാറ്റിങ് നിര കളഞ്ഞുകുളിച്ചത്. വമ്പനൊരു നാണക്കേടോടെയാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്.
കെ എല്‍ രാഹുല്‍ അഞ്ചാമനായി പുറത്താവുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് 153ലായിരുന്നു. ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് പിന്നീടുള്ള എല്ലാ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായത്. ചരിത്രത്തില്‍ത്തന്നെ ഇത്തരമൊരു കൂട്ടത്തകര്‍ച്ച ആദ്യമായാണ്. കെ എല്‍ രാഹുലിനെ പുറത്താക്കി ലൂങ്കി എന്‍ഗിഡിയാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. എട്ട് റണ്‍സ് നേടിയ രാഹുല്‍ മോശം ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.
എന്‍ഗിഡിയുടെ ബൗണ്‍സറിനെ അപ്പര്‍കട്ടിന് ശ്രമിച്ച രാഹുലിന് ശ്രമിച്ചു. എഡ്ജില്‍ക്കൊണ്ട് വിക്കറ്റ് കീപ്പര്‍ക്ക് അനായാസ ക്യാച്ച്. ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ട രവീന്ദ്ര ജഡേജ തീര്‍ത്തും നിരാശപ്പെടുത്തി. ആര്‍ അശ്വിനെ പുറത്തിരുത്തി ഇന്ത്യ കളിപ്പിച്ച ജഡേജ ഡെക്കിനാണ് പുറത്തായത്. ഇതേ ഓവറില്‍ ജസ്പ്രീത് ബുംറയേയും എന്‍ഗിഡി പുറത്താക്കി. ഒരോവറില്‍ത്തന്നെ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുകളാണ് എന്‍ഗിഡി നേടിയത്.
ഇതോടെ ഏഴ് വിക്കറ്റിന് 153 എന്ന നിലയിലേക്ക് ഇന്ത്യയെത്തി. പിന്നീട് വിരാട് കോലിയിലായി ഇന്ത്യയുടെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കയുടെ വജ്രായുധമായ കഗിസോ റബാഡയെ പന്തേല്‍പ്പിച്ച ഡീന്‍ എല്‍ഗറിന് തെറ്റിയില്ല. 59 പന്തില്‍ 46 റണ്‍സുമായി പിടിച്ചുനിന്ന വിരാട് കോലിയെ റബാഡ എയ്ഡന്‍ മാര്‍ക്രത്തിന്റെ കൈയിലെത്തിച്ചു. മുഹമ്മദ് സിറാജ് അനാവശ്യ റണ്‍സിന് ശ്രമിച്ച് റണ്ണൗട്ടായി. പ്രസിദ്ധ് കൃഷ്ണയെ റബാഡ എയ്ഡന്‍ മാര്‍ക്രത്തിന്റെ കൈയിലെത്തിച്ചതോടെ ഇന്ത്യ 153ന് പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടു. ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് ഒരു റണ്‍സ് പോലുമെടുക്കാതെ കൂടാരം കയറി. സ്‌കൂള്‍ കുട്ടികള്‍ ഇതിലും ഭേദമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 200ന് മുകളിലേക്ക് ലീഡെത്തിക്കാന്‍ ഇന്ത്യക്ക് മുന്നില്‍ സുവര്‍ണ്ണാവസരമുണ്ടായിരുന്നു. കൈയിലേക്കെത്തിയ കളി ഇന്ത്യ തട്ടിത്തെറിപ്പിച്ചുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
രോഹിത് ശര്‍മ (39), ശുബ്മാന്‍ ഗില്‍ (36), വിരാട് കോലി (46) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായത്. ഇന്ത്യയുടെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും തീര്‍ത്തും നിരാശപ്പെടുത്തി. ഈ മത്സരം ഇന്ത്യ തോറ്റാല്‍ വലിയ പൊളിച്ചെഴുത്ത് ടീമിലുണ്ടായേക്കും. ഇന്ത്യയുടെ ബൗളര്‍മാര്‍ നേടിക്കൊടുത്ത ആധിപത്യം ബാറ്റിങ്ങില്‍ കാട്ടാനായില്ലെന്നത് പറയാം. ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്‍മാരാണ് ഡെക്കിന് പുറത്തായത്.
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ആറ് താരങ്ങള്‍ ഡെക്കിന് പുറത്താവുന്നത്. 2014ല്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യയുടെ നാല് താരങ്ങള്‍ ഡെക്കിന് പുറത്തായിരുന്നു. വിരാട് കോലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ആശ്വാസമായത്. 51ന് മുകളിലാണ് ദക്ഷിണാഫ്രിക്കയിലെ കോലിയുടെ ശരാശരി. എവേ താരങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരമാണ് കോലി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ നാല് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായത് 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ അധ്വാനം മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് നശിപ്പിച്ചുവെന്ന് പറയാം.