
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ വിജയികളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് വിരാട് കോലിയുടെ ഇന്ത്യയും ഡീല്‍ എല്‍ഗര്‍ ക്യാപ്റ്റനായ സൗത്താഫ്രികക്യും തമ്മില്‍ ഏറ്റുമുട്ടുക. ഈ മാസം 26ന് ടെസ്റ്റ് പരമ്പയ്ക്കു തുടക്കമാവും. ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലെത്തിക്കഴിഞ്ഞു. ക്യാപ്റ്റന്‍സി വിവാദം പുകയവെയാണ് ഇന്ത്യന്‍ ടീം കടുപ്പമേറിയ സൗത്താഫ്രിക്കന്‍ പര്യടനത്തിനായി പോയിരിക്കുന്നത്. ടെസ്റ്റ് പരമ്പര കൂടാതത മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ ഇവിടെ കളിക്കും.
മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന്റെ ബാക്ക്‌സ്‌റ്റേജ് വിത്ത് മോറിയ എന്ന ഷോയില്‍ സംസാരിക്കവെയാണ് ഗാംഗുലി ടെസ്റ്റ് പരമ്പരയിലെ വിജയികളെക്കുറിച്ച് പ്രവചനം നടത്തിയത്. ഇന്ത്യയുടെ വിജയസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ദാദ ഇക്കാര്യം പറഞ്ഞത്. സൗത്താഫ്രിക്കയില്‍ നമ്മുടെ ടീം വിജയിക്കാന്‍ വലിയ സാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പരമ്പര നടക്കട്ടെയെന്നു കൈകള്‍ കൂപ്പിയിരിക്കുകയാണെന്നും ഗാംഗുലി പറഞ്ഞു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച രാജ്യമായിരുന്നു സൗത്താഫ്രിക്ക. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലുമായിരുന്നു. ഇതു കാരണം ടീം പ്രഖ്യാപനം വൈകുകയും സൗത്താഫ്രിക്കയിലെ ഷെഡ്യൂള്‍ പുനര്‍ക്രമീകരിക്കുകയും ചെയ്തിരുന്നു. നേരത്തേ നാലു മല്‍സരങ്ങളുടെ ടി20 പരമ്പര കൂടി ഷെഡ്യൂളിന്റെ ഭാഗമായിരുന്നു. എന്നാല്‍ പുതുക്കിയ ഷെഡ്യൂളില്‍ ഈ പരമ്പരയില്ല. ഇതു പിന്നീട് നടത്താന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ തീരുമാനിക്കുകയായിരുന്നു.

ഏകദിന ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സൗത്താഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ബിസിസിഐയും ആരാധകരും വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നു നീക്കി പകരം രോഹിത് ശര്‍മയെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കു വഴി വച്ചിരിക്കുകയാണ്. ഇതില്‍ കോലിയും ബിസിസിഐയും തമ്മില്‍ ഇപ്പോള്‍ മുഖാമുഖം വന്നിരിക്കുകയാണ്. ബിസിസിഐയുടെ ചില വാദങ്ങള്‍ കഴിഞ്ഞ ദിവസം വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ കോലി തള്ളിയിരുന്നു. ഇതോടെയാണ് തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുന്നത്. ബിസിസിഐ ധൃതി പിടിച്ച് ഇനിയൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ല. സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം കോലിയുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാനായിരിക്കും ഇനി ബിസിസിഐ ശ്രമിച്ചേക്കുക.
പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത് പിന്‍മാറിയത് ഇന്ത്യക്കു കനത്ത തിരിച്ചടിയായേക്കും. ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായ ശേഷം ആദ്യ പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. പക്ഷെ ഞായറാഴ്ച മുംബൈയില്‍ വച്ച് നെറ്റ്‌സില്‍ പരിശീലനം നടത്തവെ കൈയ്ക്കു പരിക്കേറ്റത് രോഹിത്തിനും ഇന്ത്യക്കും അപ്രതീക്ഷിത ആഘാതമായി മാറി. ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ രോഹിത് കളിച്ചേക്കുമെന്നാണ് വിവരം. ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പരമ്പര കൂടിയാണിത്. ടെസ്റ്റില്‍ രോഹിത്തിന്റെ പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയാങ്ക് പാഞ്ചാലിനെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗത്താഫ്രിക്കയില്‍ ഇതുവരെയുള്ള 29 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരിക്കല്‍പ്പോലും ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. ഏഴു പരമ്പരകളാണ് ഇന്ത്യന്‍ ടീം ഇവിടെ കളിച്ചത്. ഇതില്‍ ഒരു തവണ പരമ്പര സമനിലയിലാക്കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടം. ശേഷിച്ച ആറു ടെസ്റ്റ് പരമ്പരകളിലും സൗത്താഫ്രിക്ക വിജയികളായിരുന്നു. ഈ മാസം 26 മുതല്‍ സെഞ്ചൂറിയനിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ജൊഹാനസ്ബര്‍ഗിലും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11 മുതല്‍ കേപ്ടൗണിലുമായിരിക്കും.
ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.