സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്രം തിരുത്തിക്കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നത്. ഇവിടെ ഇതുവരെ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഈ നാണക്കേട് ഇത്തവണ തിരുത്തിക്കുറിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് ടീം ഇന്ത്യ. രോഹിത് ശര്‍മയ്ക്കു കീഴില്‍ സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണിത്. ഇന്ത്യയെ ഇത്തവണ ജയിപ്പിക്കാനായാല്‍ മഹാന്‍മാരായ മുന്‍ ക്യാപ്റ്റന്‍മാരെയെല്ലാം രോഹിത് പിന്തള്ളുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.
ഈ മാസം 26നാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. സെഞ്ചൂറിയന്‍, കേപ്ടൗണ്‍ എന്നീവിടങ്ങളിലായിട്ടാണ് ടെസ്റ്റുകള്‍. 2021ലെ അവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. വിരാട് കോലിക്കു കീഴില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ നന്നായി തുടങ്ങുകയും ചെയ്തു. പക്ഷെ അടുത്ത രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു.

സൗത്താഫ്രിക്കയെ ടെസ്റ്റില്‍ കീഴടക്കാന്‍ രോഹിത് ശര്‍മയ്ക്കു സാധിക്കുകയാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് അദ്ദേഹത്തിന്റെ പേരുണ്ടായിരിക്കും. കാരണം രണ്ടു മല്‍സരങ്ങളിലും ജയിക്കാനുള്ള താക്കോല്‍ രോഹിത്തിന്റെ പക്കല്‍ മാത്രമേയുള്ളൂ. അദ്ദേഹം ഓപ്പണറും ക്യാപ്റ്റനുമാണ്.
ന്യൂബോള്‍ നന്നായി കളിക്കാന്‍ രോഹിത്തിനായാല്‍ നിങ്ങളുടെ മറ്റു ബാറ്റര്‍മാര്‍ക്കു തിളങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ന്യൂബോളിന്റെ തിളക്കം ഒഴിവാക്കേണ്ടതു രോഹിത്താണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഇര്‍ഫാന്‍ വ്യക്തമാക്കി.
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ സെന രാജ്യങ്ങളില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് സൗത്താഫ്രിക്കയിലേത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയും കൂടിയാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ നേരത്തേ കളിച്ചത്. ഇവയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു.
2021ല്‍ ഇംഗ്ലണ്ടില്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചപ്പോള്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ രോഹിത്തായിരുന്നു. പരമ്പരയില്‍ ഇന്ത്യയെ ഒരു ഘട്ടത്തില്‍ 2-1നു മുന്നിലെത്തിക്കാനും അദ്ദേഹത്തിനായിരുന്നു. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളുകളെ കൃത്യമായി മനസ്സിലാക്കി അവയെ ഒഴിവാക്കിയതായിരുന്നു അന്നു രോഹിത്തിന്റെ വിജയരഹസ്യം.

പക്ഷെ സൗത്താഫ്രിക്കയില്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോര്‍ഡ് വളരെ മോശമാണ്. നാലു ടെസ്റ്റുകള്‍ ഇവിടെ കളിച്ച രോഹിത്തിന്റെ ശരാശരി 15 മാത്രമാണ്. നേടിയതാവട്ടെ ഒരേയൊരു ഫിഫ്റ്റി മാത്രം. പക്ഷെ 2019ല്‍ ടെസ്റ്റില്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതു മുതല്‍ അദ്ദേഹത്തിന്റെ പ്രകടനം മറ്റൊരു തലത്തിലേക്കുയര്‍ന്നിരുന്നു.
ഇംഗ്ലണ്ടില്‍ ചെയ്തതു പോലെ ഇത്തവണ സൗത്താഫ്രിക്കയിലും ന്യൂബോളിനെതിരേ നന്നായി കളിക്കുകയെന്നതായിരിക്കും രോഹിത്തിന്റെ റോളെന്നു ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. വളരെ നന്നായി തയ്യാറെടുപ്പ് നടത്തിയ രോഹിത് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വലമായിട്ടാണ് ബാറ്റ് ചെയ്തത്.
ഇത്തവണ സൗത്താഫ്രിക്കയിലും ഇതേ പാഷനോടെ തന്നെ അദ്ദേഹം ടീമിനായി തയ്യാറെടുക്കുന്നത് നമുക്കു കാണാന്‍ സാധിക്കുമെന്നു എനിക്കു തോന്നുന്നു. ന്യൂബോളിനെതിരേ കളിച്ച് റണ്‍സെടുത്ത് ടീമിനെ മുന്നോട്ടു നയിക്കുകയെന്നതാണ് രോഹിത്തിനു മുന്നിലുള്ള വെല്ലുവിളിയെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.