IND vs SA: 'ഇത്രയും അവസരം ലഭിച്ചാല്‍ ആരും റണ്ണെടുക്കും, അവനെ ഒഴിവാക്കിയത് ശരിയായില്ല'
സൗത്താഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെും അവസാനത്തെയും ടെസ്റ്റില്‍ ഹനുമാ വിഹാരിയെ ഇന്ത്യ പുറത്തിരുത്തിയത് ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ താരം നിഖില്‍ ചോപ്ര. ക്യാപ്റ്റന്‍ വിരാട് കോലിക്കു പരിക്കുകാരണം രണ്ടാംടെസ്റ്റില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെ പകരക്കാരനായാണ് ഇന്ത്യ വിഹാരിയെ കളിപ്പിച്ചത്. രണ്ടിന്നിങ്‌സുകളിലും മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 40 പ്ലസ് നേടിയ വിഹാരിയാണ് ഇന്ത്യയെ 250 കടക്കാന്‍ സഹായിച്ചത്.
എന്നാല്‍ കേപ്ടൗണിലെ മൂന്നാം ടെസ്റ്റില്‍ കോലി ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്കു മടങ്ങിവന്നതോടെ വിഹാരിയെ ഇന്ത്യ ഒഴിവാക്കുകയായിരുന്നു. വിഹാരിയെ ടീമില്‍ നിലനിര്‍ത്തി പകരം ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരിലൊരാളെയായിരുന്നു ഇന്ത്യ ഒഴിവാക്കേണ്ടിയിരുന്നതെന്നു നിഖില്‍ ചോപ്ര അഭിപ്രായപ്പെട്ടു.

വിഹാരിയെ കളിപ്പിക്കണമായിരുന്നു
ഹനുമാ വിഹാരിയെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉറപ്പായും കളിപ്പിക്കണമായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരേ സമയം രണ്ടു പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ രണ്ടില്‍ ഒരാളെ മാറ്റുന്നത് ബുദ്ധിപരമായ തീരുമാനമാവുമായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരുയം ഫിഫ്റ്റികള്‍ നേടിയെന്നത് ശരിയാണ്. പക്ഷെ ഈ കാരണത്താല്‍ നിങ്ങള്‍ക്കൊരു യുവതാരത്തെ പുറത്തിരുത്താന്‍ കഴിയുമോ? പുജാരയ്ക്കും രഹാനെയ്ക്കും ലഭിച്ചതു പോലെ ഇത്രയും അവസരങ്ങള്‍ കിട്ടിയാല്‍ ഏതൊരു ബാറ്ററും റണ്ണെടുക്കുമെന്നും നിഖില്‍ ചോപ്ര നിരീക്ഷിച്ചു.

കേപ്ടൗണിലെ പ്രകടനം
കേപ്ടൗണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ചേതേശ്വര്‍ പുജാര മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചപ്പോള്‍ അജിങ്ക്യ രഹാനെ വന്‍ ഫ്‌ളോപ്പായിരുന്നു. നായകന്‍ വിരാട് കോലി കഴിഞ്ഞാല്‍ (79) ഇന്ത്യന്‍ ഇന്നിങ്‌സില്‍ കൂടുതല്‍ റണ്ണെടുത്തത് പുജാരയായിരുന്നു. 43 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 77 ബോളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പുജാരയുടെ ഇന്നിങ്‌സ്.
പക്ഷെ രഹാനെയ്ക്കു ഒമ്പതു റണ്‍സ് മാത്രമേ നേടാനായുള്ളൂ. 12 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ ഒമ്പത് റണ്‍സെടുത്ത് എഡ്ജായ അദ്ദേഹത്തെ കാഗിസോ റബാഡയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ വെറയ്ന്‍ ക്യാച്ച് ചെയ്യുകയായിരുന്നു.

കോലിയെ പ്രശംസിച്ച് ചോപ്ര
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയ വിരാട് കോലിയെ നിഖില്‍ ചോപ്ര അഭിനന്ദിച്ചു. കോലി അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഓരോ ബൗളറുടെയും ചുരുങ്ങിയത് രണ്ടു സ്‌പെല്ലുകളെങ്കിലും കളിച്ചിട്ടുണ്ടാവും. കാഗിസോ റബാഡ ഒരു സ്‌പെല്ലില്‍ തനിക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ആ സ്‌പെല്‍ താന്‍ കളിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ഇത്തരം ഘട്ടങ്ങളില്‍ ബൗളറെ കീഴടക്കാന്‍ നോക്കാനുള്ള ഈഗോ കോലിക്കു ഇല്ലായിരുന്നുവെന്നും ചോപ്ര വിലയിരുത്തി.
തന്റെ ഈഗോ പുറത്തെടുത്ത് ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ കോലി ശ്രമിച്ചില്ല. പകരം അപകടകരമായ സ്‌പെല്ലുകളില്‍ ഡിഫന്‍സീവായി കളിച്ചതാണ് മികച്ചൊരു ഇന്നിങ്‌സ് പുറത്തെടുക്കാന്‍ കോലിയെ സഹായിച്ചതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 223ന് പുറത്ത്
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടോസിനു ശേഷം ബാറ്റിഹ് തിരഞ്ഞെടുത്ത ഇന്ത്യ 223 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ മല്‍സരം കളിച്ച വിരാട് കോലിയുടെ വണ്‍മാന്‍ ഷോയാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 201 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 79 റണ്‍സോടെ അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. ചേതേശ്വര്‍ പുജാരയും (43) റിഷഭ് പന്തുമാണ് (27) മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 20ന് മുകളില്‍ നേടാനായില്ല. നാലു വിക്കറ്റുകളെടുത്ത കാഗിസോ റബാഡയും മൂന്നു പേരെ പുറത്താക്കിയ മാര്‍ക്കോ യാന്‍സണും ചേര്‍ന്നാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications